Connect with us

International

ഇറാഖിലെ സുപ്രസിദ്ധ പള്ളി ഇസില്‍ തകര്‍ത്തു

Published

|

Last Updated

ബഗ്ദാദ്: അബൂബക്കര്‍ അല്‍ ബഗ്ദാദി ഖിലാഫത്ത് അവകാശവാദം നടത്തിയ മൊസൂളിലെ സുപ്രസിദ്ധ പള്ളി ഇസില്‍ തീവ്രവാദികള്‍ തകര്‍ത്തു. ഗ്രാന്‍ഡ് അന്നൂരി പള്ളിയുടെ മിനാരങ്ങളടക്കം തീവ്രവാദികള്‍ തകര്‍ത്തുവെന്ന് ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന് ഇസില്‍ വൃത്തങ്ങള്‍ പറയുന്നു. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിന്റെ കേന്ദ്ര ഭാഗത്താണ് ഇസില്‍ തീവ്രവാദികള്‍ ഇപ്പോള്‍ പ്രധാനമായും തമ്പടിച്ചിരിക്കുന്നത്. ഇവരെ തുരത്താനായി കഴിഞ്ഞ ഒരു മാസം ഇവിടെ രൂക്ഷമായ ആക്രമണമാണ് ഇറാഖീ സൈന്യം നടത്തുന്നത്.

പഴയ മൊസൂളിലെ ഇസില്‍ കേന്ദ്രത്തിന് തൊട്ടടുത്ത് സൈന്യം എത്തിയപ്പോഴാണ് ചരിത്രപരമായ പ്രധാന്യമുള്ള അന്നൂരി പള്ളി തകര്‍ക്കുകയെന്ന ക്രൂരത തീവ്രവാദികള്‍ ചെയ്തതെന്ന് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ആമിര്‍ യാറല്ല പറഞ്ഞു. മൊസൂള്‍ ആക്രമണത്തിന്റെ ഏകോപന ചുമതലയുള്ള കമാന്‍ഡറാണ് യാറല്ല. ബുധനാഴ്ച വൈകിയാണ് പള്ളി തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച തന്നെ ഇറാഖി സൈന്യം മൊസൂള്‍ നഗരം വളഞ്ഞിരുന്നു. യു എസ് വിമാനം നടത്തിയ ബോംബാക്രമണത്തിലാണ് പള്ളി തകര്‍ത്തതെന്ന് ഇസില്‍ വെബ്‌സൈറ്റായ അമഖ് കുറ്റപ്പെടുത്തി. എന്നാല്‍ യു എസ് സൈന്യം ഈ ആരോപണം നിഷേധിച്ചു. ആ ഭാഗത്ത് ഒരു സൈനിക നടപടിയും നടത്തിയിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ ജോണ്‍ ദോരിയന്‍ പറഞ്ഞു. ഇസിലിന്റെ ക്രൗര്യത്തിന്റെ തെളിവാണ് പള്ളിയില്‍ കണ്ടതെന്ന് യു എസ് മേജര്‍ ജനറല്‍ ജോസഫ് മാര്‍ട്ടിന്‍ പറഞ്ഞു. ഇസില്‍ തീവ്രവാദികള്‍ പരാജയം സമ്മതിക്കുകയാണ് പള്ളി തകര്‍ത്തതിലൂടെ ചെയ്തതെന്ന് ഇറാഖ് പ്രധാനമന്ത്രി നൂരി ഹൈദര്‍ അല്‍ അബ്ബാദി പറഞ്ഞു.
അല്‍ ഹബ്ബ എന്ന് ഇറാഖികള്‍ ഭക്തി പൂര്‍വം വിളിക്കുന്ന പള്ളി 1172- 73 കാലത്ത് പണിതതാണ്. കുരിശുയുദ്ധക്കാര്‍ക്കെതിരെ പോരാടിയ നൂറുദ്ദീന്‍ അല്‍സാങ്കിയുടെ മരണത്തിന് തൊട്ടു മുമ്പ് അദ്ദേഹത്തിനോടുള്ള ആദരസൂചകമായാണ് പള്ളി പണിതത്. 2014 ജൂണില്‍ ഈ പള്ളിയില്‍ വെച്ചാണ് അബൂബക്കര്‍ അല്‍ ബഗ്ദാദി തന്റെ ഖിലാഫത്ത് അവകാശം നടത്തിയത്. ഈ വിഡീയോ ആണ് ഇപ്പോഴും ബഗ്ദാദിയുടേതായി പ്രചരിക്കുന്ന ഒരേയൊരു വീഡിയോ. സാമൂഹിക മാധ്യമങ്ങളില്‍ ഇറാഖികളുടെ രോഷവും ദുഃഖവും പെയ്തിറങ്ങുകയാണെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിന്റെ ഏറ്റവും പ്രാധാന്യമേറിയ ചരിത്ര സ്മാരകമാണ് തകര്‍ന്ന് വീണിരിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ജനങ്ങള്‍ രോഷാകുലരായി പ്രതികരിച്ചു. ഇത് ഒരു പള്ളിയുടെ പ്രശ്‌നമല്ല, മതത്തിന്റെ പാരമ്പര്യത്തിന്റെയും രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും പ്രശ്‌നമാണെന്ന് അവര്‍ വ്യക്തമാക്കുന്നു. പാരമ്പര്യ ശേഷിപ്പുകളോട് ഇസില്‍ സംഘത്തിന്റെ മനോഭാവം കൂടിയാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതികരണങ്ങളില്‍ പറയുന്നു.

Latest