സിറിയന്‍ ജനതക്ക് ഖത്വറിന്റെ സഹായം 200 കോടി ഡോളര്‍ കവിഞ്ഞു

Posted on: June 16, 2017 12:06 pm | Last updated: June 16, 2017 at 12:06 pm
ഖത്വര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നു (ഫയല്‍)

ദോഹ: ആഭ്യന്തര പ്രശ്‌നം ഉടലെടുത്തതിന് ശേഷം സിറിയന്‍ ജനതക്കുള്ള ഖത്വറിന്റെ സഹായം 200 കോടി ഡോളറിലേറെയായി. കഴിഞ്ഞ വര്‍ഷം തന്നെ സിറിയയിലെ ഖത്വറിന്റെ സഹായം 1.6 ബില്യണ്‍ ഡോളറിലേക്കെത്തിയതായി വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഹമാദി പറഞ്ഞു. സിറിയയക്ക് സംഭാവനല്‍കുന്നവരുടെ ഉന്നതതലയോഗത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

സിറിയന്‍ ജനങ്ങള്‍ക്കായി ഒട്ടനവധി കാരുണ്യ വികസനപദ്ധതികളാണ് ഖത്വര്‍ നടപ്പാക്കുന്നത്. സിറിയയില്‍ നടത്തുന്ന മാനുഷിക കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഖത്വറിന് അഭിമാനമുണ്ട്. ഖത്വരിയായ ഡോ.അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖിയാണ് യു എന്‍ സെക്രട്ടറി ജനറലിന്റെ മാനുഷിക കാരുണ്യകാര്യപ്രവര്‍ത്തനങ്ങളുടെ പ്രതിനിധി. മാനുഷിക കാരുണ്യരംഗങ്ങളില്‍ ആത്മാര്‍ഥമായ പരിശ്രമമാണ് അദ്ദേഹം നടത്തുന്നത്. സിറിയന്‍ പ്രതിസന്ധി അഞ്ച് ലക്ഷത്തിലധികം ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. സിറിയന്‍ ജനതക്ക് അവര്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ ലഭിക്കാതെ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്നും ഡോ. അഹ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദി പറഞ്ഞു.
ഡോ.അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സിറിയന്‍ ജനതയെ സഹായിക്കുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ആതിഥ്യം നല്‍കുന്ന തുര്‍ക്കി, ഇറാഖ്, ജോര്‍ദാന്‍ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. സിറിയന്‍ ജനതക്കായി ഖത്വര്‍ നടപ്പാക്കുന്ന സഹായപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡോ. അല്‍ ഹമ്മാദി വിശദീകരിച്ചു.
സിറിയയെ സഹായിക്കുന്നതിനായി വിപുലമായ ക്യാമ്പയിനുകളാണ് ഖത്വര്‍ നടത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ക്യാമ്പയിനിലൂടെ 330 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഏപ്രില്‍ നാല്, അഞ്ച് തീയതികളില്‍ ബ്രസല്‍സില്‍ നടന്ന സമ്മേളനത്തില്‍ 100 മില്യണ്‍ ഡോളറിന്റെ സഹായം ഖത്വര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ സമ്മേളനത്തിലാകെ ആറു ബില്യണ്‍ ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടത്.

അലപ്പോയിലെ ജനങ്ങള്‍ വലിയ പ്രതിസന്ധിയും ദുരിതവും നേരിടുന്ന ഘട്ടത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഖത്വര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ലെ ദേശീയദിനാഘോഷ പരിപാടികള്‍ റദ്ദാക്കിയിരുന്നു. സിറിയയെ സഹായിക്കുന്നതിനായി ഏപ്രിലില്‍ ദോഹ മേഖലാ സമ്മേളനം സഘടിപ്പിച്ചിരുന്നു. ഐക്യരാഷ്ട്രസഭയും 25 ദേശീയ മേഖലാ എന്‍ ജി ഒ സംഘടനകള്‍ പങ്കെടുത്തു. 262 മില്യണ്‍ ഡോളറിന്റെ സഹായവാഗ്ദാനം ആ സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. സിറിയന്‍ സഹോദരങ്ങള്‍ക്ക് ഖത്വര്‍ ആതിഥ്യം നല്‍കുകയും തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.