ഉപരോധ പ്രതിസന്ധി മറികടക്കാന്‍ ഖത്വര്‍ കമ്പനികള്‍ ഉത്പാദനം ഉയര്‍ത്തി

Posted on: June 13, 2017 3:30 pm | Last updated: June 13, 2017 at 3:19 pm

ദോഹ: അയല്‍ രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ ഖത്വറിലെ ഇറച്ചി, പാല്‍ ഫാക്ടറികള്‍ ഉത്പാദനം ഉയര്‍ത്തി. ഒരു ഷിഫ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്രമുഖ ഇറച്ചി സംസ്‌കരണ പ്ലാന്റ് തിങ്കളാഴ്ച മുതല്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിച്ചു തുടങ്ങി.

തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അധിക ഇറക്കുമതി നടത്തുന്നുണ്ടെങ്കിലും പ്രാദേശിക കമ്പനികള്‍ അവസരത്തിനൊത്ത് ഉയരുകയാണ്. ബ്രസീലില്‍ നിന്നെത്തുന്ന കോഴികളാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഖത്വര്‍ മീറ്റ് കമ്പനിയില്‍ സംസ്‌കരിച്ച് പാക്ക് ചെയ്യുന്നത്. ഉത്പാദനം മൂന്നിരട്ടിയാക്കാനാണ് പദ്ധതിയെന്ന് ഖത്വര്‍ മീറ്റ് കമ്പനിയുടെ മാതൃകമ്പനിയായ ഇന്റര്‍നാഷനല്‍ പ്രൊജക്ട്‌സ് ഡവലപ്‌മെന്റ് കമ്പനി ചെയര്‍മാന്‍ അഹ്്മദ് അല്‍ഖലഫ് പറഞ്ഞു. ഇപ്പോള്‍ നിത്യവും 40 ടണ്‍ കോഴി, ബീഫ്, ആട് ഉത്പന്നങ്ങളാണ് ഫാക്ടറിയില്‍ നിന്ന് സംസ്‌കരിച്ച് പുറത്തിറങ്ങുന്നത്. നേരത്തേയുള്ളതിന്റെ ഇരട്ടിയാണിത്. ഖത്വറിനെ സമ്മര്‍ദത്തിലാക്കുന്ന അയല്‍ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ തങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണിതെന്ന് ഖലഫ് പറഞ്ഞു.

മകന്‍ നടത്തുന്ന മാംസ സംസ്‌കരണ പ്ലാന്റും പച്ചക്കറികള്‍ വിളയുന്ന ഫാമും ഉള്‍പ്പെട്ടതാണ് ഖലഫിന്റെ ഭക്ഷ്യോത്പന്ന വ്യാപാരം. ഉപരോധം വന്നതോടെ ഇവിടേക്കു വേണ്ട 30 കണ്ടയ്‌നറുകള്‍ ദുബൈയിലെ ജബല്‍ അലി പോര്‍ട്ടില്‍ കുടുങ്ങിയിരുന്നു. എന്നാല്‍, തുര്‍ക്കിയില്‍ നിന്ന് നേരിട്ട് വിമാനത്തിലും സലാല പോലുള്ള മറ്റു രാജ്യങ്ങളിലെ തുറമുങ്ങള്‍ ഉപയോഗിച്ചും അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചു. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ചില ഉപകരണങ്ങള്‍ വിദേശത്തു നിന്ന് വിമാനം വഴി എത്തിക്കുന്നുണ്ടെന്നും ഖലഫ് പറഞ്ഞു.

മറ്റു ഖത്വരി കമ്പനികളും ഉത്പാദനവും പ്രവര്‍ത്തനവും ഉയര്‍ത്തുന്നുണ്ട്. വിപണിയില്‍ തങ്ങളുടെ ഓഹരി വര്‍ധിപ്പിക്കാനുള്ള നല്ല അവസരമായാണ് ഇതിനെ കാണുന്നതെന്ന് ഗള്‍ഫ് ഫുഡ് പ്രൊഡക്്ഷന്‍ കമ്പനി ഉടമ മുഹമ്മദ് അല്‍കുവാരി പറഞ്ഞു. ദിനംപ്രതി 15,000 ലിറ്റര്‍ പാലുത്പന്നങ്ങള്‍ നിര്‍മിച്ചിരുന്ന ഈ കമ്പനിയില്‍ ഇപ്പോള്‍ 20,000 ലിറ്ററാണ് ഉത്പാദിപ്പിക്കുന്നത്. റാവ എന്ന പേരിലുള്ള ബ്രാന്‍ഡില്‍ തൈര് ഈ കമ്പനിയില്‍ നിന്ന് പുറത്തിറങ്ങുന്നു. ഇവിടേക്കു വേണ്ട പാല്‍ ഫ്രാന്‍സില്‍ നിന്നാണ് എത്തിക്കുന്നത്. കപ്പലിലാണ് ഇതുവരെ പാല്‍ എത്തിയിരുന്നത്. എന്നാല്‍, ഇനി മുതല്‍ സര്‍ക്കാര്‍ സഹായത്തോടെ അതേ വിലയില്‍ വിമാനത്തില്‍ പാല്‍ എത്തിക്കും.