പള്‍സര്‍ സുനി മൂന്ന് തവണ നാദിര്‍ഷായെ വിളിച്ചെന്ന് ജിന്‍സന്റെ മൊഴി

Posted on: July 3, 2017 4:28 pm | Last updated: July 3, 2017 at 8:42 pm
SHARE

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍ നിന്ന് സംവിധായകന്‍ നാദിര്‍ഷായെ വിളിച്ചെന്ന് സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി. മൂന്നുദിവസം തുടര്‍ച്ചയായി പള്‍സര്‍ സുനി നാദിര്‍ഷായെയും നടന്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെയും വിളിച്ചെന്നാണ് ജിന്‍സന്റെ മൊഴി. നടി കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ സുനി എന്തോ കൊടുത്തുവെന്ന് ഫോണില്‍ പറയുന്നത് കേട്ടുവെന്നും ജിന്‍സന്റെ മൊഴിയിലുണ്ട്. ദിലീപിനും നാദിര്‍ഷായ്ക്കും തന്നെ തളളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയിലുണ്ട്.

നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ എന്നിവരുമായി മറ്റ് പല ഇടപാടുകളുമുണ്ടെന്ന് പള്‍സര്‍സുനി പറഞ്ഞിട്ടുണ്ട്. കേസില്‍ നാദിര്‍ഷാ, അപ്പുണ്ണി എന്നിവര്‍ക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിന്‍സന്റെ മൊഴിയിലുണ്ട്. നാദിര്‍ഷായുമായി പള്‍സര്‍ സുനി പ്രതിഫലത്തിന്റെ കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ തര്‍ക്കമുളളതായി തോന്നിയില്ലെന്നും മൊഴിയിലുണ്ട്. കേസില്‍ മുഖ്യപ്രതിയായ സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുളളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നടിക്കെതിരായ ആക്രമണം നടക്കുന്നതിന് മുന്‍പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാലു ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ കണ്ടെത്തല്‍.
സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്പറുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പറുകളിലേക്ക് ഫോണ്‍ വിളി വന്നിട്ടുണ്ടെന്നാണ് വിവരം. പോലീസ് നല്‍കിയ നാല് നമ്പറുകള്‍ ആരുടേതാണെന്ന് അറിയില്ലെന്നാണ് അപ്പുണ്ണി മൊഴിനല്‍കിയിരിക്കുന്നത്. അതിനാല്‍ ഈ നമ്പറുകള്‍ ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അ്‌ന്വേഷണസംഘം.