നഗരം നിരീക്ഷിക്കാന്‍ റൊബോട്ടിക് കാറുമായി ദുബൈ പോലീസ്

Posted on: June 29, 2017 8:21 pm | Last updated: June 29, 2017 at 8:21 pm

ദുബൈ: ഈ വര്‍ഷാവസാനത്തോടെ ഡ്രൈവറില്ലാ പട്രോളിംഗ് കാര്‍ ദുബൈ പോലീസ് നിരത്തിലിറക്കും. ഇതുസംബന്ധിച്ച് സിംഗപ്പൂര്‍ ആസ്ഥാനമായ ഒട്‌സോ ഡിജിറ്റല്‍ കമ്പനിയുമായി ദുബൈ പോലീസ് മേധാവി’മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി കരാറൊപ്പുവെച്ചു.

ഒ ആര്‍3 എന്ന റോബോട്ടിക് കാര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തും. പിടികിട്ടാപ്പുള്ളികളുടെയും കുറ്റവാളികളുടെയും ചിത്രങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ കാറിന്റെ മെമ്മറിയിലുണ്ടാകും. കാറില്‍ സ്ഥാപിച്ചിരിക്കുന്ന വിവിധ ക്യാമറകള്‍ മുഴുവന്‍ സമയവും പരിസരം നിരീക്ഷിക്കും. ക്യാമറക്കണ്ണിലൂടെ ഓരോ വ്യക്തിയെയും വിശദമായി പരിശോധിക്കും. കാറിന്റെ മെമ്മറിയില്‍ ശേഖരിച്ചിട്ടുള്ള നിയമലംഘകരുടെ വിശദാംശങ്ങളുമായി സാമ്യം ഉണ്ടെങ്കില്‍ ഉടനടി കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശമയയ്ക്കും. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാലും ഉടന്‍തന്നെ സന്ദേശം നല്‍കും. ഉടമസ്ഥരില്ലാതെ കാണപ്പെടുന്ന ബാഗുകളും മറ്റും കൃത്യമായി കണ്ടെത്തും. നിയമലംഘനം നടത്തി കടന്നുകളയാന്‍ ശ്രമിച്ചാല്‍ പിന്തുടരാനാകാത്ത സാഹചര്യത്തില്‍ കാറിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ഡ്രോണ്‍ തനിയെ പുറത്ത് ആകാശത്തേക്കു പറന്നുയരും. ഓടിക്കൊണ്ടിരിക്കുന്ന കുറ്റവാളിയുടെ ദൃശ്യങ്ങള്‍ തല്‍സമയം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു കൊണ്ടിരിക്കും. മിനിറ്റുകള്‍ക്കുള്ളില്‍ പ്രതി പോലീസ് പിടിയിലാകും. തിരക്കേറിയ സ്ഥലങ്ങളിലും മറ്റും മുകളില്‍നിന്നു നിരീക്ഷണം നടത്താനും ഈ ഡ്രോണ്‍ ഉപയോഗപ്പെടുത്തും. മുന്നിലുള്ള തടസങ്ങള്‍ കണ്ടെത്തി അതിനനുസരിച്ചു സ്വയം യാത്രാപഥം ക്രമീകരിക്കാനും ആര്‍ ഒ3ക്ക് കഴിയും.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്മാര്‍ട് ദുബൈ പദ്ധതിയുടെ ഭാഗമായാണ് ഡ്രൈവറില്ലാ പോലീസ് കാറുകള്‍ നിരത്തിലിറങ്ങുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരം ഡ്രൈവറില്ലാ റോബട്ടിക് കാറുകള്‍ പോലീസ് സേനയുടെ ഭാഗമാകുന്നത്. നിലവില്‍ മാളുകളിലും മറ്റും നിരീക്ഷണം നടത്തുന്നതിന് റോബോട്ടുകളെ ദുബൈ പോലീസ് ഉപയോഗിക്കുന്നുണ്ട്.