Connect with us

Articles

ഗൂര്‍ഖകള്‍ ക്ഷോഭിക്കുമ്പോള്‍

Published

|

Last Updated

ഡാര്‍ജീലിംഗിലെ ഗൂര്‍ഖലാന്റിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പ്രത്യേക സംസ്ഥാനത്തിനായുള്ള ആവശ്യം അവിടുത്തെ നേപ്പാള്‍ വംശജര്‍ 1907ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഉയര്‍ത്തിയിരുന്നു. സ്വാതന്ത്ര്യം ലഭ്യമായതോടെയാണ് ഈ പ്രദേശം ബംഗാളിന്റെ ഭാഗമായത്. ആ വര്‍ഷം തന്നെ ഈ പ്രദേശത്തെ ഒരു പ്രത്യേക ഭരണയൂനിറ്റാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 1917ല്‍ അന്നത്തെ ബംഗാള്‍ പ്രോവിന്‍സ് ഈ പ്രദേശത്തെ പ്രത്യേക അഡ്മിനിസ്‌ട്രേറ്റീവ് യൂനിറ്റാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

1930 -ല്‍ ഡാര്‍ജീലിംഗിനെ ബംഗാളില്‍ നിന്നും വിഭജിച്ച് പ്രത്യേക പ്രദേശമാക്കണമെന്ന ആവശ്യം ഗൂര്‍ഖകള്‍ ശക്തമായി ഉന്നയിക്കുകയുണ്ടായി. 1943ലാണ് അഖിലേന്ത്യ ഗൂര്‍ഖാ ലീഗ് (ജി എല്‍) രൂപവത്കൃതമായത്. 1947ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഗൂര്‍ഖാസ്ഥാന്‍ എന്ന പുതിയ സംസ്ഥാനം ആവശ്യപ്പെടുകയും ചെയ്തു. 1947ല്‍ തന്നെ ഗൂര്‍ഖാലീഗ് പ്രതിനിധികള്‍ നെഹ്‌റുവിനെകണ്ട് ഗൂര്‍ഖകള്‍ക്ക് പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടു. 1952 ലെ പൊതുതിരഞ്ഞെടുപ്പില്‍ മേഖലയിലെ ആകെയുള്ള അഞ്ച് സീറ്റില്‍ നാലെണ്ണം ഗൂര്‍ഖാലീഗും ഒന്ന് സി പി ഐയും നേടി. 1973ല്‍ ഗൂര്‍ഖാലീഗും സി പി ഐയും ചേര്‍ന്ന് സ്വതന്ത്ര ഗൂര്‍ഖാലാന്റിനെ സംബന്ധിച്ചുള്ള രേഖക്ക് രൂപം നല്‍കി.

1980ല്‍ ഗൂര്‍ഖാലീഗ് പ്രത്യേക ഗൂര്‍ഖ സ്റ്റേറ്റ് ഡിമാന്റ് മുന്നോട്ടുവെച്ചു. 1986ല്‍ വന്‍ പ്രക്ഷോഭവും നടത്തി. സുഭാഷ് ഗിസിങ് ആയിരുന്നു ഗൂര്‍ഖാലീഗിന്റെ അന്നത്തെ നേതൃത്വം. 1988ല്‍ ടാര്‍ജീലിംഗ് ഗൂര്‍ഖാലീഗ് കൗണ്‍സില്‍ (ജി എന്‍ എല്‍ എഫ്) രൂപവത്കരിക്കുകയും പരിമിതമായ സ്വയംഭരണാവകാശം നേടിയെടുക്കുകയും ചെയ്തു. 2008ല്‍ ഗൂര്‍ഖാലീഗ് നേതൃത്വസ്ഥാനത്ത് നിന്ന് ഗിസിങ് മാറുകയും ബിമല്‍ഗുരുങ് നേതൃത്വസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 2011ല്‍ ഗൂര്‍ഖാലീഗും പശ്ചിമബംഗാള്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് ഗൂര്‍ഖാലാന്റ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ (ജി റ്റി എ) നിലവില്‍വന്നു. 2012ല്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ നേതാവ് ഗുരുങ് ജി റ്റി എ ഇലക്ഷനില്‍ വന്‍ഭൂരിപക്ഷത്തോടുകൂടി വിജയിച്ചു. 2017ല്‍ വീണ്ടും ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ജി റ്റി എ തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് ഡാര്‍ജീലിംഗില്‍ മമതാ ബാനര്‍ജി കാബിനറ്റ് യോഗം വിളിച്ചതോടെയാണ് ഇപ്പോഴത്തെ പ്രക്ഷോഭം ആരംഭിക്കുന്നത്. ഭൂവിസ്തൃതിയില്‍ പശ്ചിമബംഗാള്‍ സംസ്ഥാനത്തിന്റെ 2.90 ശതമാനം വരുന്ന ഈ മേഖലയിലെ ജനസംഖ്യ 18,46,823ഉം, ജനസംഖ്യയുടെ ശതമാനം 2.1 മാണ്. പശ്ചിമബംഗാളിന്റ റവന്യൂ വരുമാനത്തില്‍ 15.2 ശതമാനം ഈ പ്രദേശത്തുനിന്നാണ്. നേരത്തെയുണ്ടായിരുന്ന പ്രാദേശിക ഭരണസമിതിയായ ഡി ജി എച്ച് സിക്ക് സര്‍ക്കാറിന്റെ 18 വകുപ്പുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരമാണ് നല്‍കിയിരുന്നതെങ്കില്‍, ഇപ്പോള്‍ നിലവിലുള്ള ജി റ്റി എ ഭരണസമിതിക്ക് 54 വകുപ്പുകള്‍ ഭരിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. പ്രാദേശിക ബജറ്റ് തയ്യാറാക്കാനുള്ള അധികാരമടക്കം പലരും ഇപ്പോള്‍ ജി റ്റി എക്ക് നല്‍കിയിട്ടുമുണ്ട്.
ജൂണ്‍ എട്ടിന് ആരംഭിച്ച ഡാര്‍ജീലിംഗിലെ ഗൂര്‍ഖ പ്രക്ഷോഭം ഇപ്പോള്‍ വളരെ രൂക്ഷമാണ്. സംഘര്‍ഷമയമായ ഒരന്തരീക്ഷമാണ് വളര്‍ന്നുവന്നിരിക്കുന്നത്. ഗൂര്‍ഖാലാന്റ് പ്രക്ഷോഭം ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ശക്തമാക്കിയതോടെ ഡാര്‍ജീലിംഗില്‍ പലയിടത്തും പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നു. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്തു. അതിനിടയില്‍ കഴിഞ്ഞ ശനിയാഴ്ച പോലീസ് വെടിെവച്ചതില്‍ മരിച്ച പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഗൂര്‍ഖാമോര്‍ച്ചയുടെ പ്രകടനം വലിയ സംഘര്‍ഷമാണ് ഉണ്ടാക്കിയത്. ഡാര്‍ജീലിംഗിലെ സിങ്മാരിയിലാണ് രണ്ട് ജി ജെ എന്‍ പ്രവര്‍ത്തകരെ പോലീസ് വെടിവെച്ച് കൊന്നത്. എന്നാല്‍ ഈ ആരോപണം പോലീസ് നിഷേധിച്ചിരിക്കുകയാണ്. സമരത്തിനു പിന്നില്‍ ഭീകരസംഘടനകളുടെ പങ്കുണ്ടെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ജി ജെ എം ഉന്നയിച്ചത്. ഗൂര്‍ഖാവംശജരുടെ വ്യക്തിത്വത്തെയാണ് മമത ചോദ്യം ചെയ്തതെന്ന് അവര്‍ ആരോപിച്ചു. പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി ഇപ്പോള്‍ സൈന്യത്തെ ഡാര്‍ജീലിംഗില്‍ വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുമ്പില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ഇതിനിടയില്‍ ബംഗാള്‍ സര്‍ക്കാറുമായി ഒരുതരത്തിലുള്ള ചര്‍ച്ചക്കും തങ്ങളില്ലെന്ന് ഗുര്‍ഖാജനമുക്തി മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്ന് ഇവര്‍ വ്യക്തമാക്കുകയും ചെയ്തു. ബി ജെ പിയുടെ പിന്തുണയോടെയാണ് ഡാര്‍ജീലിംഗ് മണ്ഡലത്തില്‍ നിന്ന് എസ് എസ് അലുവാലിയാ ലോക്‌സഭാംഗമായത്. അതുകൊണ്ട് തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ബി ജെ പിയുമായുള്ള ചര്‍ച്ചകൊണ്ട് കഴിയുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ. മമതയുമായി ഒരൂ കാരണവശാലും തങ്ങള്‍ ചര്‍ച്ചനടത്താന്‍ തയ്യാറല്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നും മമതയാകട്ടെ ഈ സമരത്തെ അവഹേളിക്കുകയാണെന്നും ജി ജെ എം ജനറല്‍ സെക്രട്ടറി ബിനെയ് തമാങ് പറയുന്നു. ഗൂര്‍ഖകളുടെ നേതാവ് ബിമന്‍ ഗുരുങ് ഡാര്‍ജീലിംഗിലെ ജനങ്ങളുടെയാകെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവാണ്. ഗൂര്‍ഖസംസ്ഥാനത്തിനായുള്ള ഡാര്‍ജീലിംഗ് ജനതയുടെ സമരനായകനായ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആവശ്യം കൊടുങ്കാറ്റായി ഈ മേഖലയില്‍ ആഞ്ഞടിച്ചു. 2007 മുതലാണ് ബിമല്‍ഗുരുങിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങുന്നത്. ഇതിനും മുമ്പും ഈ ആവശ്യം ഉണ്ടായിട്ടുണ്ടെങ്കിലും ബിമല്‍ഗുരുങ് ഇറങ്ങിയതോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു.

സുഭാഷ് ഗിസിങ്ങിന്റെ നേതൃത്വത്തിലുള്ള ഗൂര്‍ഖനാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജി എന്‍ എല്‍ എഫ്) നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നിന്ന് വേര്‍പെട്ട് ഗൂര്‍ഖ ജനശക്തി മോര്‍ച്ച എന്ന പാര്‍ട്ടി രൂപവത്കരിച്ചാണ് പിന്നീട് വിമല്‍ പ്രക്ഷോഭം തുടങ്ങിയത്. ഗൂര്‍ഖാലാന്റ് സംസ്ഥാനമെന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടത് അദ്ദേഹത്തിലൂടെയായിരുന്നു. ഈ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സംസ്ഥാനരൂപീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
1986ലും 88ലും നടന്ന ഡാര്‍ജീലിംഗ് പ്രക്ഷോഭണത്തില്‍ 1200 ആളുകളാണ് കൊല്ലപ്പെട്ടത്. അന്ന് ബംഗാള്‍ ഭരിച്ചിരുന്നത് ഇടതുസര്‍ക്കാറായിരുന്നു. സമരരംഗത്ത് ശക്തമായതോടെ ബിമലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ വര്‍ധിച്ചു. മമത അധികാരത്തിലേറിയതോടെ വീണ്ടും ഗൂര്‍ഖാലാന്റിനായുള്ള സമരം ശക്തിപ്പെട്ടു. ഇതോടെ എല്ലാ നിലയിലും വിമല്‍ഗുരുങ് ജനങ്ങളുടെ അനിഷേധ്യനേതാവായി മാറുകയായിരുന്നു. ഡാര്‍ജിലിംഗ് ഗൂര്‍ഖാകൗണ്‍സിലിന്റെ ഭരണം നിര്‍വ്വഹിക്കുന്ന ഗൂര്‍ഖാ ജനശക്തിമോര്‍ച്ച തിങ്കളാഴ്ച മുതലാണ് അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചത്.
ബന്ദ് അടിച്ചമര്‍ത്താന്‍ പട്ടാളത്തെ ഇറക്കുമെന്ന ഭീഷണി മമത ഉയര്‍ത്തിയിട്ടുണ്ട്. ഗൂര്‍ഖകൗണ്‍സിലിനോട് ആലോചിക്കാതെ ഡാര്‍ജീലിംഗിലെ സ്‌കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധിത മാക്കി ധൃതിപിടിച്ചെടുത്ത തീരുമാനമാണ് യഥാര്‍ഥത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. സ്വയം ഭരണ കൗണ്‍സിലിന്റെ അധികാരം കവര്‍ന്നെടുക്കാനുളള പശ്ചിമബംഗാള്‍ ഗവണ്‍മെന്റിന്റെ നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് ജി ജെ എം നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. അനിശ്ചിതകാല ബന്ദ് കൂടുതല്‍ അക്രമാസക്തമാകുകയാണ്. വിവിധ സ്ഥലങ്ങളില്‍ ബന്ദനുകൂലികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുകളും നടന്നു. പലയിടത്തും വാഹനങ്ങളും ഗവണ്‍മെന്റാഫീസുകളും തീയിട്ടു നശിപ്പിച്ചു. അക്രമങ്ങള്‍ക്ക് തടയിടാന്‍ സി ആര്‍ പി എഫ് ഉള്‍പ്പെടെ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. 1500ഓളം സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. ഗൂര്‍ഖാ ജനശക്തിമോര്‍ച്ചയുടെ ഓഫീസിലും പ്രസിഡന്റ് ബിമല്‍ഗുരുങിന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. ഡാര്‍ജീലിംഗിനെ കൂടാതെ കക്ഷിയാങ്, കാലിപോങ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഇതില്‍ പ്രതിഷേധിച്ച് ജി ജെ എം പ്രവര്‍ത്തകര്‍ വന്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
ബംഗാളിലെ മുന്‍ഇടതുമുന്നണി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറുമായും ജി ജെ എം പ്രതിനിധികളുമായും ഉണ്ടാക്കിയ ത്രികക്ഷികരാറിന്റെ അടിസ്ഥാനത്തിലാണ് ഗൂര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ രൂപവത്കരിച്ചത്. ഈ ത്രികക്ഷി സംവിധാനം വീണ്ടും സജീവമാക്കാനും ശക്തിപ്പെടുത്താനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സി പി എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു. ഗൂര്‍ഖാലാന്റ് പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ പ്രക്ഷോഭകാരികളോട് അക്രമത്തിന്റെ മാര്‍ഗം ഉപേക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അഭ്യര്‍ഥിച്ചിരിക്കുകയാണ്. സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രി മമതാബാനര്‍ജിയുമായി രാജ്‌നാഥ് ചര്‍ച്ച നടത്തി. ഡാര്‍ജിലിംഗില്‍ ടൂറിസ്റ്റുകള്‍ എത്തുന്നതിന് ഈ സമരം വലിയ തടസ്സമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബംഗാളിലെ സാമ്പത്തിക ഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണിത്.
യഥാര്‍ഥത്തില്‍ ഗൂര്‍ഖമുക്തിമോര്‍ച്ച പ്രക്ഷോഭം ആരംഭിച്ചത് ബംഗാള്‍ ഭാഷ നിര്‍ബന്ധഭാഷയായി അടിച്ചേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ്. ഗൂര്‍ഖാലാന്റ് പ്രഖ്യാപനം പിന്നീടാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. അവിടെ സിലബസില്‍ ഹിന്ദിയും നേപ്പാളിയുമാണ് ഉണ്ടായിരുന്നത്. ബംഗാള്‍ ഭാഷകൂടി ഉള്‍പ്പെടുത്തുമ്പോള്‍ അവിടത്തെ പ്രാദേശിക ഭരണസമിതിയുമായി ആലോചിക്കുകയും അവരുടെ സമ്മതത്തോടുകൂടിയായിരിക്കണം ഇത് നടപ്പിലാക്കേണ്ടതും എന്നുമുള്ള ഗൂര്‍ഖലാന്റ് മുക്തിമോര്‍ച്ചയുടെ അഭിപ്രായം വസ്തുതാപരമായിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മമതയ്ക്കും സംസ്ഥാന ഭരണാധികാരികള്‍ക്കുമാണ് പിശക് പറ്റിയിട്ടുള്ളത്. ഗൂര്‍ഖ ജനമുക്തി മോര്‍ച്ചക്ക് ബി ജെ പിയുമായി നല്ല ബന്ധമാണുള്ളത്. ബി ജെ പി ഈ പ്രശ്‌നത്തില്‍ വ്യക്തമായ ഒരു നയസമീപനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. ബി ജെ പിയുമായും കേന്ദ്ര സര്‍ക്കാറുമായുമുളള ബന്ധം കൊണ്ട് തന്നെയാണ് ഇപ്പോള്‍ ഗൂര്‍ഖമുക്തിമോര്‍ച്ച നേതാക്കള്‍ തങ്ങള്‍ക്ക് മമതാബാനര്‍ജിയില്‍ വിശ്വാസമില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും പറയുന്നത്.
ദേശീയ ജനവിഭാഗങ്ങള്‍ എല്ലാ രാജ്യത്തും തങ്ങള്‍ക്ക് സ്വതന്ത്ര ഭൂപ്രദേശം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും അത് നേടിയെടുക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ദേശീയത തന്നെയാണ് ഒരു രാഷ്ട്രത്തിന്റ അടിത്തറ. അതുകൊണ്ട് തന്നെ സ്വതന്ത്ര സംസ്ഥാനം അനുവദിക്കണമെന്ന ഡാര്‍ജീലിംഗിന്റെയും ഗൂര്‍ഖ ദേശീയതയുടേയും നേപ്പാളി വംശജരുടേയും വാദങ്ങളെ ആര്‍ക്കും അത്രയെളുപ്പം തള്ളിക്കളയാന്‍ കഴിയുന്നതല്ല. ഇന്നല്ലെങ്കില്‍ നാളെ അത് ഭരണാധികാരികള്‍ക്ക് അംഗീകരിക്കേണ്ടിയും വരും. എന്നാല്‍ അക്രമങ്ങളും, പൊതുമുതല്‍ നശിപ്പിക്കലുമൊന്നും മഹത്തായ ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഗുണകരമായതല്ലെന്ന് ഗൂര്‍ഖമോര്‍ച്ചക്കാര്‍ മനസ്സിലാക്കണം. അക്രമം ഉപേക്ഷിച്ച് സമാധാനപരമായ പ്രക്ഷോഭണത്തില്‍ കൂടിതന്നെ തങ്ങളുടെ മഹത്തായ ലക്ഷ്യം നേടിയെടുക്കാനാണവര്‍ ശ്രമിക്കേണ്ടത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും കേന്ദ്രസര്‍ക്കാറും ഗൂര്‍ഖമുക്തിമോര്‍ച്ച ഭാരവാഹികളും വളരെ സൗഹാര്‍ദപരമായ ചര്‍ച്ചയിലൂടെ കൂട്ടായി ഡാര്‍ജീലിംഗ് പ്രശ്‌നം പരിഹരിക്കാനാണ് ഈ വൈകിയ വേളയിലെങ്കിലും തയ്യാറാകേണ്ടതും.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

---- facebook comment plugin here -----

Latest