ജനങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പം: ഖത്വര്‍ മന്ത്രിസഭ

Posted on: June 8, 2017 8:55 pm | Last updated: June 8, 2017 at 8:46 pm

ദോഹ: ഖത്വറിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഭരണ നേതൃത്വത്തിനൊപ്പം നില്‍ക്കുന്നതായി ഖത്വര്‍ മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭരണ നേതൃത്വത്തിന് രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന പിന്തുണയെ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പാക്കാനായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് തിങ്കളാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ രൂപവത്കരിച്ച പ്രത്യേക കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

പദ്ധതിയുടെ പുരോഗതി മന്ത്രിസഭ ഉറപ്പാക്കി. സര്‍ക്കാര്‍ ഏജന്‍സികളുടെ സജീവ പ്രവര്‍ത്തനത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തെക്കുറിച്ചും രാജ്യത്തിനെതിരെ നടക്കുന്ന കെട്ടിച്ചമച്ച മാധ്യമ പ്രചരണങ്ങളുടെ പിന്നിലെ ലക്ഷ്യത്തെക്കുറിച്ചും പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമുള്ള അവബോധത്തെയും മന്ത്രിസഭ പ്രശംസിച്ചു. ഭരണനേതൃത്വത്തിന് പിന്നില്‍ ഐക്യത്തോടെ അണിചേര്‍ന്ന പൗരന്മാരേയും പ്രവാസികളേയും മന്ത്രിസഭ പ്രശംസിച്ചു.
രാജ്യത്തിന്റെ ചിഹ്‌നം സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ചിഹ്‌നത്തിന്റെ ആകൃതി, രൂപകല്പന, നിറം, വലുപ്പം എന്നിവയെല്ലാം നിയമത്തിലെ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. അമീറിന്റെ ചിഹ്‌നവും നിയമത്തിലെ വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായിരിക്കണം. ചിഹ്നം ഔദ്യോഗിക കടലാസുകള്‍, സീല്‍, സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയിലും ഉപയോഗിക്കാം. രാജ്യത്തിന്റെ ചിഹ്‌നം വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്കും പെയിന്റിംഗ്, പരസ്യം തുടങ്ങിയ അനൗദ്യോഗിക കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.