Connect with us

Articles

ആഘോഷിക്കാന്‍ വരട്ടെ

Published

|

Last Updated

കമ്പോള വില, നിയന്ത്രിത വില എന്നിവ സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാനപ്പെട്ട രണ്ട് പ്രയോഗങ്ങളാണ്. ഇടപെടലുകളില്ലാതെ നിര്‍ണയിക്കപ്പടുന്നതാണ് കമ്പോള വില. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വടം വലിയില്‍ അത് സ്വാഭാവികമായി നിര്‍ണയിക്കപ്പെടുന്നുവെന്ന് സിദ്ധാന്തം. എന്നാല്‍ ലോകത്ത് പ്രയോഗത്തിലുള്ളത് നിയന്ത്രിത വിലയാണ്. അത് ഒരു സോഷ്യലിസ്റ്റ് സംജ്ഞയായി വിവക്ഷിക്കപ്പെടുന്നു. എന്നുവെച്ചാല്‍ സര്‍ക്കാര്‍ ഇടപെടല്‍ വഴി നിശ്ചയിക്കപ്പെടുന്ന വില. അതിന് ലഭ്യതയുമായോ ആവശ്യകതയുമായോ വലിയ ബന്ധമില്ല. പൊതുനന്മയെ ആസ്പദമാക്കി ഭരണകൂടം നിര്‍ണയിക്കുകയാണ് ചെയ്യുന്നത്. കമ്പോള ശക്തികളെ ഭരണകൂടം വരുതിയിലാക്കുന്നുവെന്ന് ചുരുക്കം. ഇത് സാധ്യമാകാന്‍ സര്‍ക്കാറിന്റെ കൈയില്‍ നിരവധി ഉപകരണങ്ങള്‍ ഉണ്ട്. ഒരു ഉത്പന്നത്തിന്റെ വില കുറയണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെങ്കില്‍ ആ ഉത്പന്നത്തിന് സബ്‌സിഡി നല്‍കാം. അല്ല, ഒരു വസ്തുവിന്റെ വില കൂടണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് മേല്‍ നികുതി ചുമത്താം. എത്ര കൂടുതല്‍ നികുതി ചുമത്തുന്നുവോ അത്രയും അതിന് വില കൂടും. ഇതാണ് പരോക്ഷ നികുതിയുടെ തത്ത്വം. നികുതി അടക്കുന്നവരല്ല അതിന്റെ ഭാരം അനുഭവിക്കുന്നത്. മറിച്ച് ആ വസ്തുവോ സേവനമോ വാങ്ങുന്നവരാണ്. പരോക്ഷ നികുതി നിരക്ക് കൂടുമ്പോള്‍ വില കൂടും. കുറയുമ്പോള്‍ വില കുറയുകയും ചെയ്യും. പരോക്ഷ നികുതി വെറും വരുമാന മാര്‍ഗം മാത്രമല്ല, മറിച്ച് വിപണിയില്‍ സര്‍ക്കാറിന് ഇടപെടാനുള്ള ഏറ്റവും ശക്തമായ ആയുധമാണെന്നര്‍ഥം.

സോഷ്യലിസ്റ്റ് പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന രാജ്യങ്ങള്‍ വില നിര്‍ണയം വിപണിക്ക് വിട്ടു കൊടുക്കില്ലെന്ന് ശഠിക്കുന്നു. അഡ്മിനിസ്‌ട്രേഡ് പ്രൈസ് ആണ് അത്തരമൊരു സമ്പദ്‌വ്യവസ്ഥയില്‍ നിലനില്‍ക്കുക. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലാകട്ടേ വിലനിര്‍ണയത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി വിട്ട് നില്‍ക്കുന്നു. ഇടപെടാതിരിക്കല്‍ ആണ് അവരുടെ നയം. ഇന്ന് ലോകത്ത് സമ്പൂര്‍ണ സോഷ്യലിസ്റ്റ് രാജ്യമോ ശുദ്ധ മുതലാളിത്ത രാജ്യമോ ഇല്ല. മിശ്ര സമ്പദ്‌വ്യവസ്ഥകള്‍ മാത്രമേയുള്ളൂ. വില നിര്‍ണയം ഡിമാന്‍ഡിനും സപ്ലേക്കുമനുസരിച്ച് തന്നെ നിര്‍ണയിക്കപ്പെടുമെന്ന ജെ ബി സേ സിദ്ധാന്തത്തിനും പ്രസക്തിയില്ല. ഉള്ളത് നിയന്ത്രിത വില മാത്രമാണ്. എന്നാല്‍ അത് സോഷ്യലിസ്റ്റുകള്‍ പറയുന്ന അര്‍ഥത്തില്‍ മാത്രമല്ല. ഉത്പാദകര്‍ അഥവാ കോര്‍പറേറ്റ് ഹൗസുകള്‍ നിശ്ചയിക്കുന്ന വിലയും നിയന്ത്രിത വിലയാണല്ലോ. അവര്‍ക്ക് കമ്പോളത്തിലെ ലഭ്യതയോ ആവശ്യകതയോ ഒന്നും ഒരു പ്രശ്‌നമല്ല. അവരങ്ങ് നിശ്ചയിക്കുന്നു. ആ വില പ്രാബല്യത്തിലാകുന്നു.
ഇത്രയും വിലവിചാരം നടത്തിയത് ഇന്ത്യയില്‍ നിലവില്‍ വന്ന ഏകീകൃത നികുതി സമ്പ്രദായത്തെ വല്ലാതെ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ്. ഒരൊറ്റ കമ്പോളം, ഒറ്റ നികുതി എന്നത് ആരുടെ ആവശ്യമാണ്? സുതാര്യത, ലാളിത്യം, സുസജ്ജം, ചരിത്രപരം തുടങ്ങിയ മനോഹര പദങ്ങള്‍ സൃഷ്ടിക്കുന്ന കോലാഹലങ്ങളില്‍ നിന്ന് ഒന്നകന്ന് നിന്ന് ആലോചിച്ച് നോക്കിയാല്‍ ഉത്തരം പിടികിട്ടും. ആഗോള മൂലധനത്തിന്റെ അതിര്‍ത്തി കീറി മുറിച്ചുള്ള സഞ്ചാരമാണല്ലോ ആഗോളവത്കരണം. എല്ലാ തടസ്സങ്ങളും നീങ്ങി ഉത്പന്നങ്ങളും സേവനങ്ങളും സാങ്കേതിക വിദ്യയും സഞ്ചരിക്കുന്ന അവസ്ഥ. ഏതോ കോണില്‍ നിന്ന് നിശ്ചയിക്കപ്പെടുന്ന നിയന്ത്രിത വില ലോകത്തിന്റെ എല്ലാ കോണിലും സാധ്യമാകുന്ന മനോഹര സാഹചര്യം. ഈ സ്വപ്‌നത്തിന് തടസ്സമാകുന്ന ഇറക്കുമതി, കയറ്റുമതി തീരുവകളും മറ്റ് പേയ്‌മെന്റുകളും നീക്കാന്‍ വേണ്ടിയാണ് ആഗോളവത്കരണത്തിന്റെ കൂടപ്പിറപ്പായ അന്താരാഷ്ട്ര കരാറുകള്‍ നിലനില്‍ക്കുന്നത്. എല്ലാ പരമാധികാര രാജ്യങ്ങളുടെയും മേല്‍ സൂപ്പര്‍ പരമാധികാരിയായി ഇത്തരം കരാറുകള്‍ ഉദിച്ചു നില്‍ക്കുന്നു. ആ സൂര്യന് മേല്‍ പറക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഈ ഉദയത്തില്‍ രാജ്യാതിര്‍ത്തികള്‍ തുറന്ന് കൊടുത്തേ പറ്റൂ. അങ്ങനെ അതിര്‍ത്തി കടന്ന് ഉത്പന്നങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യയിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയത്.

അങ്ങനെ അതിര്‍ത്തി കടന്നെത്തിയ ഉത്പന്നങ്ങള്‍ക്ക് മുന്നിലെ വലിയ കടമ്പയായിരുന്നു സംസ്ഥാന, പ്രാദേശിക നികുതികള്‍. ഈ നികുതികള്‍ പൂര്‍ണമായി നിഷ്‌കാസനം ചെയ്യാന്‍ അന്താരാഷ്ട്ര കരാറുകള്‍ കൊണ്ട് സാധിക്കില്ല. രാജ്യാതിര്‍ത്തി കടന്നെത്തിയ ഉത്പന്നങ്ങള്‍ രാജ്യത്തിനകത്തെ പല പ്രവേശന കവാടങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടു. ചില ഉത്പന്നങ്ങള്‍ കടന്ന് വന്നാല്‍ തദ്ദേശ ഉത്പാദകര്‍ കുത്തുപാളയെടുക്കേണ്ടി വരുമെന്ന് കണ്ടു. അവക്ക് മേല്‍ നികുതി ചുമത്തി പിടിച്ചിട്ടു. മറ്റു ചിലവ പ്രാദേശിക സാംസ്‌കാരിക സവിശേഷതകളെ വിലവെക്കുന്നില്ലെന്ന് കണ്ടു. അവക്കു മുമ്പിലും തദ്ദേശീയ നികുതിയുടെ ഹമ്പ് പണിതു. ഇരട്ടഗണനയെന്നും നികുതി പെരുപ്പമെന്നും സങ്കീര്‍ണതയെന്നും ഈ ജി എസ് ടി ആഘോഷക്കാലത്ത് ഭര്‍ത്സിക്കപ്പെടുന്ന ആ പ്രാദേശിക നികുതികള്‍ പ്രവിശ്യാ (സംസ്ഥാന), തദ്ദേശ ഭരണകൂടങ്ങളെ സ്വയംപര്യാപ്തരും ശക്തരുമാക്കിയിരുന്നുവെന്നോര്‍ക്കണം. ഫെഡറലിസത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും ഉപാധികളായിരുന്നു ഈ നികുതികള്‍. രാഷ്ട്ര വൈവിധ്യത്തിന്റെ പ്രതീകവുമായിരുന്നു അവ. വന്‍കിട, കോര്‍പറേറ്റ്, ബഹുരാഷ്ട്ര ഭീമന്‍മാര്‍ക്ക് ഈ ഭരണകൂടങ്ങളും അവയുണ്ടാക്കുന്ന നികുതി ഘടനയും ഒരു അലോസരം തന്നെയാണ്. പല അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നത് അവര്‍ക്ക് സഹിക്കാനാകില്ലല്ലോ.

ജി എസ് ടി വേദനിക്കുന്ന കോടീശ്വരന്‍മാരുടെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നു. അവര്‍ക്ക് ഇന്ത്യയെന്ന വിശാല വിപണി ഒരൊറ്റ യൂനിറ്റായി കൈവന്നിരിക്കുന്നു. ഒരൊറ്റ അധികാരിയെ സ്വാധീനിച്ചാല്‍ മതി. ഒരു കടമ്പ കടന്നാല്‍ രക്ഷപ്പെട്ടു. തടസ്സമേതുമില്ലാത്ത ഒഴുക്ക് സാധ്യമാണ്. ഏത് മുക്കിലും മൂലയിലും കടന്ന് ചെല്ലാം. വരുമാനമില്ലാതെ മുരടിച്ച് നില്‍ക്കുന്ന സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളെ എന്തിന് പേടിക്കണം. പണ്ടേ പല്ലു കൊഴിഞ്ഞ ഈ സിംഹങ്ങള്‍ ഇപ്പോള്‍ രോഗഗ്രസ്തരുമാണ്. എല്ലാം കേന്ദ്രീകൃതമാകുന്നു. എന്നുവെച്ച് കേന്ദ്ര സര്‍ക്കാറിന് വല്ല ചരടുമുണ്ടോ? ഇല്ല. നികുതി നിര്‍ണയത്തിന്റെ ചരട് മുഴുവന്‍ ജി എസ് ടി കൗണ്‍സിലിലാണ്. കേന്ദ്ര ധനമന്ത്രി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായ ജി എസ് ടി കൗണ്‍സിലാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ ശിപാര്‍ശകളുടെയോ അവയുടെ നടപ്പാക്കലിലൂടെയോ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വിധികല്‍പ്പിക്കാനുള്ള അവകാശവും ജി എസ് ടി കൗണ്‍സിലിനുണ്ട്. എല്ലാ കാര്യങ്ങളും ഇനി കൗണ്‍സിലിന് ബോധ്യപ്പെട്ടാല്‍ മതി. അപ്പോള്‍ വിപണി വിലയില്‍ ഇടപെടാനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും സാധ്യതകള്‍ പരിമിതപ്പെടുന്നു. പ്രദേശിക ഭരണകൂടങ്ങളുടെ സ്വയംഭരണാധികാരം അസ്തമിക്കുന്നു. അവയുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാകുന്നു. അങ്ങനെയെങ്കില്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്ക് ഈ ഏര്‍പ്പാട് എങ്ങനെയാണ് ചരിത്രപരമാകുക?
ഇക്കാര്യം മനസ്സിലാക്കാന്‍ മുതലാളിത്തത്തിന്റെ തിളങ്ങുന്ന ദൃഷ്ടാന്തമായി ഉയര്‍ത്തിക്കാണിക്കുന്ന അമേരിക്കയിലേക്ക് നോക്കിയാല്‍ മതി. അവിടെ ജി എസ് ടിയോ അതിന് സമാനമായ ഏകീകൃത സംവിധാനമോ ഇല്ല. എന്താണങ്ങനെ? അങ്ങേയറ്റം ആധുനികവത്കരിക്കപ്പെട്ട ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയെന്തേ ഇത് നടപ്പാക്കുന്നില്ല? അമേരിക്ക വെറും അമേരിക്കയല്ല, യുനൈറ്റഡ് സ്റ്റേറ്റ്‌സാണെന്ന് ഉത്തരം. അമേരിക്കന്‍ ഐക്യനാടുകളാണ്. മേനി പറയാന്‍ സര്‍വാധികാരിയായ പ്രസിഡന്റും പരമോന്നത കോടതിയും ഒക്കെയുണ്ട്. പക്ഷേ, സ്റ്റേറ്റുകളുടെ സ്വയം നിര്‍ണായവകാശത്തെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഭരണകൂടത്തിന് സാധിക്കില്ല. അത്രമേല്‍ സ്വയംഭരണ അധികാരം അവിടുത്തെ സ്റ്റേറ്റുകള്‍ക്കുണ്ട്. അത്‌കൊണ്ട് അവിടെ ഏകീകൃത നികുതിയുമായി ചെന്നാല്‍ മിസിസിപ്പിയും ഓഹിയോയും ലൂസിയാനലും ഫ്‌ളോറിഡയുമൊക്കെ ഓടിക്കും. ഫെഡറലിസത്തിന്റെ യഥാര്‍ഥ അന്തസ്സത്ത അംഗീകരിക്കുകയാണെങ്കില്‍ ജി എസ് ടി സാധ്യമല്ലെന്ന് അമേരിക്ക വിളിച്ചു പറയുന്നു. എല്ലാ കാര്യത്തിലും അമേരിക്കയിലേക്ക് നോക്കുന്നവര്‍ക്ക് എന്താണ് ഇത് കാണാന്‍ കഴിയാത്തത്.

അല്ലെങ്കിലും അമേരിക്കക്ക് എല്ലാറ്റിനും സ്വന്തം വഴിയുണ്ട്. അവര്‍ പ്രൊട്ടക്ഷനിസത്തെയും സബ്‌സിഡിയെയും ഒക്കെ എതിര്‍ക്കും. വിപണിയെ മത്സരത്തിന് വിട്ടു കൊടുക്കണം; തീരുവകള്‍ നീക്കണം; നിയന്ത്രണങ്ങള്‍ എടുത്തു കളയണം എന്നൊക്കെ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളെ പഠിപ്പിക്കും. സ്വന്തം നാട്ടില്‍ നേരെ വിപരീതമാണ് കാര്യങ്ങള്‍. അവിടെ കര്‍ഷകര്‍ക്ക് എമ്പാടും സബ്‌സിഡിയുണ്ട്. അവിടേക്ക് പുറത്ത് നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് എളുപ്പത്തില്‍ കടന്ന് ചെല്ലാന്‍ കഴിയില്ല. വില നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ഇപ്പോള്‍ ട്രംപ് വന്നതോടെ എല്ലാ അതിര്‍ത്തികളും കൊട്ടിയടക്കുകയാണ്. ആഗോള വത്കരണത്തിന്റെ നേരെ വിപരീത ദിശയിലാണ് അമേരിക്ക സഞ്ചരിക്കുന്നത്.
ഇവിടെയാണ് സ്വാതന്ത്ര്യരാവിനെ അനുകരിച്ച്, പാതിരാത്രി തിടുക്കപ്പെട്ട് ഏകീകൃത നികുതി പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ ദയനീയത മനസ്സിലാകുക. ഇതു പറഞ്ഞാല്‍ ചിലര്‍ ചൂണ്ടിക്കാട്ടും 160 രാജ്യങ്ങള്‍ ജി എസ് ടിയോ വാറ്റോ നടപ്പാക്കിയല്ലോ എന്ന്. യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കവയും 80കളില്‍ തന്നെ ജി എസ് ടി തുടങ്ങിയല്ലോ എന്നും ചോദിക്കും. എന്നാല്‍ ഈ രാജ്യങ്ങളെ ഓരോന്നായി എടുത്തു പരിശോധിച്ചാല്‍ ഇവര്‍ക്ക് ഉരുളക്കുപ്പേരി നല്‍കാം. മലേഷ്യയുടെ കാര്യമെടുക്കൂ. 26 വര്‍ഷം തലകുത്തി നിന്ന് ചര്‍ച്ച ചെയ്ത് 2015ലാണ് മലേഷ്യ ജി എസ് ടി നടപ്പാക്കിയത് (ഇന്ത്യ 12 വര്‍ഷമല്ലേ എടുത്തുള്ളൂ). പക്ഷേ, എല്ലാ കണക്കു കൂട്ടലും തെറ്റി. ഉപഭോക്താക്കള്‍ പരിഭ്രാന്തരായി. പണപ്പെരുപ്പം കുത്തനെ കൂടി. രാജ്യമാകെ പ്രക്ഷോഭഭരിതമായി. വളര്‍ച്ചാ നിരക്കിനെ ബാധിച്ചു. കാനഡയില്‍ 1991ല്‍ ജി എസ് ടി നടപ്പാക്കി. പക്ഷേ അവിടുത്തെ പ്രവിശ്യകള്‍ പ്രതിഷേധിച്ചു. പ്രവിശ്യകള്‍ക്ക് ഇന്ത്യയിലേതിനേക്കാള്‍ അധികാരമുള്ളതിനാല്‍ അവരില്‍ പലരും ജി എസ് ടിയില്‍നിന്ന് പുറത്ത് കടന്നു, പഴയ നിലയിലേക്ക് മാറി.

ഇന്ത്യയിലേക്ക് തന്നെ വരാം. ഇവിടെ പണപ്പെരുപ്പത്തിന് ജി എസ് ടി വഴി വെക്കുമെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് ഉണ്ടായിരുന്ന പരിരക്ഷ ഇല്ലാതാകുകയും വന്‍കിടക്കാര്‍ക്ക് സമാനമായ നികുതി നല്‍കി മത്സരിക്കേണ്ട സ്ഥിതി വരികയും ചെയ്യും. വിലനിര്‍ണയത്തില്‍ ഉത്പാദകരുടെ മേല്‍ക്കൈയില്‍ വല്ല മാറ്റവും ജി എസ് ടി വരുത്തുമോ? അങ്ങനെ വരുത്തിയെങ്കില്‍ മാത്രമല്ലേ ജി എസ് ടി കൊണ്ടു വരുമെന്ന് പറയുന്ന ഗുണം ലഭിക്കുകയുള്ളൂ? എന്ന ചോദ്യം ഈ അവസരത്തില്‍ ഉറക്കെ ചോദിക്കേണ്ടിയിരിക്കുന്നു. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കിയത് കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭത്തിന് ഇടനല്‍കുകയേ ഉള്ളൂവെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം പറയുന്നത്. ജി എസ് ടി പ്രകാരമുള്ള കുറഞ്ഞ നികുതി നിരക്കില്‍ അവയുടെ പരമാവധി വില കുറക്കാന്‍ ഉത്പാദകര്‍ സന്നദ്ധമായെങ്കില്‍ മാത്രമേ നികുതിയിളവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളൂ. എന്നാല്‍ നികുതിയിനത്തില്‍ കുറയുന്ന തുക കമ്പനികള്‍ അടിസ്ഥാന ഉത്പാദനവിലയില്‍ ഉയര്‍ത്തി നിശ്ചയിച്ച് കൊള്ളലാഭമെടുക്കാനാണ് പോകുന്നത്. അങ്ങനെ ഉപഭോക്താവിന് ജി എസ് ടിയുടെ നേട്ടം നിഷേധിക്കപ്പെടും. ഉത്പാദകരുടെ ചൂഷണത്തിനെതിരെ സംസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ വിവിധ ഉല്‍പന്നങ്ങള്‍ക്ക് നിലവിലുള്ള നികുതിയും വില്‍പ്പനവിലയും പുതിയ നികുതി നിരക്ക് നടപ്പാകുമ്പോള്‍ വില്‍പ്പന വിലയില്‍ വരുമെന്നു പ്രതീക്ഷിക്കുന്ന കുറവും വ്യക്തമാക്കുന്ന പട്ടിക പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. അതുണ്ടായിട്ടില്ല. സേവന നികുതിയില്‍ വന്‍ വര്‍ധനവാണ് ജി എസ് ടി കൊണ്ടുവരാന്‍ പോകുന്നത്. 15 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക്. ബേങ്കിംഗ് മേഖലയിലും ടെലികോം മേഖലയിലും ഇത് വലിയ ആഘാതമുണ്ടാക്കും. ഡിജിറ്റലൈസേഷന്‍, കറന്‍സിരഹിത ഇടപാട് തുടങ്ങിയ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെയാണ് ഇത് റദ്ദാക്കാന്‍ പോകുന്നത്.

പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്നത് കൊണ്ട് ജി എസ് ടി പ്രഖ്യാപനം ഭരണഘടന നിലവില്‍ വന്നതിന് തുല്യമാകില്ല. അര്‍ധരാത്രിയായതിനാല്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും തുല്യമാകില്ല. നോട്ട് നിരോധനത്തിന്റെ കടുത്ത ആഘാതത്തിലൂടെ കടന്ന് പോകുകയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. വളര്‍ച്ചാ നിരക്ക് കുറഞ്ഞിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ പ്രശ്‌നം സങ്കീര്‍ണമാണ്. അതിന് മുകളിലേക്കാണ് ജി എസ് ടിയുടെ ഒടുങ്ങാത്ത ആശയക്കുഴപ്പങ്ങള്‍ പെയ്തിറങ്ങുന്നത്. ഇപ്പോള്‍ ആഘോഷമല്ല വേണ്ടത്, ഉണര്‍ന്ന ജാഗ്രതയാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest