Connect with us

Editorial

മൗനം വെടിഞ്ഞത് ആര്‍ക്കു വേണ്ടി?

Published

|

Last Updated

ആര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞ് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ചത്? അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലെ ചടങ്ങില്‍ സംസാരിക്കവേയാണ് പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചത്. അഹിംസയുടെ നാടാണ് ഇന്ത്യയെന്നത് എന്തുകൊണ്ടാണ് ആളുകള്‍ മറക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ അഖ്‌ലാഖ് കൊല്ലപ്പെട്ട സംഭവം മുതല്‍ പെരുന്നാളിന് രണ്ട് ദിവസം മുമ്പ് തീവണ്ടില്‍ വെച്ച് ജുനൈദെന്ന പതിനാറുകാരനെ അടിച്ചു കൊന്നത് വരെയുള്ള സംഭവങ്ങളിലെല്ലാം മൗനിയായി നിലകൊണ്ട മോദി ഇരകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ശബ്ദിച്ചതെന്ന് കരുതാന്‍ പ്രയാസമുണ്ട്. ആയിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഹമ്മദാബാദ് പ്രസ്താവനക്ക് തൊട്ടു പിറകെയാണ് ഝാര്‍ഖണ്ഡിലെ രാംഗഢില്‍ അസ്ഗറലി എന്നയാളെ പശുസംരക്ഷകര്‍ മൃഗീയമായി കൊന്നത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചത്?

പശുവിന്റെ പേരില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍ക്കെതിരെ ആഗോള തലത്തില്‍ ഉയരുന്ന പ്രതിഷേധവും കേന്ദ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് അതേല്‍പ്പിക്കുന്ന ക്ഷതവുമായിരിക്കണം പ്രധാനമന്ത്രിയെ മൗനം വെടിയാന്‍ നിര്‍ബന്ധിതമാക്കിയത്. ബി ബി സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ അഭിവനവ ഗോസംരക്ഷകരുടെ അഴിഞ്ഞാട്ടം തുറന്നു കാട്ടവേ ഇക്കാര്യത്തില്‍ താങ്കളെന്തു കൊണ്ട് പ്രതികരിക്കുന്നില്ലെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ചോദ്യത്തിന് മുമ്പില്‍ മോദിക്ക് പിടിച്ചു നില്‍ക്കണമല്ലോ. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, കറന്‍സിരഹിത ഇന്ത്യ തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ രാജ്യം വികസനക്കുതിപ്പിലാണെന്ന് വരുത്തിതീര്‍ക്കാന്‍ മോദി ശ്രമിക്കുമ്പോള്‍ അന്താരാഷ്ട്ര ലോകത്തിന്റെ മുഖ്യചര്‍ച്ച ഹിന്ദുത്വ ഫാസിസത്തില്‍ നിന്ന് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്‌ലിം സമൂഹം നേരിടുന്ന വെല്ലുവിളിയാണെന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടാകണം. അതിനൊരു ഉപായം മാത്രമായേ അഹമ്മദാബാദ് പ്രസംഗത്തെ കാണേണ്ടതുള്ളൂ.
തന്റെ പ്രസ്താവനയില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലുമുണ്ടെങ്കില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ ഗുണ്ടായിസം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പാര്‍ലിമെന്റ് പ്രത്യേക നിയമം ആവിഷ്‌കരിക്കുകയുണ്ടായി. അതുപോലൊരു നീക്കം “ഗോസംരക്ഷണ” ഗുണ്ടായിസത്തിനെതിരെയും അനിവാര്യമാണ്. പശുവിനെ ചൊല്ലിയുള്ള ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം പൂര്‍വോപരി വര്‍ധിച്ചിരിക്കയാണെന്നാണ് “ഇന്ത്യാസ്‌പെന്‍ഡി”ന്റെ അനാലിസിസ് റിപ്പോര്‍ട്ട് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 75 ശതമാനം അക്രമങ്ങളാണ് ഈ വര്‍ഷം ജുണ്‍ വരെയുള്ള ആറ് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏഴര വര്‍ഷത്തിനിടെ പശുവിന്റെ പേരില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 29പേരാണ്. 124പേര്‍ക്ക് മാരകമായ പരുക്കേല്‍ക്കുകയും ചെയ്തു. 2014 മുതല്‍ അഥവാ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള വര്‍ഷങ്ങളിലാണ് ഗോസംരക്ഷകരുടെ തേര്‍വാഴ്ചയില്‍ 97 ശതമാനവും. ബി ജെ പി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇവയില്‍ ഭൂരിഭാഗമെന്നും സര്‍വേ വെളിപ്പെടുത്തുന്നു. 2010 മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള സംഭവങ്ങളാണ് ഇന്ത്യാസ്‌പെന്‍ഡിന്റെ സര്‍വേക്ക് വിധേയമായത്.

ഗോമാംസത്തെ ചൊല്ലി വ്യാഴാഴ്ച രാംഗഢില്‍ നടന്ന കൊലയുടെ പശ്ചാത്തലത്തില്‍ പശുസംരക്ഷണ ഗുണ്ടായിസത്തിനെതിരെ ആയുധമെടുക്കാന്‍ രാംഗഢിലെ മുസ്‌ലിം സ്ത്രീകള്‍ ഒരുങ്ങുന്നതായി വാര്‍ത്ത കണ്ടു. കൊല്ലപ്പെട്ട അസ്ഗറലിയുടെ വിധവ മര്‍യം ഖതൂമാണ് മാധ്യമങ്ങളോട് ഇക്കാര്യംപറഞ്ഞത്. ചിന്താശൂന്യവും വിവേകരഹിതവുമായ പ്രഖ്യാപനമാണിത്. രാജ്യവ്യാപകമായി നടത്തുന്ന അഴിഞ്ഞാട്ടത്തിലൂടെ ഗോസംരക്ഷകര്‍ ആഗ്രഹിക്കുന്നത് മുസ്‌ലിംകളുടെ പ്രകോപനപരമായ പ്രതിരോധമാണ്. എങ്കില്‍ അപ്പേരില്‍ അവര്‍ക്ക് രാജ്യമൊട്ടാകെ കലാപം സൃഷ്ടിക്കാനും മുസ്‌ലികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുമാകും. പശുവിനെ ചൊല്ലി വധിക്കപ്പെട്ട വരില്‍ 90 ശതമാനത്തോളം മുസ്‌ലിംകളാണെന്ന സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഗോസംരക്ഷണത്തിനപ്പുറം മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യയില്‍ ഊന്നിക്കൊണ്ടുള്ള ഒരു അജന്‍ഡയാണ് അവരിപ്പോള്‍ നടപ്പാക്കി വരുന്നതെന്നാണ്. മുസ്‌ലിംകളെ ഉന്നം വെച്ചുള്ള തികച്ചും ആസൂത്രിതമായ നീക്കം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി തുടക്കമിട്ട വംശഹത്യയുടെ തുടര്‍ച്ച. ഈ സാഹചര്യത്തില്‍ അക്രമികളെ നേരിടാന്‍ ആയുധമെടുത്ത് രംഗത്തിറങ്ങുന്നത് സമുദായത്തിന് കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയേ ഉള്ളു. പശുസംരക്ഷണ ഗുണ്ടകള്‍ക്ക് ഭരണകൂടങ്ങളുടെ എല്ലാ ആശീര്‍വാദവും പിന്തുണയുമുണ്ടെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. മുസ്‌ലിം സമൂഹം ഇക്കാര്യത്തില്‍ വിവേകത്തോടെ പ്രതികരിക്കണം. സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയും നിയമ നടപടികളിലൂടെയുമായിരിക്കണം അവരുടെ ചെറുത്തു നില്‍പ്പ്.

Latest