Connect with us

Ongoing News

മരുഭൂമിയില്‍ കടല്‍ തേടിപ്പോയ ചരിത്രാന്വേഷികള്‍

Published

|

Last Updated

വിചിത്രമായ ഒരു തലക്കെട്ടിലെ അവിശ്വസനീയതയില്‍ നിന്ന് ചരിത്രത്തിന്റെ വിശദാംശങ്ങളിലേക്ക് വായിച്ചിറങ്ങുമ്പോള്‍ നിങ്ങള്‍ ചെന്നെത്തുന്നത് നൂറ്റാണ്ടുകള്‍ പിറകില്‍ നമ്മുടെ തൊട്ടടുത്ത് ജീവിച്ചിരുന്നവരുടെ യഥാര്‍ഥ ലോകത്തിലേക്കായിരിക്കും.
250 മില്യണ്‍ വര്‍ഷങ്ങള്‍ പിറകില്‍ നമുക്ക് ചുറ്റും എന്തായിരുന്നുവെന്ന് പുരാവസ്തു ഗവേഷക വകുപ്പ് കണ്ടെത്തിയ തെളിവിലേക്ക് നാല് ചരിത്രാന്വേഷികള്‍ നടത്തിയ ഒരു ചരിത്രസഞ്ചാരമാണ് ഈ കുറിപ്പിനാധാരം.
ഉമ്മുല്‍ ഖുവൈനിലെ ഫലജ് മുഅല്ലയില്‍ നിന്നും മെസപ്പോട്ടോമിയ വരെയുള്ള ഭൂപ്രദേശത്തിലേക്ക് ദേശാന്തരഗമനികളായ ബദുക്കളുടെ അസ്ഥിര സഞ്ചാര ചരിത്രം 3000 ബി സി യിലേക്ക് നീളുന്നു.

ഉഷ്ണത്തിന്റെ തീനാമ്പുകളില്‍ നിന്നും വെന്തുയര്‍ന്ന മരുഭൂമിയില്‍ നിന്നായിരുന്നു ഞങ്ങളുടെ ആകാംക്ഷയുടെ അന്വേഷണം ആരംഭിച്ചത്. പക്ഷേ, ഈ ചരിത്രം ഫലജ് മുഅല്ലയുടെതല്ല, മരുഭൂമിയില്‍ കടല്‍ കണ്ടെത്തിയ ആര്‍ക്കിയോളജിയുടെ അറിവിന്റെ ലോകത്തിലേക്കാണ് ചരിത്രം ഇന്നിവിടെ നിങ്ങളോട് സംസാരിക്കുന്നത്.
മരുഭൂമണല്‍ പടിഞ്ഞാറന്‍ ഹജര്‍ കുന്നുകളുമായി കൂടിച്ചേര്‍ന്ന് മലീഹ മേഖലയില്‍ നിന്നും എമിറേറ്റ്‌സിന്റെ കിഴക്കേ തീരവും കടന്ന് ഒമാനിലൂടെ ഒമാന്‍ ഉള്‍കടലിന്റെ പരിധിയില്‍ എത്തുന്നു. ഷാര്‍ജയില്‍ നിന്നും കല്‍ബ റോഡിലേക്കുളള വഴിയില്‍ മലീഹയിലാണ് മരുഭൂമിയിലെ കടലിന്റെ ചരിത്രം ആര്‍ക്കിയോളജി പുറത്ത് കൊണ്ടുവന്നിട്ടുള്ളത്. ആ ചരിത്രത്തിന്റെ തുടര്‍ച്ചയില്‍ ആഫ്രിക്കയില്‍ നിന്നും ഹിമയുഗത്തില്‍ 2,500 കിലോമീറ്റര്‍ താണ്ടി ആദിമ മനുഷ്യര്‍ അറേബ്യന്‍ പെനിന്‍സുലയില്‍ എങ്ങിനെ വന്നെത്തിയെന്ന ചോദ്യവും നമ്മുടെ മുമ്പില്‍ ഉയരുന്നുണ്ട്. അവരുടെ കുടിയേറ്റത്തിന്റെ ചരിത്രത്തിലേക്ക് പോവുമ്പോള്‍ പലിയോലിത്തിക് മുതല്‍ ലോഹയുഗത്തിന്റെ അവസാനം വരെയുള്ള ആദിമ നിവാസികളുടെ അറേബ്യന്‍ പെനിന്‍സുലയിലെ ജീവിത രീതി തെളിവുകളോടെ നമുക്ക് വെളിപ്പെട്ടുവരികയാണ്.

ആരായിരുന്നു അറേബ്യന്‍ രാജ്യത്തിലെ ആദിമനിവാസികള്‍?
അവരുടെ ഭാഷ അറബിക് ആയിരുന്നോ ?
മരുഭൂമിയില്‍ കണ്ടെത്തിയ ആ കടല്‍ ഏതായിരുന്നു?

ഈ ചരിത്രവിഷയങ്ങള്‍ ഒന്നൊന്നായി പറഞ്ഞു തുടങ്ങാം.
മരുഭൂമിയില്‍ കണ്ടെത്തിയ കടലിന്റെ ഉത്ഭവത്തിന് 250 മില്യണ്‍ വര്‍ഷങ്ങളുടെ ചരിത്ര പഴക്കമുണ്ട്. ഇന്ത്യന്‍ മഹാസമുദ്രവും, അറ്റ്‌ലാന്റിക് സമുദ്രവും രൂപപ്പെട്ട് വരുന്നതിനു മുമ്പ് ഗോണ്ട്വന, ലോരേഷ്യ ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ നിലനിന്നു പോന്നതായിരുന്നു “ടെത്തിസ്” എന്നറിയപ്പെട്ടിരുന്ന ഈ സമുദ്രം.
ഗോണ്ട്വന ഭൂഖണ്ഡത്തിന്റെ പിളര്‍പ്പില്‍ ആഫ്രിക്കയും ഇന്ത്യയും വടക്കോട്ട് തള്ളപ്പെട്ടപ്പോള്‍ “ടെത്തിസ്”ന്റെ ഒരു ഭാഗം ഇന്ത്യന്‍ മഹാസമുദ്രമായി രൂപപ്പെട്ടു. കാലാന്തരങ്ങളായി ചുറ്റുപാടുമുള്ള കരസമൂഹങ്ങള്‍ ടെത്തിസ് കടലില്‍ ഞെരുങ്ങി ഇറങ്ങിയപ്പോള്‍ കടലിന്റെ ആഴം കുറയുകയും കടല്‍ ചുരുങ്ങി അതിന്റെ പരിധി ലോപിച്ച് വരികയും ചെയ്തു. മഹാസമുദ്രങ്ങളുടെ ഉത്ഭവകാലത്ത് അവയുടെ ആഴം ഇന്നുള്ളത്‌പോലെ അഗാധമായിരുന്നില്ല.
സെനോസിയിക് കാലഘട്ടത്തില്‍ (60 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്) സമുദ്രങ്ങളുടെ ആഴം നൂറോളം മീറ്റര്‍ കുറഞ്ഞുവരികയും ഇന്നത്തെ അറ്റ്‌ലാന്റിക്കിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയിലുള്ള പ്രദേശമായ മിഡില്‍ ഈസ്റ്റ് രൂപപ്പെട്ട് വരികയും ചെയ്തും. ഈ രൂപാന്തരത്തിന് മുമ്പുള്ള ടെത്തിസ് കടലിന്റെ ഭാഗമാണ് ശിലാദ്രവ്യമായി മലീഹയില്‍ നമുക്ക് നേരിട്ട് കാണാന്‍ കഴിയുന്നത്. ജബല്‍ മലീഹയിലെ ചെരിവുകളില്‍ കടല്‍ ജീവികളുടെയും കടല്‍ തട്ടിന്റെയും ഫോസില്‍ ഭാഗം ഇന്നും വ്യക്തമായി കാണാവുന്നതാണ്.

ആഫ്രിക്കയില്‍ നിന്നും ആദിമമനുഷ്യര്‍ അവരുടെ കുടിയേറ്റം മറ്റിടങ്ങളിലേക്ക് ആരംഭിച്ചപ്പോള്‍ അതില്‍ ഒരു വിഭാഗം ഇന്നത്തെ അറേബ്യന്‍ പെനിന്‍സുലയിലും വന്നെത്തി. ഹിമയുഗത്തില്‍ 2,500 കിലോമീറ്റര്‍ താണ്ടി ജബല്‍ ഫായയില്‍ എത്തിയവരുടെ ജീവിതത്തിന് ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം വര്‍ഷങ്ങളുടെ ചരിത്രം ആധുനിക യുഗത്തോട് പറയാനുണ്ട്. ഈ ചരിത്ര വസ്തുതകള്‍ അടുത്തകാലത്തായി പുറം ലോകമറിഞ്ഞത് പുരാവസ്തുശാസ്ത്രജ്ഞരുടെ ഉത്ഖനന ഫലമായുണ്ടായ അറിവുകളുടെ അടിസ്ഥാനത്തിലാണ്.
1973ല്‍ മലീഹയില്‍ ഇറാഖി ആര്‍ക്കിയോളജി ഡിപ്പാര്‍ട്‌മെന്റ് തുടങ്ങിവെച്ച ഉത്ഖനനം 1984 മുതല്‍ 2011 വരെ ഫ്രഞ്ച് ടീം തുടര്‍ന്നു . അതിനു ശേഷം ആസ്‌ട്രേലിയ, സ്‌പെയിന്‍, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ മലീഹ, ജെബല്‍ ഫായ, ബുഹിസ്, തോകൊല്‍ബ തുടങ്ങിയ സ്ഥലങ്ങളില്‍ ഉത്ഖനനം നടത്തി നിര്‍ണായകമായ പല തെളിവുകളും ശേഖരിച്ചു.
2010ല്‍ നടന്ന ഒരു പഠനത്തിന്റെ ഫലം സങ്കീര്‍ണമായ ചില പുരാവസ്തു വിവരങ്ങളിലേക്ക് നമ്മെ വഴിതിരിച്ചു വിട്ടിട്ടുണ്ട്.

ആഫ്രിക്കയുടെ വടക്ക് ഭാഗം വഴി ഏകദേശം ഒരു ലക്ഷത്തിമുപ്പതിനായിരത്തിനും ഒരു ലക്ഷത്തി പതിനഞ്ചായിരത്തിനുമിടയില്‍ അവര്‍ അറേബ്യന്‍ പെനിന്‍സുലയില്‍ വന്നെത്തിയതിന് ശിലായുഗ ഉപകരണങ്ങള്‍ തെളിവ് തരുന്നു.
അവിടെ കണ്ട ലിഖിതങ്ങള്‍ സൗത്ത് അറേബ്യയിന്‍ നിന്നും അറാമികില്‍ നിന്നും ഉത്ഭവിച്ചിട്ടുള്ള എഴുത്തിന്റെ സമ്പ്രദായത്തില്‍ നോര്‍ത്ത് ഈസ്റ്റ് അറേബ്യയിലെ “ഹസയിറ്റിക്ക്” ഭാഷയായി സംസാരിക്കപ്പെട്ട് വന്നിട്ടുള്ളതാണ്.ഈ ഭാഷ ശവകുടീരങ്ങളിലും, കളിമണ്‍ പാത്രങ്ങളിലും ചെമ്പ് പാത്രങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
അറബി ഭാഷ രൂപപ്പെടുന്നതിന് മുമ്പുള്ള പുരാതന അറേബ്യന്‍ പ്രദേശങ്ങളിലെ ഭാഷ വലത് നിന്നും ഇടത്തോട്ട് എഴുതുന്നതാണ്.
സെമിറ്റിക് ഭാഷകളായ അറാമിക്, ഹീബ്രു, ഉഗറിട്ടിക്, പ്യോനിഷ്യന്‍, ദാടനിട്ടിക്, ടായ്മനിടിക് ഭാഷകളില്‍ ചെന്ന് ചേരുന്നതാണ് അറബിഭാഷയുടെ വേരുകള്‍.
നജദിലും പടിഞ്ഞാറന്‍ അറേബ്യയിലും തല്‍മുദി ഉപയോഗിച്ചതായി രേഖകളുണ്ട്. കിഴക്കന്‍ ഭാഗങ്ങളില്‍ ഹസയിറ്റിക്കും, വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സഫയിറ്റിക്, ഹിസ്മയിക്, തല്‍മുദി, ഭാഷകള്‍ നിലവില്‍ ഉണ്ടായിരുന്നു. സഫയിറ്റിക്, ഹിസ്മയിക് ഭാഷകളാണ് പുരാതന അറബി ഭാഷയുടെ ജനനവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടു നില്‍ക്കുന്നത്. ഒന്നാം നൂറ്റാണ്ട് ആവുമ്പോഴേക്കും അത് നബാറ്റിയന്‍ ലിപിയിലേക്ക് വന്നു.

മലീഹ, ജബല്‍ ഫായ, ബുഹിസ്, തോകൊല്‍ബ തുടങ്ങിയ സ്ഥലങ്ങളില്‍ ശിലായുഗം മുതല്‍ ലോഹ യുഗത്തിന്റെ അവസാനം വരെയും തുടര്‍ന്ന് ഇസ്‌ലാമിക് കാലഘട്ടത്തിന്റെ മുമ്പ് വരെയുള്ള അവരുടെ ജീവിതം അടുത്തറിഞ്ഞു കാണാന്‍ പുരാവസ്തു ഉത്ഖനന സൈറ്റിലൂടെ ഞങ്ങള്‍ 45 ഡിഗ്രി ചൂടില്‍ ഒരു പകല്‍ മുഴുവന്‍ നടന്നു. വിശദ വിവരങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കപ്പെട്ട തെളിവുകളും മ്യൂസിയത്തിലെ പ്രസന്റേഷനും ചരിത്രത്തിലേക്കുള്ള അന്വേഷണത്തിന് ഒരു മുതല്‍കൂട്ടായി
ഫലജ് മുഅല്ലയില്‍ നിന്നും മെസോപ്പോട്ടോമിയയിലേക്ക് പോയ ബദവികളുടെ ചരിത്രവും ആഫ്രിക്കയില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ വന്നെത്തിയ മനുഷ്യരുടെ ചരിത്രവും മനസിലാക്കി പുരാവസ്തു സൈറ്റില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ സെമിറ്റിക് മതങ്ങളില്‍ പറഞ്ഞ ആദിമ മനുഷ്യരുടെ ആവിര്‍ഭാവ കാലഘട്ടം അറേബ്യയില്‍ തന്നെ പൊരുത്തപ്പെടാത്തത്തിനുള്ള കാരണമെന്താണെന്നുള്ള ഒരു ചോദ്യം മനസില്‍ ബാക്കിയായി.

---- facebook comment plugin here -----

Latest