മെഡിക്കല്‍ പ്രവേശനം: ഫീസില്‍ അനിശ്ചിതത്വം തുടരുന്നു

Posted on: June 24, 2017 11:56 pm | Last updated: June 24, 2017 at 11:56 pm

നീറ്റ് പരീക്ഷാഫലം വന്നതിനു പിന്നാലെ സംസ്ഥാനത്ത് എം ബി ബി എസ്, ബി ഡി എസ് പ്രവേശന നടപടി തുടങ്ങിയെങ്കിലും ഫീസ് കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഫീസ് നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും പ്രവേശന നടപടികള്‍ ഊര്‍ജിതമാക്കുന്നതിനുള്ള നീക്കത്തിലാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍. റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍ക്ക് ജൂലൈ നാല് മുതല്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനാണ് തീരുമാനം. ജൂലൈ ഒമ്പതിന് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കും. ് 10ന് ആദ്യ ആലോട്ടമെന്റും ആഗസ്റ്റ്് 18ന് രണ്ടാം അലോട്ട്‌മെന്റും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ആഗസ്റ്റ് 31ന് മെഡിക്കല്‍ പ്രവേശനം അവസാനിപ്പിക്കും. ഇതിനുള്ള തയാറെടുപ്പുകള്‍ നേരത്തെ തന്നെ നടത്തിയിരുന്നു.
നീറ്റ് ഫലം വന്നിട്ടും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസിന്റെ കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. മെഡിക്കല്‍, ബിഡിഎസ് പ്രവേശനങ്ങള്‍ക്കുള്ള ഫീസ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. കോളജുകളുടെ വരവുചെലവ് കണക്ക് പരിശോധിച്ച് ഫീസ് നിര്‍ണയിക്കാനാണ് കമ്മിറ്റിക്ക് ചുമതല നല്‍കിയത്. എന്നാല്‍ പരിശോധന ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എം ബി ബിഎസിന് 85 ശതമാനം സീറ്റുകളിലേക്ക് 15 ലക്ഷം രൂപയും എന്‍ആര്‍ ഐ സീറ്റിലേക്ക് 20 ലക്ഷം രൂപയുമാണ് ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഫീസ് നിര്‍ണയത്തിന് സമതിയെ നിയോഗിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് ആഗസ്റ്റ് 31ന് പ്രവേശനം അവസാനിപ്പിക്കണമെന്നിരിക്കെ ഫീസ് നിര്‍ണയം ഇനിയും വൈകിയാല്‍ ഇത് വിദ്യാര്‍ഥികളെ കാര്യമായി ബാധിക്കും.
നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന റാങ്ക് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് സി ബി എസ് ഇയില്‍ നിന്ന് അറിയിപ്പ് ലഭിക്കണം. ഇത് ലഭ്യമാകുന്ന മുറക്ക് സംസ്ഥാനത്തെ റാങ്ക് പട്ടിക തയാറാകും. വിദ്യാര്‍ഥികളുടെ സ്‌കോര്‍ സി ബി എസ് സിയില്‍ നിന്ന് ലഭ്യമാകുന്നതോടെ പ്രവേശന പരീക്ഷാ കണ്‍ട്രോളറുടെ വെബ്‌സൈറ്റില്‍ ഇവ പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ ഈ ലിസ്റ്റ് പരിശോധിച്ച് റാങ്ക് ഉറപ്പാക്കണം. വെബ്‌സൈറ്റില്‍ കയറി സ്‌കോര്‍ പരിശോധിക്കുന്ന വിദ്യാര്‍ഥികളെ മാത്രമെ പ്രവേശനത്തിന് പരിഗണിക്കുള്ളൂ. നീറ്റ് അപേക്ഷക്കൊപ്പം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും അപേക്ഷ സമര്‍പ്പിച്ചവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. സംസ്ഥാനത്ത് അപേക്ഷ സമര്‍പ്പിക്കാത്ത നീറ്റ് റാങ്ക്് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്ന് ആവശ്യമുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംവരണ മാനദണ്ഡങ്ങള്‍ പരിഗണിച്ചാകും റാങ്ക് ലിസ്റ്റ് തയാറാക്കുക. ജൂലായ് രണ്ടിനോ മൂന്നിനോ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പരീക്ഷാ കമ്മീഷണര്‍ ഡോ. എംടി റെജു പ്രതികരിച്ചു.