ഉപാധികള്‍ പാലിക്കാന്‍ ഖത്വറിന് 48 മണിക്കൂര്‍ സമയംകൂടി

Posted on: July 3, 2017 10:51 pm | Last updated: July 3, 2017 at 10:51 pm
SHARE

ദോഹ: ഉപാധികള്‍ പാലിക്കാന്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഉപരോധ രാജ്യങ്ങള്‍ ഖത്വറിന് 48 മണിക്കൂര്‍ കൂടി സമയം അനുവദിച്ചു. ജൂണ്‍ 26നു മുന്നോട്ടു വെച്ച 13 നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നേരത്തെ അനുവദിച്ച 10 ദിവസത്തെ കാലയളവ് ഇന്നലെ പുലര്‍ച്ചെ അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന കുവൈത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് രണ്ട് ദിവസം കൂടി അനുവദിക്കാന്‍ സഊദി സഖ്യ രാജ്യങ്ങള്‍ തീരുമാനിച്ചതെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നാളെ സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 48 മണിക്കൂറിന് ശേഷവും ഉപാധികള്‍ നടപ്പാക്കാന്‍ ഖത്വര്‍ സന്നദ്ധമായില്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് ഈ യോഗത്തില്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന. 48 മണിക്കൂര്‍ നാളെ പുലര്‍ച്ചെയോടെയാണ് അവസാനിക്കുന്നത്. മുഴുവന്‍ ഡിമാന്റുകളോടുമുള്ള ഖത്വറിന്റെ പ്രതികരണം മനസ്സിലാക്കിയ ശേഷം തങ്ങളുടെ മറുപടി അറിയിക്കുമെന്ന് ഇന്നലെ സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍ ഈജിപ്ത് എന്നീ രാജ്യങ്ങള്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അല്‍ ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക, തുര്‍ക്കി സൈനിക താവളം അടച്ചുപൂട്ടുക, മേഖലയിലെ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകളുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയവ സഊദി സഖ്യത്തിന്റെ ഉപാധികളില്‍പ്പെടുന്നു.
അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ ഏതു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധമാണെന്ന് അറിയിച്ച ഖത്വര്‍ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഉപാധികള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഒരു പരമാധികാര രാജ്യത്തിന് അന്ത്യശാസന നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച ഖത്വര്‍ വിദേശകാര്യ മന്ത്രി ഉപരോധരാജ്യങ്ങളുടെ ഏതുനീക്കവും നേരിടാന്‍ സന്നദ്ധമാണെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഉപാധികള്‍ ചര്‍ച്ച ചെയ്യാനുള്ളതല്ലെന്നും നടപ്പാക്കാനുള്ളതാണെന്നുമാണ് സഊദി സഖ്യരാജ്യങ്ങളുടെ നിലപാട്.
ഉപാധികള്‍ നടപ്പിലാക്കാനുള്ള സമയപരിധി അവസാനിച്ചാല്‍ ഉപരോധ രാജ്യങ്ങള്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. ജി സി സിയില്‍ നിന്ന് ഖത്വറിനെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുന്നതയാണ് സൂചന. കൂടുതല്‍ നടപടികളുടെ ഭാഗമായി തങ്ങളുടെ വ്യാപാര പങ്കാളികളോട് ഖത്വറുമായി ബന്ധം പുലര്‍ത്തുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് യു എ ഇ വിദേശകാര്യ മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

സൈനിക നടപടി ഉണ്ടായേക്കുമോ എന്ന ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ഒരു നടപടിയെയും തങ്ങള്‍ ഭയക്കുന്നില്ലെന്ന് ഖത്വര്‍ വിദേശ കാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി കഴിഞ്ഞ ദിവസം റോമില്‍ പറഞ്ഞു. ഏത് പ്രത്യാഘാതങ്ങളെയും നേരിടാന്‍ ഖത്വര്‍ തയ്യാറാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കപ്പെടുകയോ അതിര്‍ത്തി കടക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ വാണിജ്യ ഉപരോധമുണ്ടായാല്‍ അത് പ്രവാസി സമൂഹത്തെ ഉള്‍പ്പെടെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മേഖലയിലെ തീവ്രവാദ സംഘടനകളെ സഹായിക്കുന്നു എന്നാരോപിച്ച് സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്വറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here