‘ഉണ്ടോ സഖീ’ പാടിയ പാട്ടുകാരന്‍ ഖത്വറില്‍ പ്രവാസിയായിരുന്നു

Posted on: July 5, 2017 3:55 pm | Last updated: July 5, 2017 at 3:49 pm

ദോഹ: മാപ്പിളപ്പാട്ടു പ്രിയരുടെ മധുര ഗീതങ്ങളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന ഉണ്ടോ സഖീ ഒരു കുലമുന്തിരി വാങ്ങിടുവാനായ്… എന്ന തുടങ്ങുന്ന ഗാനം ആലപിച്ച് ശ്രദ്ധേയനായ ഹമീദ് ശര്‍വാനിയുടെ സംഗീത സാന്നിധ്യം ഏറെക്കാലം ആസ്വദിക്കാന്‍ സാധിച്ചതിന്റെ സ്മരണയില്‍ ഖത്വര്‍ പ്രവാസികള്‍. ഇന്നലെ അദ്ദേഹം നാട്ടില്‍ വെച്ച് മരിച്ചു.

സംഗീതാസ്വാദനത്തിന് ഇന്നത്തെപ്പോലെ ബഹുമുഖ അവസരങ്ങളും സംവിധാനങ്ങളുമില്ലാതിരുന്ന 1980കളില്‍ ഖത്വറില്‍ പ്രവാസിയായിരുന്ന ഹമീദ് ഇവിടെ സംഗീത സദസ്സുകളിലെ സജീവ സാന്നിധ്യമായിരുന്നത്. സൂഖ് ജാബിറിലെ ഒരു കച്ചവടസ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ജോലിത്തിരക്കിനിടയിലും ഗാനസദസ്സുകള്‍ക്ക് സമയം കണ്ടെത്തി. അക്കാലത്തെ പെരുന്നാള്‍ ഗാനമേളകളിലും മറ്റു പരിപാടികളിലും ശര്‍വാനിയുടെ പാട്ടിനായി ആസ്വാദകര്‍ കൂട്ടമായി എത്തിയിരുന്നു.
ദുബൈയിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം 1980കളില്‍ ഖത്വറിലെത്തിയത്. കുറഞ്ഞ കാലത്തെ ഖത്വര്‍ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും ദോഹയില്‍ സൗഹൃദത്തിന്റെ വലിയൊരു ലോകം തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്. സ്വന്തം സഹോദരന്‍ റഹീം മൗലവി എഴുതിയ പാട്ടുകള്‍ പാടിയാണ് ശര്‍വാനി മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയനായത്. ഇതില്‍ ഏറ്റവും ഹിറ്റായ ഗാനം ഉണ്ടോ സഖീ എന്നു തുടങ്ങുന്നതും. കാലം പോകേ ഈ ഗാനം പാടിയത് ശര്‍വാനിയാണെന്ന് പോലും പലരും മറന്നു പോയിരുന്നു.
ശര്‍വാനിയുമൊത്ത് നിരവധി വേദികളില്‍ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ടെന്നും അനുഗ്രഹീത ഗായകനായിരുന്നു അദ്ദേഹമെന്നും ദോഹയിലെ പ്രമുഖ എഴുത്തുകാരന്‍ എം ടി നിലമ്പൂര്‍ അനുസ്മരിച്ചു. അദ്ദേഹം പാടാനെത്തുന്ന നിരവധി വേദികളില്‍ അവതാരകന്റെ റോളില്‍ ഞാനുണ്ടായിരുന്നു. വ്യാഴ്യാചകളിലെ മെഹ്ഫിലുകളിലും സംഗീത സന്ധ്യകളിലും ശബ്ദമാധുര്യം കൊണ്ട് നിറഞ്ഞുനിന്ന ശര്‍വാനി തുടിക്കുന്ന ഓര്‍മകളാണെന്നും അദ്ദേഹം അനുസ്മരിച്ചു.

മാപ്പിളപ്പാട്ട് രംഗത്ത് അറിയപ്പെടുമ്പോഴും നടപ്പുരീതികളോട് വിയോജിപ്പ് പുലര്‍ത്തിയിരുന്ന കലാകാരനായിരുന്നു അദ്ദേഹം. മികച്ച അഞ്ച് പഴയകാല മാപ്പിളപ്പാട്ടുകള്‍ തിരഞ്ഞെടുത്താല്‍ അതില്‍ ഒന്നിലേറെ ഗാനങ്ങള്‍ ശര്‍വാനിയുടേതാകും. മാപ്പിളപ്പാട്ട് ട്രൂപ്പുകളുടെ സുവര്‍ണകാലത്ത് തിളങ്ങി നിന്ന ഒരു സംഘമായിരുന്നു അദ്ദേഹത്തിന്റേത്. ഇനിയുമേറെക്കാലം മാപ്പിളപ്പാട്ടു വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ചു അദ്ദേഹം.
ഏറെ നാളായി രോഗ ബാധിതനായി കുറ്റിയാടി ചെറിയ കുമ്പളത്തെ കൂടക്കടവത്തു വീട്ടില്‍ വിശ്രമത്തിലായിരുന്നു. മത പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ എം അബ്ദുല്ലക്കുട്ടി മൗലവിയുടെ മകനാണ്. 1975 ല്‍ മികച്ച ശബ്ദത്തിനുള്ള എം ഇ എസ് സ്വര്‍ണ മെഡല്‍ ലഭിച്ചു.