Connect with us

Gulf

ഉപരോധം: ലോക വ്യാപാര സംഘടനക്ക് പരാതി നല്‍കാന്‍ ഖത്വര്‍ തയ്യാറെടുക്കുന്നു

Published

|

Last Updated

ദോഹ: സഊദി സഖ്യത്തിന്റെ ഉപരോധത്തിനെതിരെ ലോകവ്യാപാര സംഘടനയില്‍ (ഡബ്ല്യു ടി ഒ) പരാതി നല്‍കുന്നതിന് ഖത്വര്‍ തയാറെടുക്കുന്നു. ഡബ്ല്യു ടി ഒ തര്‍ക്ക പരിഹാര സമിതിക്ക് പരാതി നല്‍കുന്നതുള്‍പ്പെടെയുള്ള എല്ലാ നിമയ സാധ്യതകളും പരിഗണിക്കുന്നതായി ഖത്വര്‍ ഡബ്ല്യു ടി ഒ ഓഫിസ് ഡയറക്ടര്‍ അലി അല്‍ വലീദ് അല്‍ താനി പറഞ്ഞു.

ഡബ്ല്യു ടി ഒ നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്നതാണ് അയല്‍ രാജ്യങ്ങളുടെ ഉപരോധം. ചരക്കു വ്യാപാര കരാര്‍, സേവന ബൗദ്ധിക സ്വത്തവകാശം, ഡബ്ല്യു ടി ഒ വ്യാപാര സൗകര്യ കരാര്‍, കസ്റ്റംസ് ചുവപ്പുനാട ഒഴിവാക്കല്‍, അതിര്‍ത്തി കടന്നുള്ള വ്യാപാരം തുടങ്ങിയവയുടെ ലംഘനമാണ് ഉപരോധം. അവരാണ് ആദ്യമായി ഈ കരാറുകളില്‍ ഒപ്പിട്ടതെന്നും ഇപ്പോള്‍ ആദ്യം അവര്‍ തന്നെ ഇത് ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമം, വ്യോമ ഗതാഗത അവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റു ചെയ്യുന്നവര്‍ക്കെതിരായ വ്യാപാര ഉപരോധം അവസാനിപ്പിക്കാന്‍ ഡബ്ല്യു ടി ഒ തര്‍ക്ക പരിഹാര സമിതിക്ക് സാധിക്കും. എന്നാല്‍, സാധാരണ ഗതിയില്‍ അതിന് രണ്ടോ മുന്നോ ചിലപ്പോള്‍ കൂടുതലോ വര്‍ഷമെടുക്കും. വ്യാപാര ഉപരോധത്തിന് കാരണമായി ദേശീയ സുരക്ഷ നാല് രാജ്യങ്ങളും ചൂണ്ടിക്കാട്ടിയേക്കാം. ഡബ്ല്യു ടി ഒ കരാറില്‍ നിന്ന് ഒഴിവാകുന്നതിന് സുരക്ഷ കാരണമാക്കാമെന്ന് നിയമമുണ്ടെങ്കിലും സംഘടനയുടെ 22 വര്‍ഷത്തെ ചരിത്രത്തിനിടെ ആരും അത് നടപ്പിലാക്കിയിട്ടില്ല. അതേസമയം, സുരക്ഷാ കാരണങ്ങളെ ആനുപാതികതയും അനിവാര്യതയും ചൂണ്ടിക്കാട്ടി നേരിടാവുന്നതാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഖത്വറിലേക്ക് പാല്‍ കയറ്റുമതി ചെയ്യുമ്പോള്‍ എന്ത് ദേശീയ സുരക്ഷയാണ് ലംഘിക്കപ്പെടുന്നതെന്ന് അവര്‍ ചോദിച്ചു. ഖത്വറിനെതിരേ കൂടുതല്‍ ഉപരോധം പരിഗണനയിലുണ്ടെന്നും തങ്ങളുടെ വ്യാപാര പങ്കാളികളോട് ഖത്വറുമായി ഇടപാട് നടത്തുന്നത് നിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുമെന്നും കഴിഞ്ഞ ദിവസം റഷ്യയിലെ യു എ ഇ അംബാസഡര്‍ പറഞ്ഞിരുന്നു. ഇത് ഡബ്ല്യു ടി ഒ ചട്ടങ്ങള്‍ക്കെതിരാണ്. ഒരംഗം മറ്റൊരു അംഗത്തോട് വ്യാപാര പങ്കാളിയെ നിര്‍ണയിക്കാന്‍ ആവശ്യപ്പെടുന്നത് അങ്ങേയറ്റത്തെ നടപടിയാണ്.

ഇറക്കുമതി രാജ്യം എന്ന നിലയില്‍ ഉപരോധം സൃഷ്ടിക്കുന്ന വ്യാപാര പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തങ്ങള്‍ക്ക് എളുപ്പമാണ്. ഉപരോധം ഏര്‍പ്പെടുത്തിയ ജി സി സി രാജ്യങ്ങള്‍ക്കാണ് കയറ്റുമതി നിലയ്ക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നത്. ഉപരോധത്തിനിടയിലും യു എ ഇയിലേക്കുള്ള തങ്ങളുടെ വാതക വിതരണം തുടരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. തലവേദന മാറ്റുന്നതിന് സ്വയം തലയില്‍ വെടിവെക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടി. ഒരു രാഷ്ട്രീയ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വഴി അതല്ലെന്നും അലി അല്‍ വലീദ് പറഞ്ഞു.

ഭക്ഷ്യവസ്തുക്കളുടെയും പാലുത്പന്നങ്ങളുടെയും ഇറക്കുമതിയായിരുന്നു ഖത്വറിന്റെ പ്രധാന ആശങ്ക. പുതിയ വിതരണ ശൃംഖല വഴിയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചും തങ്ങള്‍ അതിന് ബദലുകള്‍ കണ്ടെത്തുകയാണ്. യു എ ഇയുടെ ജബല്‍ അലി തുറമുഖത്തിന് പകരം ഒമാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി തങ്ങള്‍ കപ്പല്‍ ബന്ധം വികസിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.