കള്ളനോട്ട് കേസ്: ബി ജെ പി നേതാക്കള്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

Posted on: July 4, 2017 8:51 am | Last updated: July 4, 2017 at 1:33 pm
SHARE

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം കള്ളനോട്ട് കേസില്‍ പിടിയിലായ ബി ജെ പി നേതാക്കളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം സംബന്ധിച്ച് ഡി ജി പി യുടെ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ഇതുവരെ കേസ് അന്വേഷിച്ച എസ് അമ്മിണിക്കുട്ടന്‍ പ്രതികളുമായി കണ്ണൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ അച്ചടിച്ച 50 രൂപാ നോട്ട് ഇരിങ്ങാലക്കുടയിലെ ലോട്ടറി കച്ചവടക്കാരനില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കേസില്‍ ബി ജെ പി നേതാക്കളായ ഏറാശേരി രാകേഷ് സഹോദരന്‍ രാജീവ്, രാജീവനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഒളരി സ്വദേശി അലക്‌സ് എന്നിവരെയാണ് പിടികൂടിയിരുന്നത്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. പാലക്കാട് ക്രൈംബ്രാഞ്ച് ഒര്‍ഗനൈസ്ഡ് ക്രൈം സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ക്രൈംബ്രാഞ്ച് എസ് പി. കെ വിജയന്റെ നേതൃത്വത്തില്‍ മലപ്പുറം ഡിവൈ എസ് പി പി ടി ബാലനാണ് അന്വേഷണ ചുമതല. കേസ് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ട് വന്നതോടെ ക്രൈം ബ്രാഞ്ച് ടീം പോലീസ് അന്വേഷണ സംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണത്തില്‍ ഒപ്പം ചേരുകയും ചെയ്തിരുന്നു.