Connect with us

Kerala

കര്‍ഷകന്റെ ആത്മഹത്യ: റവന്യൂ സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Published

|

Last Updated

കോഴിക്കോട്: വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവെടുപ്പിനെത്തിയ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ചെമ്പനോട വില്ലേജ് ഓഫീസ് പരിസരത്ത് വെച്ചാണ് സംഭവം. ജോയിയുടെ ആത്മഹത്യ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്ന് ആരോപിച്ചും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു
ഉപരോധം. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ച ശേഷമേ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പോകാന്‍ അനുവദിക്കുകയുള്ളൂ എന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറിയിച്ചു. ഉപരോധം 20 മിനുട്ടോളം നീണ്ടു. തുടര്‍ന്ന് പോലീസെത്തി യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബാര്‍ മുതലാളിമാരുടെയും ക്വാറി മുതലാളുമാരുടെയും കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ ആത്മഹത്യ ചെയ്ത ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം തയ്യാറാകുന്നില്ലെന്ന് പി കെ ഫിറോസ് പറഞ്ഞു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍ വീട് സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നും ഫിറോസ് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട കാവില്‍പുരയിടത്തില്‍ കെ ജെ തോമസ് എന്ന ജോയിയെ വില്ലേജ് ഓഫീസിന് മുമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest