Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫി സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് ഇംഗ്ലണ്ട്- പാക്കിസ്ഥാന്‍

Published

|

Last Updated

ഇംഗ്ലണ്ട് ടീം പരിശീലനത്തിനിടെ

കാര്‍ഡിഫ്: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇറങ്ങുന്നു. നാട്ടില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഇംഗ്ലണ്ട് സെമിഫൈനലിലേക്ക് കുതിച്ചത് ആധികാരിക വിജയങ്ങളുമായിട്ടാണ്. പാക്കിസ്ഥാന്‍ ആദ്യ കളിയില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിന്ന് ശക്തമായി തിരിച്ചുവരവ് നടത്തിയാണ് സെമിയിലെത്തിയത്.

ആള്‍ റൗണ്ട് മികവില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് ഫോം നഷ്ടമായ ഓപണിംഗ് ബാറ്റ്‌സ്മാന്‍ ജാസന്‍ റേയെ സെമിയില്‍ കളിപ്പിക്കുന്നില്ല. ജോണി ബെയര്‍സ്‌റ്റോവിനാണ് അവസരം നല്‍കുന്നത്.
ചാമ്പ്യന്‍സ് ട്രോഫി നേടുക എന്ന ഒറ്റ ലക്ഷ്യമേ ഒയിന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് പടക്കുള്ളൂ. സമീപകാലത്ത് മികച്ച ഫോമിലുള്ള ജോണി ബെയര്‍സ്‌റ്റോവിനെ ഇനിയും ബെഞ്ചിലിരുത്തേണ്ടെന്ന നിലപാടാണ് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്.

പ്രചവനാത്മക സ്വഭാവമുള്ള ടീമാണ് പാക്കിസ്ഥാന്‍. അവര്‍ക്കെതിരെ ഏറ്റവും മികച്ച ടീമിനെ തന്നെ ഇറക്കേണ്ടതുണ്ട്. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് ആകെ 51 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത ജാസന്‍ റോയിയെ വെച്ച് ഇനിയും പരീക്ഷണത്തിന് മുതിരുന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയായേക്കും. ബെയര്‍‌സ്റ്റോവാകട്ടെ കഴിഞ്ഞ മാസം കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക് ഷെറിനായി 113 പന്തില്‍ 174 റണ്‍സടിച്ചിരുന്നു.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചതും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതും പാക്കിസ്ഥാനെ കറുത്ത കുതിരകളാക്കുന്നു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ എട്ടാം റാങ്കോടെയാണ് പാക്കിസ്ഥാന്‍ വരുന്നത്.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ കഴിയുന്ന ടീമാണ് പാക്കിസ്ഥാന്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യം കാര്‍ഡിഫില്‍ പാക്കിസ്ഥാന്‍ വിജയകരമായി പിന്തുടര്‍ന്നിരുന്നു. സര്‍ഫറാസ് അഹമ്മദിന്റെ 90 റണ്‍സായിരുന്നു പാക്കിസ്ഥാന് അന്ന് ജയമൊരുക്കിയത്.

തീര്‍ത്തും അപ്രതീക്ഷിതമായ പ്രകടനം പുറത്തെടുക്കുന്ന പാക്കിസ്ഥാന്റെ കേളീ ശൈലിയില്‍ ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്‍ അപകടം കാണുന്നുണ്ട്. ശ്രീലങ്കക്കെതിരെ പാക്കിസ്ഥാന്‍ ജയിച്ചത് ക്യാപ്റ്റന്‍ സര്‍ഫറാസ് ഖാന്റെ ബാറ്റിംഗ് മികവിലായിരുന്നു. കോച്ച് മിക്കി ആര്‍തര്‍ സര്‍ഫറാസിനോട് ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനത്തേക്ക് കയറുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.