ആരോഗ്യേ കേന്ദ്രങ്ങളില്‍ ഉച്ചക്ക് ശേഷവും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും

മലപ്പുറം
Posted on: June 24, 2017 11:42 pm | Last updated: June 25, 2017 at 12:06 pm

പനി പടര്‍ന്ന് പിടിച്ചതോടെ രോഗികള്‍ക്ക് പരമാവധി ചികിത്സാ സൗകര്യമൊരുക്കാന്‍ സംസ്ഥാനത്തെ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചക്ക് ശേഷം ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് ഇവരെ ഇന്റര്‍വ്യു നടത്തി നിയമിക്കേണ്ട ചുമതലയുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്ന് മുതല്‍ നിയമനം നടത്താനാണ് നിര്‍ദേശം. ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയായിരിക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടറുടെയും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം ഉണ്ടാകേണ്ടത്. ഇതിനായി വിരമിച്ച ഡോക്ടര്‍മാരെയും ആവശ്യമെങ്കില്‍ നിയമിക്കാം. അടുത്ത രണ്ട് മാസക്കാലത്തേക്ക് താത്കാലികമായിട്ടായിരിക്കും നിയമനം.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത്തരമൊരു അധികാരം നല്‍കിയുള്ള സംസ്ഥാന സര്‍ക്കാറിന്റെ ചരിത്രപരമായ തീരുമാനമാണിതെന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുകയും പനി പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ലീവ് അനുവദിക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റ് തുടങ്ങണം. ഓടകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ശേഖരിച്ച് ഇവിടെയെത്തി സംസ്‌കരിക്കാന്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ മലപ്പുറത്ത് അവലോകന യോഗത്തില്‍ പറഞ്ഞു.
ക്ലീന്‍ കേരള മിഷനാണ് ഇത് നിര്‍മിച്ച് നല്‍കുക. കുടുംബ ശ്രീ യൂനിറ്റുകള്‍ക്കായിരിക്കും ഇതിന്റെ നടത്തിപ്പ് ചുമതലയുണ്ടാവുക. പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റ് തുടങ്ങുന്നതിന് പ്രാദേശികമായ എതിര്‍പ്പുകളുണ്ടെങ്കില്‍ ഇതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. മറ്റു ലക്ഷ്യങ്ങളോടെയുള്ള എതിര്‍പ്പുകള്‍ അവഗണിക്കണിച്ച് യൂനിറ്റ് സ്ഥാപിക്കണമെന്നും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരോട് മന്ത്രി നിര്‍ദേശിച്ചു. ഇത്തരം യൂനിറ്റ് നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ മുന്നോട്ട് വരികയാണെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്ഥലം അനുവദിക്കുന്നതിന് തടസ്സമില്ല.
പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിരോധിക്കുന്നതിനെ കുറിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആലോചിക്കാവുന്നതാണ്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സ്വന്തം ചെലവില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കണം. ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യം ശേഖരിക്കുന്നതിന് ഇനി മുതല്‍ ഏജന്‍സികളെ ഏല്‍പിച്ച് ഒഴിഞ്ഞ് മാറാനാകില്ലെന്നും പ്ലാന്റ് നിര്‍മിച്ചവര്‍ക്ക് മാത്രം ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ മതിയെന്നുമാണ് തീരുമാനം. പ്ലാസ്റ്റിക് കവറുകള്‍ സംസ്ഥാന വ്യാപകമായി നിരോധിക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും.