മാനന്തവാടി കെ എസ്ആര്‍ ടി സി ക്യാന്റീനിലെ അലമാരിയില്‍ ചുണ്ടെലി

Posted on: July 5, 2017 2:46 pm | Last updated: July 5, 2017 at 2:28 pm

മാനന്തവാടി: താഴയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ക്യാന്റീനിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ചുണ്ടെലി തിന്നുന്നനിലയില്‍ കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. തുടര്‍ന്ന് ആരോഗ്യവകുപ്പ് ക്യാന്റീന്‍ പരിശോധിക്കുകയും ശുചീകരണത്തിനായി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കൂടാതെ ലൈസന്‍സില്ലാതെയാണ് ഹോട്ടല്‍ നടത്തിവന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏഴ് ദിവസത്തിനകം ലൈസന്‍സെടുക്കണമെന്നുള്ള നിര്‍ദ്ദേശവും നല്‍കി.

ചൊവ്വാഴ്ച രാവിലെ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളും നാട്ടുകാരുമാണ് അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചുണ്ടെലി തിന്നുന്നത് കണ്ടത്. തുടര്‍ന്ന് ഇവരില്‍ ചിലര്‍ വീഡിയ പകര്‍ത്തുകയും മുനിസിപ്പാലിറ്റി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതരെത്തി ക്യാന്റീന്‍ പരിശോധിച്ചു. പരിശോധനയില്‍ പ്രസ്തുത സ്ഥാപനത്തിന് ലൈസന്‍സില്ലായെന്ന് കണ്ടെത്തി. ക്യാന്റീനിന്റെ ഉള്‍വശം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഭക്ഷണംപാകംചെയ്യുന്ന പരിസരത്ത് വൃത്തിഹീനമായി കാണപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പരിശരം ശുചീകരിക്കുന്നത് വരെ ക്യാന്റീന്‍ അടച്ചിടാനും ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി.