ഫലസ്തീന്‍ തടവുകാരുടെ നിരാഹാരം: യു എന്‍ ഇടപെടുന്നു

Posted on: May 26, 2017 10:45 am | Last updated: May 26, 2017 at 10:27 am
SHARE
തടവുകാര്‍ക്ക് വേണ്ടി ഗാസയില്‍ പ്രക്ഷോഭം നടത്തുന്നവര്‍

ജനീവ: പ്രാഥമിക സൗകര്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന ഇസ്‌റാഈല്‍ തടവറയില്‍ കഴിയുന്ന ഫലസ്തീന്‍ പൗരന്മാരുടെ വിഷയത്തില്‍ യു എന്‍ ഇടപെടുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇസ്‌റാഈല്‍ അധികൃതര്‍ നടത്തുന്നതെന്നും നിരാഹാരം കിടക്കുന്നവരോട് മനുഷ്യത്വപരമായ സമീപനമല്ല ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും യു എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ സെയ്ദ് റആദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. ഫലസ്തീന്‍ പൗരന്മാരെ പാര്‍പ്പിച്ച ജയിലുകളില്‍ അടിസ്ഥാന സൗകര്യമടക്കമുള്ളവ സജ്ജീകരിച്ച് സ്ഥിതി മെച്ചപ്പെടുത്തണമെന്ന് യു എന്‍ ആവശ്യപ്പെട്ടു. ജയിലില്‍ ന്യായവും മനുഷ്യത്വപരവുമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് തടവുകാര്‍ നടത്തുന്ന പ്രക്ഷോഭം 40ാം ദിവസത്തിലേക്ക് അടുക്കുമ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍. നിരാഹാരം കിടക്കുന്ന പ്രക്ഷോഭകരെ ക്രൂരമായി മര്‍ദിക്കുകയും നിര്‍ബന്ധിച്ച് ഭക്ഷണം കൊടുക്കാനുള്ള ശ്രമവും ഇസ്‌റാഈല്‍ അധികൃതര്‍ നടത്തുന്നുണ്ട്. അതേസമയം, പ്രക്ഷോഭകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലും അധികൃതര്‍ ഇതുവരെ സന്നദ്ധമായിട്ടില്ല.

വിചാരണ കൂടാതെ ഭരണകൂടം തടവില്‍പാര്‍പ്പിക്കുന്ന രീതിയും ഏകാന്തതടവറയും ഒഴിവാക്കുക, ബന്ധുക്കളെ കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, ജയിലില്‍ തടവുകാര്‍ക്കായി ലാന്‍ഡ്‌ലൈന്‍ ഫോണ്‍ സ്ഥാപിക്കുക, ചികിത്സയും ആരോഗ്യ പരിചരണവും ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള ആവശ്യം ഉന്നയിച്ചാണ് 1,500 ഓളം തടവുകാര്‍ കഴിഞ്ഞ മാസം 17 മുതല്‍ നിരാഹാരം ആരംഭിച്ചത്. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ്. വിചാരണ കൂടാതെയും മറ്റും ഇസ്‌റാഈല്‍ അധികൃതര്‍ അന്യായമായി തടവിലടക്കപ്പെട്ടവരാണ് നിരാഹാരം കിടക്കുന്നവരില്‍ ഭൂരിഭാഗവും.
ഒരുമാസത്തിലധികമായി നിരാഹാരം കിടക്കുന്ന തടവുകാരോട് ഇസ്‌റാഈല്‍ അധികൃതര്‍ സ്വീകരിക്കുന്ന നിലപാട് അമ്പരപ്പുളവാക്കുന്നതാണെന്നും അഭിഭാഷകരെയും ബന്ധുക്കളെയും കാണാന്‍ അനുവദിക്കാതെ നടപടി പ്രതിഷേധാര്‍ഹമാണെന്നും സെയ്ദ് റആദ് വ്യക്തമാക്കി.
ഇസ്‌റാഈലില്‍ 6500 ഫലസ്തീന്‍ പൗരന്മാരായ രാഷ്ട്രീയ തടവുകാരാണുള്ളത്. ഇവരില്‍ 500ല്‍ അധികവും വിചാരണകൂടാതെയുള്ള ശിക്ഷയാണ് അനുഭവിക്കുന്നത്. തങ്ങളുടെ കുറ്റം എന്താണെന്ന് പോലും അറിയാത്തവരാണ് ഈ 500 പേരില്‍ ഭൂരിഭാഗവും. ഇതുവരെ ഇവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും രഹസ്യ തെളിവുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയതെന്ന ന്യായീകരണമാണ് അധികൃതര്‍ നല്‍കുന്നതെന്നും ജറുസലേം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനാ വക്താക്കള്‍ അറിയിച്ചു. വിചാരണ കൂടാതെയുള്ള തടവറ ഒഴിവാക്കണമെന്ന് നിരവധി തവണ ഐക്യരാഷ്ട്ര സഭയോട് അന്താരാഷ്ട്ര സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ തികച്ചും അവഗണനാപരമായ സമീപനമാണ് ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും സെയ്ദ് പറയുന്നു.
അതിനിടെ, നിരാഹാരം കിടക്കുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ഇസ്‌റാഈല്‍ സൈന്യവും പോലീസും ശ്രമിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് നേരെ ജൂത കുടിയേറ്റക്കാരും ആക്രമണം അഴിച്ചുവിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here