364 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം

Posted on: June 7, 2017 9:53 am | Last updated: June 7, 2017 at 9:53 am

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് അപേക്ഷിച്ച് അവസരം ലഭിക്കാതെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ നിന്ന് 324 പേര്‍ക്കും മഹ്‌റം ക്വാട്ടയില്‍ അപേക്ഷിച്ചവരില്‍ നിന്ന് 40 പേര്‍ക്കും അവസരം നല്‍കിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. നേരത്തെ നറുക്കെടുപ്പില്ലാതെയും, നാലാം വര്‍ഷ അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെയുമായി അവസരം ലഭിച്ച 11,197 ഹാജിമാര്‍ക്ക് പുറമെയാന്ന് 364 പേര്‍ക്ക് കൂടി അവസരം ലഭിച്ചത്. വെയ്റ്റിംഗ് ലിസ്റ്റില്‍ ഒന്നു മുതല്‍ 324 വരെയുള്ളവര്‍ക്കാണ് ഇപ്പോള്‍ അവസരം ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇനിയും ഒഴിവുവരുന്ന സീറ്റുകളും കേന്ദ്ര സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകളും ലഭിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ഏതാനും പേര്‍ക്ക് കൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതായി അവസരം ലഭിച്ചവര്‍ ഈ മാസം 19ന് മുമ്പായി പണമടച്ച പേ ഇന്‍ സ്ലിപ്പിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫീസിലെത്തിക്കണം. ഗ്രീന്‍ കാറ്റഗറി ആവശ്യമുള്ളവര്‍ 2,35,150 രൂപയും അസീസിയ കാറ്റഗറി ആവശ്യമുള്ളവര്‍ 2, 01,750 രൂപയുമാണ് ബേങ്കിലടക്കേണ്ടത്. നേരത്തെ ഹജ്ജ് നിര്‍വഹിച്ചവരും ഇപ്പോള്‍ മഹ്‌റമായി പോകുന്നവരുമായവര്‍ 10,750 രൂപ അധികം അടക്കേണ്ടതുണ്ട്. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 11,850 രൂപയും ഹജ്ജ് കമ്മിറ്റി മുഖേന ബലി മൃഗം ആവശ്യമുള്ളവര്‍ 8,000 രൂപയും അധികമായി അടക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രദേശത്തെ ഹജ്ജ് ട്രെയ്‌നര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്.
കവര്‍ നമ്പര്‍: പേജ് പത്ത്‌