Connect with us

Editorial

ഹരിത ട്രൈബ്യൂണല്‍

Published

|

Last Updated

ഹരിത ട്രൈബ്യൂണല്‍ മേധാവിയുടെയും അംഗങ്ങളുടെയും നിയമന വ്യവസ്ഥകളില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി ട്രൈബ്യൂണലിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. ഹരിത ട്രൈബ്യൂണലടക്കമുള്ള 19 ട്രൈബ്യൂണലുകളുടെയും അധ്യക്ഷനും അംഗങ്ങളും ഉന്നത കോടതി ജഡ്ജിമാരായിരിക്കണമെന്ന വ്യവസ്ഥയാണ് കേന്ദ്രം ഭേദഗതി ചെയ്തത്. നിയമ പരിസ്ഥിതി രംഗത്ത് 25 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ജഡ്ജിമാരല്ലാത്തവരെയും ഇനി ട്രൈബ്യൂണല്‍ അധ്യക്ഷനായി നിയമിക്കാം. ഹരിത ട്രൈബ്യൂണലിലെ ജുഡീഷ്യല്‍ അംഗവും റിട്ട. ഹൈക്കോടതി ജഡ്ജിയാകണമെന്നില്ല. 10 വര്‍ഷം നിയമ ഉദ്യോഗസ്ഥന്‍ ആയിരുന്നാല്‍ മതി. അധ്യക്ഷന്റെ നിയമന കാലാവധി 5 വര്‍ഷത്തില്‍ നിന്ന് 3 വര്‍ഷമാക്കി ചുരുക്കിയിട്ടുമുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചു അദ്ദേഹത്തിന്റെ ശിപാര്‍ശ പ്രകാരം ട്രൈബ്യൂണല്‍ അധ്യക്ഷനെ നിയമിക്കുന്ന രീതിയും വേണ്ടെന്നു വെച്ചു. ട്രൈബ്യൂണലുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സമിതി നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അംഗം അടക്കമുള്ളവരെ മാറ്റാവുന്നതുമാണ്.
പരിസ്ഥിതി കാര്യങ്ങള്‍ക്കായി 2010-ല്‍ ഡല്‍ഹി ആസ്ഥാനമായി രൂപവത്കരിച്ച കോടതിയാണ് ദേശീയ ഹരിതട്രൈബ്യൂണല്‍. പദ്ധതികള്‍ക്കായി വന്‍തോതില്‍ സ്ഥലമേറ്റടുക്കുമ്പോള്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്ത അവസ്ഥ ഇല്ലാതാക്കുകയും പരിസ്ഥിതി സംബന്ധമായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയുമാണ് ലക്ഷ്യം. പരിസ്ഥി കാര്യങ്ങള്‍ക്കായി പ്രത്യേക കോടതിയുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ലോകം നേരിടുന്ന പ്രധാന വെല്ലുകളില്‍ ഒന്നാണ് പരിസ്ഥിതി പ്രശ്‌നം. പ്രത്യേകിച്ചും വന്‍കിട വ്യവസായങ്ങളും നഗരവത്കരണവുമെല്ലാം നമ്മുടെ മണ്ണ്, ശുദ്ധജലം, വായു, പച്ചപ്പുകള്‍ തുടങ്ങി പ്രകൃതി സമ്പത്തുക്കളും അമൂല്യമായ ജൈവസമ്പത്തുക്കളും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലോകം വളരുന്നതിനനുസൃതമായി എല്ലാ രംഗത്തും വികസനം അനിവാര്യമാണെങ്കിലും അത് പരിസ്ഥിതി സൗഹൃദമല്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാന ആവശ്യങ്ങള്‍ക്കുപരി ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കൊപ്പം സമൂഹവും പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ശുദ്ധ ജലം പോലും അന്യം നില്‍ക്കുന്ന ഒരു സ്ഥിതി വിശേഷമാകും. ഇതടിസ്ഥാനത്തില്‍ ലോകരാഷ്ട്രങ്ങള്‍ വളരെ ഗൗരവപൂര്‍ണമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിന്റെ വിപത്തുകള്‍ കുറക്കാനുള്ള വഴികള്‍ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഹരിത ട്രൈബ്യൂണല്‍ പോലെയുള്ള സംവിധാനങ്ങള്‍ നിലവില്‍ വന്നത് ഈ സാഹചര്യത്തിലാണ്.

ജൈവ, പരിസ്ഥിതി സംരക്ഷണത്തില്‍ മികച്ച പങ്കായിരുന്നു ഹരിത ട്രൈബ്യൂണല്‍ നിര്‍വഹിച്ചിരുന്നത്. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു വന്‍കിട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ കര്‍ക്കശ നിലപാടായിയുന്നു ട്രൈബ്യൂണല്‍ നിര്‍വഹിച്ചിരുന്നത്. വിഴിഞ്ഞം പദ്ധതി, വാഹനങ്ങളില്‍ നിന്ന് പുറപ്പെടുന്ന പുക സൃഷ്ടിക്കുന്ന താപനം, മൂന്നാര്‍ കൈയേറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലുണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ യമുനാ തീരത്ത് സംഘടിപ്പിച്ച സാംസ്‌കാരിക മേളയുണ്ടാക്കിയ പരിസ്ഥിതി നാശത്തിനെതിരെ ഹരിത ട്രൈബ്യൂണല്‍ നടത്തിയ ഇടപെടല്‍ ഏറെ ശ്രദ്ധേയമായിരുന്നു. പരിസ്ഥിതി സ്‌നേഹിയെന്നും ഗംഗയുടെയും യമുനയുടെയും സംരക്ഷണത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്നും അവകാശപ്പെടുന്ന രവിശങ്കര്‍ 5060 ഹെക്ടര്‍ പ്രദേശത്ത് സജ്ജീകരിച്ച വേദിക്കായി വന്‍പാരിസ്ഥിതിക നാശം സൃഷ്ടിച്ചതായി കണ്ടെത്തുകയും ഇടക്കാല നഷ്ടപരിഹാരമായി അഞ്ച് കോടി നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ട്രൈബ്യൂണലിനെതിരെ രംഗത്തു വന്ന രവിശങ്കര്‍ ജയിലില്‍ പോകേണ്ടി വന്നാലും പിഴയടക്കില്ലെന്ന് പ്രസ്താവിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്‌തെങ്കിലും ഒടുവില്‍ നിയമത്തിന് മുമ്പില്‍ അയാള്‍ക്ക് കീഴടങ്ങേണ്ടിവരികയും ദില്ലി ഡവലപ്പ്‌മെന്റ് അതോറിറ്റിക് ഫൗണ്ടേഷന് പിഴയൊടുക്കുകയും ചെയ്തു. ജ്യൂഡീഷ്യല്‍ സ്വഭാവം നഷ്ടപ്പെടുത്തി ഹരിത ട്രൈബ്യൂണലിനെ ഒരു സര്‍ക്കാര്‍ ഏജന്‍സിയായി തരം താഴ്ത്തുന്ന നീക്കത്തെ ഈ സംഭവവുമായി ബന്ധപ്പെടുത്തി കാണുന്നവരുണ്ട്.
ട്രൈബ്യൂണലിനെ ഉദ്യോഗസ്ഥ നിയന്ത്രണത്തിലേക്ക് മാറ്റുന്നതോടെ അതിന്റെ രൂപവത്കരണ ലക്ഷ്യം നഷ്ടമാകുകയും പദ്ധതികള്‍ക്കായി പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും നശിപ്പിക്കുന്ന പ്രവണതക്ക് ആക്കം കൂടുകയും ചെയ്യുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക.

---- facebook comment plugin here -----

Latest