എംബസിയെ ജനകീയമാക്കിയ സ്ഥാനപതിയുടെ ഓര്‍മയില്‍ ഖത്വറിലെ ഇന്ത്യക്കാര്‍

Posted on: June 2, 2017 8:21 pm | Last updated: June 2, 2017 at 8:21 pm

ദോഹ: എംബസി ഭരണം ബാഹ്യ ഇടപെടലുകള്‍ ഇല്ലാതാക്കി സാധാരണക്കാര്‍ക്കു പ്രാപ്യമാക്കിയ ജനകീയ അംബാസിഡറുടെ സേവന കാലം ഓര്‍ത്ത് ഖത്വറിലെ ഇന്ത്യന്‍ പ്രവാസികള്‍. മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ജോര്‍ജ് ജോസഫിന്റെ നിര്യാണ വാര്‍ത്ത പഴയ പ്രവാസികളെ എംബസിയുടെ ജനകീയ സേവനകാലത്തേക്കു കൊണ്ടു പോയി.

2005 ഒക്‌ടോബര്‍ മുതല്‍ 2009 ജനുവരി വരെയാണ് അദ്ദേഹം ഖത്വറില്‍ സേവനം ചെയ്തത്. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെട്ട് ചുവപ്പുനാടകള്‍ ഒഴിവാക്കി അടിയന്തര പരിഹാരം കാണുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു. ഡ്രൈവര്‍മാരടക്കമുള്ള വീട്ടുജോലിക്കാരുടെ ശമ്പളവും ജീവിതസാഹചര്യവും മെച്ചപ്പെടുത്താനും നിയമനം വ്യവസ്ഥാപിതമാക്കാനും ‘സെന്‍ട്രല്‍ പൂള്‍’ സ്ഥാപിക്കാനുള്ള ആശയം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വീട്ടുജോലിക്കാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനുള്ള നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വച്ചു. എംബസിയില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നതിന് മുന്‍കൈയെടുത്തതും ഡോ. ജോര്‍ജ് ജോസഫായിരുന്നു. ഖത്വര്‍-ഇന്ത്യ തൊഴില്‍കരാര്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.

എംബസിയെ ചുറ്റിപ്പറ്റി ചില വ്യവസായികളും സാമൂഹിക സംഘടനാ നേതാക്കളും തങ്ങളാണ് ഇവിടെ സ്വാധീനമുള്ളവര്‍ എന്ന നിലപാട് തുടര്‍ന്ന സാഹചര്യത്തിലാണ് എംബസി താന്‍ ഭരിച്ചു കൊള്ളും എന്ന നിലപാടുമായി എംബസിയുടെ വാതിലുകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി തുറന്നിടാന്‍ ജോര്‍ജ് ജോസഫ് തയാറായതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അഹ്മദ് പാതിരിപ്പറ്റ ഓര്‍ത്തു. സാധാരണക്കാരായ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കാന്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. അവരുടെ പരിപാടികളിലും നിരന്തരമായി പ്രത്യക്ഷപ്പെട്ടു. ദോഹയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തി വന്ന മലയാളികളെ അംഗീകരിക്കാനും അദ്ദേഹം സന്നദ്ധനായി.

1976 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ ഡോ. ജോര്‍ജ് ജോസഫ് (68) ഇന്നലെ രാവിലെ കോട്ടയത്തു വെച്ചാണ് മരണപ്പെട്ടത്. പൂഞ്ഞാര്‍ കിഴക്കേ തോട്ടത്തില്‍ കുടുംബാംഗമാണ്. ഖത്വറിനു പുറമേ തുര്‍ക്ക്‌മെനിസ്ഥാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ അംബാസഡറായും സഊദി, ദുബൈ എന്നിവിടങ്ങളില്‍ കോണ്‍സല്‍ ജനറലുമായും സേവനമനുഷ്ഠിച്ചു. 2010ല്‍ ബഹ്‌റൈന്‍ അംബാസിഡറായിരിക്കേയാണ് വിരമിച്ചത്. ഭാര്യ: റാണി. ഏകമകള്‍ രേണു (ദുബൈ). ശനിയാഴ്ച രാവിലെ 11ന് കറുകച്ചാല്‍, നെടുങ്കുന്നം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഫെറോന പള്ളിയില്‍ സംസ്‌കാരം നടക്കും.

ഖത്വറിലെ വിവിധ സംഘടനകള്‍ ജോര്‍ജ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. എംബസി ആഭിമുഖ്യത്തില്‍ ഐ സി സി അശോക ഹാളില്‍ ഈ മാസം അഞ്ചിന് വൈകുന്നേരം വിപുലമായ അനുശോചന യോഗം ചേരും.