Connect with us

Ongoing News

പാനമ: കപ്പലുകളുടെ സ്വന്തം രാജ്യം; 30 ലക്ഷം ജനങ്ങളുള്ള രാജ്യത്ത് 8600 കപ്പലുകള്‍

Published

|

Last Updated

കൊച്ചി: ലോകത്തെ ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിലൊന്നായ പാനമ കപ്പല്‍ ഉടമകളുടയും കമ്പനികളുടെയും പറുദീസയാണ്. ഈ കൊച്ചുരാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കപ്പലുകളുടെ എണ്ണമറിഞ്ഞാല്‍ ഇത് വ്യക്തമാകും. വെറും 30 ലക്ഷം മാത്രം ജനസംഖ്യയുള്ള പാനമയില്‍ 8,600 കപ്പലുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍പെട്ട അംബര്‍-എല്‍ എന്ന ചരക്ക് കപ്പലാണ് ചാവക്കാട് തീരത്ത് പുറംകടലില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മരണത്തിലേക്ക് നയിച്ച ദുരത്തിലെ വില്ലന്‍.

വന്‍ സാമ്പത്തിക ശക്തിയായ അമേരിക്ക പോലും കപ്പലുകളുടെ രജിസ്‌ട്രേഷന്റെ കാര്യത്തില്‍ പാനമക്ക് പിറകിലാണ്. അമേരിക്കയില്‍ 3400, ചൈനയില്‍ 3700 എന്നിങ്ങനെയാണ് കപ്പലുകളുടെ രജിസ്‌ട്രേഷന്‍. എന്നാല്‍ പാനമക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയാണ്. തൊട്ടുപിന്നില്‍ മാര്‍ഷല്‍ ഐലന്‍ഡ്‌സ്, ഹോങ്കോങ്, സിംഗപ്പൂര്‍ ഇങ്ങനെ പോകും ഈ കണക്ക്.
രജിസ്‌ട്രേഷന്‍ നടപടികള്‍ താരതമ്യേന എളുപ്പമാണെന്നതാണ് കപ്പല്‍ കമ്പിനികളെ പാനമയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. ഓണ്‍ലൈനായും ചെയ്യാമെന്നതും, ഓപ്പണ്‍ രജിസ്ട്രി ആയതിനാല്‍ ആര്‍ക്കും രജിസ്‌ട്രേഷന്‍ സാധ്യമാണ്.

വിദേശത്ത് നിന്നുള്ള കപ്പലുടമകള്‍ വരുമാന നികുതി നല്‍കേണ്ടതില്ലെന്നതും കുറഞ്ഞ കൂലിക്കു ജോലിക്കാരെ കിട്ടുമെന്നതും കപ്പല്‍ കമ്പനികള്‍ക്ക് ഗുണകരമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ അയവുള്ള പാനമയില്‍ പരിശോധനകള്‍ കര്‍ശനമല്ലെന്നതും കപ്പല്‍ ജീവനക്കാരുടെ നിയമന വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കാന്‍ ബുദ്ധിമുട്ടില്ലെന്നതും ഇവിടുത്തെ രജിസ്‌ട്രേഷന്റെ എണ്ണം വര്‍ധിക്കാനിടയായിട്ടുണ്ട്. ലോകത്ത് വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍ പെടുന്ന കപ്പലുകളില്‍ അധികവും പാനമ രജിസ്‌ട്രേഷനിലാണെന്നതുള്ളത് ഇവിടുത്തെ സുരക്ഷാ പരിശോധനകള്‍ കര്‍ശനമല്ലെന്ന് വ്യക്തമാക്കുന്നതാണ്.

നേരത്ത സുരക്ഷാ പരിശോധനയില്‍ യു എസില്‍ പിടിക്കപ്പെട്ട “അംബര്‍ എല്‍” ഗതിനിയന്ത്രണ സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കപ്പല്‍ നിയന്ത്രിക്കുന്ന പരമപ്രധാനമായ ജോലി ചെയ്യുന്ന ഫസ്റ്റ് ഓഫീസറാകാന്‍ ഒരാളെ യോഗ്യനാക്കുന്ന സര്‍ട്ടിഫിക്കറ്റ് നാലായിരം യു എസ് ഡോളര്‍ കൊടുത്താല്‍ പാനമയില്‍ കിട്ടുമെന്നതുള്‍പ്പടെയുള്ള ക്രമക്കേടുകള്‍ പതിവ് സംഭവമായ പാനമയിലേക്ക് കപ്പല്‍ കമ്പനികള ആകര്‍ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest