Connect with us

Editorial

ഇന്ത്യാ- ചൈന ഭിന്നത

Published

|

Last Updated

സിക്കിം അതിര്‍ത്തിയെ ചൊല്ലിയുള്ള ഇന്ത്യാ-ചൈന തര്‍ക്കം രൂക്ഷമാവുകയാണ്. അതിര്‍ത്തിയിലൂടെയുള്ള ചൈനയുടെ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞതിനെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. സിക്കിം, ഭൂട്ടാന്‍, ടിബറ്റ് ട്രൈജംഗ്ഷനില്‍ വരുന്ന ദോഗ്‌ലോമിലൂടെ ഭൂട്ടാനിലെ 269 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പീഠഭൂമിയോട് ചേര്‍ന്നാണ് ചൈന റോഡ് നിര്‍മിക്കുന്നത്. ഈ പ്രദേശം ഭൂട്ടാന്റെ ഭാഗമാണ്. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാന മേഖലയുമാണ്. ദോഗ്‌ലാമില്‍ സൈനിക പട്രോളിംഗ് സജീവമാക്കി ക്രമേണ ആ പ്രദേശം പിടിച്ചെടുക്കാനാണ് ചൈനയുടെ നീക്കമെന്ന ആശങ്കയെ തുടര്‍ന്നാണ് ഇന്ത്യ റോഡ് നിര്‍മാണം തടഞ്ഞത്. അതിര്‍ത്തി ലംഘിച്ചാണ് റോഡ് നിര്‍മാണമെന്നും ഇന്ത്യ ആരോപിക്കുന്നു. എന്നാല്‍ ദോംഗ് ലാം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണെന്നും നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നത് പ്രകോപനം സൃഷ്ടിക്കലാണെന്നുമാണ് ചൈനയുടെ പക്ഷം. ഇക്കാര്യത്തില്‍ മൂന്നാമതൊരു രാജ്യത്തിന് ഇടപെടാന്‍ എന്തവകാശമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് ചോദിക്കുന്നു. റോഡ് നിര്‍മാണത്തിലേര്‍പ്പെട്ടവരെ ഇന്ത്യന്‍ സേന ആക്രമിച്ചതായും ചൈന കുറ്റപ്പെടുത്തുന്നു.

റോഡ് നിര്‍മാണം തടഞ്ഞതില്‍ പ്രകോപിതരായി ചൈനീസ് പട്ടാളം സിക്കിം സെക്ടറിലേക്ക് കടന്ന് രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തിട്ടുണ്ട്. കൈലാസ് മാനസരോവര്‍ യാത്രക്കെത്തിയവരെ ചൈനീസ് പട്ടാളം തടയുകയുമുണ്ടായി. ഇന്ത്യന്‍ സേന, ചൈനീസ് പട്ടാളക്കാരെ തടയാന്‍ ശ്രമിച്ചെങ്കിലും, അവരെ തള്ളിമാറ്റിയാണ് ഇന്ത്യന്‍ അതിര്‍ത്തി അവര്‍ അതിക്രമിച്ചു കടന്നത്. 2008 നവംബറിലും ചൈന ഇവിടുത്തെ ബങ്കറുകള്‍ തകര്‍ത്തിരുന്നു.

തര്‍ക്കം മൂത്ത് യുദ്ധത്തിന്റെ ഭാഷയിലാണ് ഇരു ഭാഗത്തുമുള്ള ഇപ്പോഴത്തെ സംസാരം. അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യ സജ്ജമാണെന്ന് കരസേനാ മേധാവി ജനറല്‍ ബി ബി റാവത്ത് പറയുമ്പോള്‍, മറ്റൊരു യുദ്ധത്തിനിറങ്ങും മുമ്പ് 1962ലെ യുദ്ധത്തെക്കുറിച്ചു ഇന്ത്യ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നാണ് ചൈനയുടെ പ്രതികരണം. അരുണാചലിലെ അതിര്‍ത്തിയെ ചൊല്ലി 1962ല്‍ നടന്ന യുദ്ധത്തില്‍ ചൈനക്കായിരുന്നു മുന്‍തൂക്കം. ലഡാക്കിനോട് ചേര്‍ന്ന് കിടക്കുന്ന തന്ത്രപ്രധാനമായ അക്‌സായി ചിന്‍ ഉള്‍പ്പെടെ കുറേ പ്രദേശങ്ങള്‍ ചൈന യുദ്ധത്തില്‍ കയ്യേറിയിട്ടുണ്ട്. ലഡാക്കിന്റെ ചില ഭാഗങ്ങളും ചൈന അനധികൃതമായി കൈവശം വെച്ചുവരുന്നുണ്ട്. അതിര്‍ത്തി തര്‍ക്കത്തിലപ്പുറം മൂന്നാം ലോക രാജ്യങ്ങളുടെ നേതാവായി നെഹ്‌റു വളര്‍ന്നുവരുന്നത് തടയുകയായിരുന്നു ഈ യുദ്ധത്തിലൂടെ മാവോയുടെ ലക്ഷ്യമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്നും ഇന്ത്യയുടെ വളര്‍ച്ചയാണ് ചൈനയെ അസ്വസ്ഥമാക്കുന്നത്.

അടുത്ത കാലത്തായി ഇന്ത്യാ-ചൈന ബന്ധം മെച്ചപ്പെട്ടു വരികയായിരുന്നു. നേതാക്കളുടെ പരസ്പര സന്ദര്‍ശനവും അഞ്ച് വര്‍ഷക്കാലത്തേക്കു സാമ്പത്തികവ്യാപാര സഹകരണം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചതുമെല്ലാം ബന്ധത്തില്‍ കൂടുതല്‍ ഊഷ്മളത സൃഷ്ടിച്ചിരുന്നു. അതിനിടെ മാര്‍ച്ച് 17ന് ബീഹാറില്‍ നടന്ന അന്താരാഷ്ട്ര ബുദ്ധരാഷ്ട്ര സെമിനാറിലേക്ക് ദലൈലാമയെ ക്ഷണിച്ചത് മുതലാണ് ചൈന അകലാന്‍ തുടങ്ങിയത്. ചൈനാവിരുദ്ധനായി അവര്‍ മുദ്രകുത്തുന്ന ദലൈലാമയെ ഇന്ത്യ ക്ഷണിച്ചത് ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ച്യൂയിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദലൈലാമയുടെ സന്ദര്‍ശനം തങ്ങളുടെ ആഭ്യന്തര കാര്യമായതിനാല്‍ ചൈന അതില്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. മോദിയുടെ കഴിഞ്ഞ ദിവസത്തെ അമേരിക്ക സന്ദര്‍ശന വേളയിലുണ്ടായ ഇന്ത്യാ-യു എസ് പ്രതിരോധ കരാറും ചൈനയെ ആശങ്കാകുലരാക്കുന്നുണ്ട്. 22 സൈനിക നിരീക്ഷണ ഡ്രോണുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതാണ് കരാര്‍. ഏഷ്യന്‍ വന്‍കരയില്‍ തങ്ങള്‍ക്ക് മുഖ്യ എതിരാളിയായി ഇന്ത്യ വളര്‍ന്നു വരുന്നതിനിടെ ഇത്തരം കരാറുകള്‍ ഇന്ത്യയുടെ സൈനിക ശക്തി വര്‍ധിപ്പിക്കുകയും ചൈനക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് അവരുടെ ആശങ്ക.

ജൂണ്‍ ആദ്യത്തില്‍ ഖസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്ന കൂടിക്കാഴ്ചയില്‍, ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള ഭിന്നതകള്‍ ചര്‍ച്ചയിലുടെ പരിഹരിക്കാനും ആശയവിനിമയം ശക്തമാക്കാനും നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍ഡ് ഷി ചിന്‍പിംഗും തീരുമാനിച്ചതാണ്. അതിനിടെയാണ് പുതിയ പ്രശ്‌നങ്ങള്‍. കൂടുതല്‍ വഷളാകുന്നതിന് മുമ്പേ ചര്‍ച്ചക്ക് വഴിയൊരുക്കുകയും അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണുകയും ചെയ്യേണ്ടിയിരിക്കുന്നു. 1962നെ അപേക്ഷിച്ചു ശക്തവും സുസജ്ജവുമാണ് ഇന്ത്യ എന്നത് ശരിയാണ്. എങ്കിലും ഒരു ഏറ്റുമുട്ടല്‍ സൃഷ്ടിക്കുമെന്ന പ്രത്യാഘാതങ്ങള്‍ കാണാതിരുന്നുകൂടാ.