ആലത്തൂരിന്റെ എംപി ക്ക് രസതന്ത്രത്തില്‍ ഡോക്ടറേറ്റ്

Posted on: July 2, 2017 7:13 pm | Last updated: July 2, 2017 at 7:17 pm
SHARE

വടക്കഞ്ചേരി: പാര്‍ലിമെന്റില്‍ ആലത്തൂരിന്റെ ശബ്ദമായ പി.കെ.ബിജു എംപിയുടെ പേരിനു മുമ്പില്‍ ഇനി ഒരു ‘പൊന്‍തൂവല്‍ കൂടിയുണ്ടാവും. ഡോ. പി.കെ.ബിജു എം.പി.എന്നാണ് ഇനി അറിയപ്പെടുക. മഹാത്മ ഗാന്ധി സ്‌ക്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നടന്ന ഓപ്പണ്‍ ഡിഫന്‍സ് വൈവയില്‍ വെച്ച് രസതന്ത്രത്തിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ജനപ്രതിനിധി എന്ന നിലയില്‍ തിരക്കുപിടിച്ച സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബിജു ഡോ.എം.ആര്‍.ഗോപിനാഥന്‍ നായരുടെ കീഴില്‍ മഹാത്മ ഗാന്ധി സര്‍വകലാശാല സ്‌ക്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ രണ്ടായിരത്തിലാണ് ഗവേഷണം ആരംഭിച്ചത്.

സ്വാഭാവിക റബ്ബറിന്റേയും, പോളി വിനൈല്‍ ക്ലോറൈഡിന്റേയും സംയുക്തങ്ങള്‍ രൂപീകൃതമാകുന്നത് സംബന്ധിച്ചായിരുന്നു ഗവേഷണം നടത്തിയത്. വിദ്യാര്‍ത്ഥി പ്രസ്ത്ഥാനത്തിലൂടെ വളര്‍ന്നു വന്ന ബിജു 2003 മുതല്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, ദേശീയ ജോയിന്റ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുകയും, രണ്ട് തവണ ആലത്തൂരില്‍ നിന്നും ലോകസഭാ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍ കാരണം ഗവേഷണത്തില്‍ അധികം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതിനാല്‍ 17 വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാദിച്ചത്. ഇതിനിടയില്‍ 2015ല്‍ പ്രബന്ധം സമര്‍പ്പിക്കുകയും, അന്താരാഷ്ട്ര ജേര്‍ണലുകളില്‍ നാല് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ സൗത്ത് പറയന്‍ പറമ്പില്‍ കുട്ടപ്പന്റേയും, ഭവാനിയുടേയും മകനായി ജനിച്ച പി.കെ.ബിജു , മാഞ്ഞൂര്‍ ശ്രീനാരായണവിലാസം സ്‌ക്കൂള്‍, പി.കെ.വി.എം.എന്‍.എസ്.എസ്.സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മാന്നാനം കെ.ഇ. കോളേജില്‍ നിന്നും പ്രീഡിഗ്രിയും രസതന്ത്രത്തില്‍ ബിരുദവും, മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ് നേടി ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇമ്മ്യൂണോളജിയില്‍ സൈന്റിസ്റ്റായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സ്വദേശിനി വിജി വിജയനാണ് ഭാര്യ. മകന്‍. ബോബി.