വാഹനം തടഞ്ഞ് ഗുണ്ടാ പിരിവ്; സംഘം പോലീസ് പിടിയില്‍

Posted on: June 6, 2017 10:52 pm | Last updated: June 6, 2017 at 10:52 pm
SHARE

കൊഴിഞ്ഞാമ്പാറ: തമിഴ്‌നാട് അതിര്‍ത്തിയായ ഗോപാലപുരം ചെക്ക് പോസ്റ്റിനു സമീപം വര്‍ഷങ്ങളായി വാഹനങ്ങള്‍ തടഞ്ഞ് ഗുണ്ടാ പിരിവ് നടത്തുന്ന സംഘം പിടിയില്‍.

പട്ടാമ്പി സ്വദേശി ആഷിക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടു കൂടിയാണ് പ്രതികളായ ഗോപാലപുരം, കരുമാണ്ടകൗണ്ടനൂര്‍ ജെ,പി നഗര്‍ സ്വദേശികളായ കെ.അയ്യാ സ്വാമി (32 ), എസ്.വിഘ്‌നേഷ് (24), പി പ്രദീഷ്,(28) എം രജീഷ്(29), വി നാഗമാണിക്യം (29), മലയാണ്ടി കൗണ്ടനൂര്‍ സ്വദേശി ജി കറുപ്പുസ്വാമി എന്നിവരെ കൊഴിഞ്ഞാമ്പാറ പോലീസ് ഗോപാലപുരത്ത് വെച്ച് പിടികൂടിയത്. കഴിഞ്ഞ മെയ് ഒമ്പതിന് വിനോദ സഞ്ചാരത്തിനായി കൊടൈക്കനാല്‍ പോയി കാറില്‍ മടങ്ങുകയായിരുന്ന ആഷിക്കിനെയും സുഹൃത്തുക്കളെയും തമിഴ്‌നാട് ആര്‍ ടി ഒ ചെക്ക് പോസ്റ്റില്‍ വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കാനായി ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. രേഖകള്‍ പരിശോധിച്ചതിനു ശേഷം ഇരുന്നൂറു രൂപ കൈകൂലി ആവശ്യപ്പെടുകയും ആ തുക പ്രതിയായ അയ്യാസ്വാമിയുടെ കൈവശം നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

അവിടെ നിന്നും കേരളത്തിലേക്ക് കടന്ന വിനോദ സഞ്ചാരികളെ മൂന്നു ബൈക്കുകളിലായി ആറംഗ സംഘം പിന്തുടര്‍ന്ന് ഗോപാലപുരം എക്്‌സൈസ് ചെക്ക് പോസ്റ്ററിനു സമീപം തടഞ്ഞു നിര്‍ത്തി. പിന്നീട് പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയും വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ആയിരത്തി അഞ്ഞൂറോളം രൂപ അപഹരിക്കുകയും ചെയ്തിരുന്നു. പ്രതികളുടെ ഭീഷണിയെ ‘യന്ന് ആ ദിവസം പരാതി നല്‍കാതെ പോയിരുന്നു.

പിന്നീട് ജൂണ്‍ അഞ്ചിന് മറ്റൊരാവശ്യത്തിനായി പൊള്ളാച്ചിയിലേക്ക് സുഹൃത്തുക്കളുമായി പോവുകയായിരുന്ന ആഷിക്ക് ഗോപാലപുരത്തിനു സമീപം പ്രതികളെ കാണകയും തിരിച്ചറിയുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൊഴിഞ്ഞാമ്പാറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വഷണത്തില്‍ എസ് ഐ സജികുമാര്‍, കൃഷ്ണദാസ്, മനീഷ്, പ്രസാദ്, മണികണ്ഠന്‍, വിനോദ്, എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ആറംഗ സംഘത്തെ പിടികൂടിയത്, ഇവരെ കൂടാതെ രണ്ടു പേരെ കൂടി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇത്തരം ഗുണ്ടാ പിരിവ് സംഘത്തിലെ പ്രധാനികളാണ് ഇവര്‍.
വര്‍ഷങ്ങളായി കോഴി, കാലി , ചരക്ക് വാഹനങ്ങളില്‍ നിന്നും തമിഴ്‌നാട് പോലീസിന്റെ ഒത്താശയോടു കൂടിയാണ് ഗുണ്ടാ പിരിവ് നടക്കുന്നതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. കവര്‍ച്ചക്ക് സമാനമായ രീതിയില്‍ ഓരോ വാഹനങ്ങളില്‍ നിന്നുമായി രണ്ടായിരം രൂപ വരെയാണ് ഈ സംഘം പിരിവു നടത്തുന്ന തെന്ന് പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here