Connect with us

Ongoing News

ഖലീഫ സ്റ്റേഡിയത്തില്‍ ഭിന്നശേഷിക്കാര്‍ക്കും മത്സരം ആസ്വദിക്കാം

Published

|

Last Updated

ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സെന്‍സറി റൂമില്‍ വിനോദത്തിലേര്‍പ്പെട്ട കുട്ടി

ദോഹ: ഏറെ പ്രത്യേകതകളോടെ ലോകകപ്പിന് വേണ്ടി സജ്ജമാക്കിയ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മറ്റൊരു പുതുതലമുറ പ്രത്യേകത കൂടി. ഭിന്നശേഷിക്കാര്‍ക്ക് ഫുട്‌ബോള്‍ മത്സരം അനുഭവിക്കാന്‍ സാധിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള സെന്‍സറി റൂം പദ്ധതി കൂടി സ്റ്റേഡിയത്തിന്റെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ സ്റ്റേഡിയം അടിസ്ഥാനമായ സെന്‍സറി റൂം വികസിപ്പിച്ചത്, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി)യും ഒന്റാരിയോ സെന്റര്‍ ഫോര്‍ സ്‌പെഷ്യല്‍ എജുക്കേഷനും (ഒക്‌സെ) ചേര്‍ന്നാണ്.
ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ നിര്‍മിച്ച സെന്‍സറി റൂമില്‍ തത്സമയ കായികപരിപാടി ആസ്വദിക്കാം. ബഹളശല്യം ഇല്ലാത്ത അവസ്ഥ, സൗകര്യപ്രദമായ ഫര്‍ണിഷിംഗ്, മാനസികോല്ലാസം നല്‍കുന്ന പ്രകാശ സംവിധാനം, സംഗീതം, വിവിധ നിറങ്ങളിലുള്ള സെന്‍സറി കളിപ്പാട്ടങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്.

വ്യക്തികളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഉത്കണ്ഠ നിയന്ത്രിച്ച് ശാന്തവും സ്വച്ഛവുമായ അന്തരീക്ഷത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ ആസ്വദിക്കാനും സാധിക്കും. എസ് സിയുടെ ആക്‌സസിബിലിറ്റി ഫോറത്തിന്റെ സേവനത്തില്‍ ആകൃഷ്ടയായ ഒക്‌സെ സ്ഥാപക മറിയം അല്‍ റശ്ദി, ഒക്‌സെയുടെ സെന്‍സറി റൂമിലെ വിഭവങ്ങള്‍ ഇതിനായി സംഭാവന ചെയ്യുകയായിരുന്നു. ആശ്ചര്യപ്പെടാനും പ്രചോദിതരാകാനും കൂടുതല്‍ ആവശ്യമുള്ള വ്യക്തികളെ ഫുട്‌ബോള്‍ ആസ്വദിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം വേണ്ടതുണ്ടെന്ന് മറിയം അല്‍ റശ്ദി പറഞ്ഞു. മിഡില്‍ ഈസ്റ്റിലോ ഏഷ്യയിലോ മാത്രമല്ല ലോകത്ത് തന്നെ ഇത് ചരിത്ര സംഭവമാണ്. ഖത്വര്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. സെന്‍സറി റൂം ഫിഫയുടെ നിര്‍ദേശത്തില്‍ വരുന്നതല്ല. ഭിന്നശേഷിക്കാരുടെ ആവശ്യം കണ്ടറിഞ്ഞ് ഖത്വര്‍ നടത്തിയ നൂതന സംവിധാനമാണിത്.
കഴിവോ ശേഷിയോ പരിഗണിക്കാതെ എല്ലാവര്‍ക്കും ഫുട്‌ബോള്‍ ആസ്വാദനം ഉറപ്പുവരുത്തുകയെന്നത് തങ്ങളുടെ ആഗ്രഹമായിരുന്നെന്ന് എസ് സിയിലെ കമ്യൂനിറ്റ് ഔട്ട്‌റീച്ച് മേധാവി സാമന്ത സിഫാഹ് പറഞ്ഞു.
രാജ്യത്തും മേഖലയിലുടനീളവും ഫുട്‌ബോള്‍ ഏറെ ജനകീയമാണ്. ഫുട്‌ബോള്‍ മത്സരം ആസ്വദിക്കാനും പങ്കാളിയാകാനും ഏവര്‍ക്കും തുല്യ അവസരം കൈവരേണ്ടതുണ്ടെന്നും സിഫാഹ് പറഞ്ഞു.

 

Latest