രാഷ്ട്രപതി തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഇ ശ്രീധരനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

Posted on: June 16, 2017 11:17 am | Last updated: June 16, 2017 at 1:01 pm

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മെട്രോമാന്‍ ഇ ശ്രീധരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വാര്‍ത്തയോട് എന്‍ഡിഎ വൃത്തങ്ങള്‍  പ്രതികരിച്ചിട്ടില്ല.

ഇ ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍നിന്ന് ആദ്യം ഒഴിവാക്കിയതെന്നാണ് വിവരം. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 13 പേരുടെ പട്ടികയില്‍ ശ്രീധരന്റെ പേര് ഉണ്ടായിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടിക ഏഴാക്കി ചുരുക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായി.

ഇതിന് പിന്നാലെയാണ് ശ്രീധരനെ രാഷ്ടപതി സ്ഥാനാര്‍ഥിയാക്കാന്‍ എന്‍ഡിഎ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കൊച്ചി മെട്രോ ഉദ്ഘാടന പരിപാടിയില്‍ തനിക്കൊപ്പം ശ്രീധരന്‍ വേദി പങ്കിടുന്നത് ഉചിതമാകില്ലെന്ന് പ്രധാനമന്ത്രി കരുതിയിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം വേദിയില്‍നിന്ന് ഒഴിവാക്കിയത് എന്നാണ് വിലയിരുത്തല്‍.

പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനായി ബിജെപി ്അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച മൂന്നംഗ സമിതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കൊണ് ഇ ശ്രീധരന്റെ പേരും ഉയര്‍ന്നുവന്നത്.
കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റിലി എന്നിവരാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി അംഗങ്ങള്‍.