മോട്ടോര്‍ വാഹന നികുതിയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

Posted on: May 9, 2017 11:07 pm | Last updated: May 9, 2017 at 11:07 pm
SHARE

തിരുവനന്തപുരം: മോട്ടോര്‍വാഹന നികുതിയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. മെയ് 10 മുതല്‍ ഇത് നിലവില്‍ വരും. പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാന്‍ മാത്രമായിരുന്നു നിലവില്‍ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നത്. പഴയ വാഹനങ്ങളുടെ നികുതി അടക്കാന്‍ ഓഫീസുകളിലെ കൗണ്ടറുകളില്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്ന സാഹചര്യം നിലനിന്നിരുന്നു. ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകുമെന്ന് മാത്രമല്ല വീട്ടിലിരുന്നും നികുതി അടക്കാം. അക്ഷയ സെന്ററുകള്‍, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയും ഇത് സാധ്യമാകും.

നികുതിയടക്കുമ്പോള്‍ വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് സാധുതയുള്ളതായിരിക്കണമെന്ന് നിബന്ധനയുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഇന്‍ഷ്വറന്‍സിന്റെ വിവരം ലഭ്യമായില്ലെങ്കില്‍ കൈവശമുള്ള ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും സൈറ്റിലുണ്ട്.
പൊതു ഉപയോഗത്തിനുള്ള വാഹനത്തിന്റെ നികുതി അടച്ചുകഴിഞ്ഞാല്‍ വാഹന ഉടമക്ക് താത്കാലിക രസീത് അപ്പോള്‍ തന്നെ പ്രിന്റ് ചെയ്‌തെടുക്കാന്‍ സാധിക്കും. ബന്ധപ്പെട്ട ഓഫീസില്‍ അനുബന്ധകാര്യങ്ങള്‍ പരിശോധിച്ച് അംഗീകാരം ആയിക്കഴിഞ്ഞാല്‍ നികുതിയടച്ചതിന്റെ രസീത് ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് ഏഴ് ദിവസത്തിനകം സ്വയം പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്. പ്രിന്റ് എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ സമീപിക്കാം. നികുതിയടക്കുമ്പോള്‍ വാഹന ഉടമയുടെ ഇ-മെയില്‍ വിലാസം നല്‍കിയാല്‍ നികുതിയടച്ചതിന്റെ വിവരങ്ങള്‍ ഇ-മെയില്‍ വഴി ലഭ്യമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here