ബംഗ്ലാദേശ് 84 റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 240 റണ്‍സ് വിജയം

Posted on: May 30, 2017 9:56 pm | Last updated: May 30, 2017 at 9:59 pm
SHARE

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 240 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാ കടുവകളെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 325 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 23.5 ഓവറില്‍ 84 റണ്‍സിന് പുറത്തായി.ഇന്ത്യക്കായി ബൗള്‍ ചെയ്തവരെല്ലാം വിക്കറ്റെടുത്തു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവുമാണ് ബംഗ്ലാ ബാറ്റിങ് നിരയെ തരിപ്പണമാക്കിയത്. 7.3 ഓവറില്‍ 22 റണ്‍സെടുക്കുന്നതിനിടയില്‍ ആറു വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.24 റണ്‍സെടുത്ത മെഹ്ദി ഹസ്സന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ അതില്‍ നാല് പേര്‍ അക്കൗണ്ട് തുറക്കും മുമ്ബ് ക്രീസ് വിട്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യെ, ശിഖര്‍ ധവാന്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ്് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് അടിച്ചെടുത്തുത്.രണ്ടാം ഓവറില്‍ തന്നെ മൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടര്‍ന്ന് ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും നിരാശപ്പെടുത്തി. 11 റണ്‍സെടുത്ത രഹാനെയെ മുസ്തഫിസുര്‍ റഹ്മാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് ദിനേശ് കാര്‍ത്തിക്കും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഇരുവരും 16.3 ഓവറില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ധവാന്‍ 67 പന്തില്‍ 60 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക്ക് സെഞ്ചുറിക്ക് ആറു റണ്‍സകലെ റിട്ടയേര്‍ഡ് ഔട്ടാകുകയായിരുന്നു. 77 പന്തില്‍ നിന്നാണ് ദിനേശ് കാര്‍ത്തിക് 94 റണ്‍സ് നേടിയത്.ഹാര്‍ദിക് പാണ്ഡ്യെ പുറത്താകാതെ 54 പന്തില്‍ 80 റണ്‍സ് അടിച്ചപ്പോള്‍ കേദര്‍ ജാദവ് 31 റണ്‍സും രവീന്ദ്ര ജഡേജ 32 റണ്‍സും നേടി. ആര്‍.അശ്വിന്‍ അഞ്ചു റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. റുബെല്‍ ഹുസൈന്‍ ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി