Connect with us

Articles

മുജീബുര്‍റഹ്മാന്‍ തയ്യാറല്ല

Published

|

Last Updated

മഴവെള്ളം ശേഖരിക്കാന്‍ വീട്ടില്‍ കിണര്‍ റീചാര്‍ജിംഗ് സംവിധാനം നിര്‍മിച്ചും ആ സന്ദേശം പ്രചരിപ്പിച്ചും മാതൃകയാകുകയാണ് മലപ്പുറം ജില്ലയിലെ കോഡൂര്‍ സ്വദേശി ചെകിരിമില്ല് ഇളിയണ്ണി മുജീബ്‌റഹ്മാന്‍. കൊടും വേനലിലും കുടിവെള്ളമോര്‍ത്ത് മുജീബുര്‍റഹ്മാന്റെ കുടുംബത്തിന് ടെന്‍ഷനില്ല, കാരണം വീട്ടു മുറ്റത്തെ കിണറില്‍ എപ്പോഴും മൂന്ന് റിംഗ് വെള്ളം കാണും. പത്ത് സെന്റ് സ്ഥലത്ത് 2700 സ്‌ക്വയര്‍ മീറ്ററില്‍ ബഹുനില വീട്ടിലെ ടെറസില്‍ നിന്നുള്ള വെള്ളം പൈപ്പ് വഴി ഫില്‍റ്റര്‍ ടാങ്ക് വഴി കിണറ്റിലേക്ക് എത്തിക്കുന്നത്. ഇതിനാല്‍ വേനല്‍ക്കാലമായാല്‍ നെട്ടോട്ടം ഓടേണ്ട അവസ്ഥയില്ല. കിണറില്‍ എപ്പോഴും വെള്ളം സുലഭമായി ലഭിക്കും. തന്റെ പറമ്പില്‍ പെയ്യുന്ന വെള്ളം അനാവശ്യമായി ഒഴുക്കി കളയാന്‍ മുജീബുര്‍റഹ്മാന്‍ തയ്യാറല്ല. മുജീബിന്റെ കിണര്‍ റീചാര്‍ജിംഗ് സംവിധാനത്തിന് പതിനായിരം രൂപ മാത്രമേ ചെലവുള്ളൂ. പോളീസ്റ്റര്‍ തുണി, വെള്ളാരന്‍ കല്ല്, കരി, മണല്‍ ഉപയോഗിച്ചാണ് വെള്ളം ഫില്‍ട്ടറിലൂടെ ശുദ്ധീകരിക്കുന്നത്. കിണര്‍ റീചാര്‍ജിംഗ് സ്ഥാപിച്ച് കഴിഞ്ഞാല്‍ പിന്നെ ഒരു ചെലവുമില്ല. 20 മിനിറ്റ് മഴ പെയ്താല്‍ 4000 ലിറ്റര്‍ വെള്ളമാണ് ടാങ്കില്‍ ലഭിക്കുന്നത്. വീട് വെക്കാനൊരുങ്ങുമ്പോള്‍ തന്നെ ഇങ്ങനെ ആശയമുണ്ടായിരുന്നു. കാരണം വേനല്‍ക്കാലമായാല്‍ അയല്‍വാസികളെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കുടുംബ വീടുകളിലേക്ക് വിരുന്ന് പോകുമായിരുന്നു. യൂട്യൂബിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് കിണര്‍ റീചാര്‍ജിംഗിനെക്കുറിച്ച് പഠിച്ചത്. വീടിന് അഭംഗിയാണെന്ന് പലരും പറഞ്ഞ് നിരുത്സാഹപ്പെടുത്തിയെങ്കിലും കിണര്‍ റീചാര്‍ജിംഗില്‍ നിന്ന് പിന്മാറാന്‍ മുജീബുര്‍റഹ്മാന്‍ തയ്യാറായില്ല.
ഏതാനും മീറ്ററുകള്‍ പൈപ്പ് ഉണ്ടായാല്‍ എല്ലാം എളുപ്പമാണ്. ടെറസിന് മുകളില്‍ എല്ലാവരും പാത്തി വെക്കുന്നുണ്ട്. അത് ക്ലബ്ബ്് ചെയ്ത് പൈപ്പ് ഒരു ടാങ്കിലേക്ക് സ്ഥാപിച്ചാല്‍ മതി. ഇഷ്ടിക കൊണ്ടാണ് ടാങ്ക് നിര്‍മിച്ചിട്ടുള്ളത്. ഇവിടെ നിന്ന് ഫില്‍ട്ടര്‍ വഴി കിണറിലേക്ക് ഒഴുക്കി വിടാം. ഫില്‍ട്ടറിന് ഒരു ഇഞ്ച് വലിപ്പമുള്ള പൈപ്പാണ് ആവശ്യമുള്ളത്.
കിണര്‍ റീചാര്‍ജിംഗ് സ്വയം പ്രയോഗവത്കരിക്കുക മാത്രമല്ല ഇതുസംബന്ധിച്ച് ബോധവത്കരണത്തിനും മുജീബ് മുതിരുന്നു. പുതിയ വീടു വെക്കുന്നവരോട് മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും ഇത് സ്ഥാപിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
ഇതേ തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെല്ലാം കിണര്‍ റീചാര്‍ജിംഗില്‍ താത്പര്യം പ്രകടിപ്പിച്ച് വീടുകളില്‍ ജല സംഭരണി സ്ഥാപിക്കുന്നുണ്ടെന്ന് മുജീബുര്‍റഹ്മാന്‍ ചാരിതാര്‍ഥ്യത്തോടെ പറയുന്നു. ഒരുപാട് പണം ചെലവഴിച്ചാണ് എല്ലാവരും വീട് നിര്‍മിക്കുക. വീടുകളില്‍ അനാവശ്യ അലങ്കാരങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് പകരം കിണര്‍ റീചാര്‍ജിംഗ് സ്ഥാപിച്ചാല്‍ അത് ഏറെ ഉപകാരപ്രദമാകും. കുറച്ച് പണം ചെലഴിച്ച് കഴിഞ്ഞാല്‍ വേനല്‍ക്കാലത്ത് വെള്ളത്തിന് വേണ്ടിയുള്ള നെട്ടോട്ടം ഒഴിവാക്കാന്‍ സാധിക്കും. മരം വെക്കുന്നത് പോലെയാണിത്. ഭാവി തലമുറക്കായുള്ള കാത്തുവെപ്പ്.
എട്ട് വര്‍ഷത്തോളം സഊദിയില്‍ ജോലിയിലായിരുന്നു 38കാരനായ മുജീബ്. ഇപ്പോള്‍ മലപ്പുറം മച്ചിങ്ങലില്‍ റോയല്‍ ഡ്രൈവേഴ്‌സ് എന്ന സ്ഥാപനം നടത്തുന്നു.

---- facebook comment plugin here -----

Latest