കൊച്ചി അപകടം: കപ്പൽ തത്ക്കാലം കരയിലെത്തിക്കാനാകില്ല; കപ്പിത്താനെതിരെ നരഹത്യാ കേസ്

Posted on: June 11, 2017 9:01 pm | Last updated: June 12, 2017 at 9:16 am

കൊച്ചി: കൊച്ചിയില്‍ രണ്ട് മത്സ്യബന്ധന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന് കാരണമായ വിദേശ കപ്പല്‍ ഉടന്‍ കരക്കെത്തിക്കാനാകില്ല. കപ്പലിന് നങ്കൂരമിടാന്‍ മാത്രം സൗകര്യമുള്ള ചാല്‍ കൊച്ചി തുറമുഖത്ത് ഇല്ലാത്തതാണ് കാരണം. ഈ സാഹചര്യത്തില്‍ കപ്പല്‍ തീരസംരക്ഷണ സേനയുടെ കാവലില്‍ ആഴക്കടലില്‍ തന്നെ തുടരും. പിന്നീട് കപ്പലില്‍ നിന്ന് ചരക്ക് ഇറക്കി ഭാരം കുറച്ച ശേഷം കൊച്ചി തുറമുഖത്ത് എത്തിക്കാനാണ് ആലോചിക്കുന്നത്.

അതിനിടെ, കപ്പലിന്റെ കപ്പിത്താന് എതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഇതോടൊപ്പം മത്സ്യബന്ധന ബോട്ടുകളില്‍ നീന്തല്‍ അറിയാത്ത ഇതര സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിക്കുന്നത് നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പനാമയില്‍ നിന്ന് എത്തിയ ആംബര്‍ എന്ന കപ്പലാണ് കൊച്ചി തീരത്തിന് സമീപം വെച്ച് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ 11 പേരും രക്ഷപ്പെടുകയും ചെയ്തു.