സൗഹൃദ പോരാട്ടത്തിൽ ബ്രസീലിനെതിരെ അർജൻറീനക്ക് വിജയം

Posted on: June 9, 2017 5:45 pm | Last updated: June 9, 2017 at 6:01 pm

മെല്‍ബണ്‍: ലോകത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ എതിരേറ്റ ബ്രസീൽ – അർജൻറീന ക്ലാസിക് പോരാട്ടത്തിൽ അർജൻറീനക്ക് ജയം. ബ്രസീലിനെ ഒരു ഗോളിനാണ് അർജൻറീന തറപറ്റിച്ചത്. മെല്‍ബണിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ പ്രേമികളുടെ ആരവങ്ങള്‍ക്കിടയില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീനക്ക് വിജയഗോള്‍ സമ്മാനിച്ചത്.

ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് ശേഷിക്കെയായിരുന്നു ഗോള്‍. എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ ക്രോസ് ഹിഗ്വെയ്ന്‍ ഹെഡ് ചെയ്തെങ്കിലും പോസ്റ്റില്‍ തട്ടി തിരിച്ചു വന്നു. ഈ സമയം ബോക്സിന് തൊട്ടുമുന്നിലുണ്ടായിരുന്ന സെവിയ്യ താരം ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പന്ത് വലയില്‍ എത്തിക്കുകയായിരുന്നു.

പുതിയ പരിശീലകന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയതായിരുന്നു അര്‍ജന്റീന . സെവിയ്യയുടെ പരിശീലകനായിരുന്ന അര്‍ജന്റീനക്കാരന്‍ ജോര്‍ജ് സംപോളിയാണ് സ്വന്തം ദേശത്തിന് വിജയ തന്ത്രമൊരുക്കിയത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന അർജൻറീനക്ക് ഇൗ വിജയം സമ്മോഹനമാകും. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് കളിക്കാന്‍ അര്‍ജന്റീനയുണ്ടാകുമോ എന്നത് ഇനിയും ഉറപ്പായിട്ടില്ല. സമീപകാലത്തൊന്നും നേരിടാത്ത വെല്ലുവിളിയാണ് അര്‍ജന്റീന നേരിടുന്നത്.

പതിമൂന്നിന് സിംഗപ്പൂരിനെതിരെയും അര്‍ജന്റീനക്ക് സൗഹൃദ മത്സരമുണ്ട്. ബ്രസീലിന് ആസ്‌ത്രേലിയയുമായിട്ടാണ് അടുത്ത സൗഹൃദ പോരാട്ടം.