Connect with us

Articles

ബറാഅത്ത് രാവ്

Published

|

Last Updated

ല്ലാഹുവിന്റെ അനുഗ്രഹീത ദിനങ്ങളെ പറ്റി അവരെ ഉണര്‍ത്തുക. വിശുദ്ധ ഖുര്‍ആന്‍ (14:5). ഈ വിശുദ്ധ ഖുര്‍ആനിനെ നാം ഒരനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഒരോ കാര്യവും വേര്‍തിരിച്ച് വ്യക്തമാക്കപ്പെടുന്നു. (സൂറ. അദ്ദുഖാന്‍).
ലൗഹുല്‍ മഹ്ഫൂള് എന്ന സുരക്ഷിത ഫലകത്തില്‍ നിന്ന് ഒന്നാം വാനത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പുണ്യവേളയാണ,് അനുഗ്രഹീത രാത്രിയാണ് ലൈലത്തുല്‍ ബറാഅ. ലൈലത്തുല്‍ മുബാറക്ക എന്നൊക്കെ അറിയപ്പെടുന്ന ശഅബാന്‍ 15-ാം രാവ.് ഖുര്‍ആന്‍ 97-ാം അധ്യായത്തില്‍(അല്‍ഖദ്ര്‍) സൂറത്തില്‍ പറഞ്ഞ അവതരണം, ഒന്നാം വാനലോകത്ത് നിന്ന് ഭൂമിലോകത്തേക്കുള്ള അവതരണമാണെന്നും ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ വിശദീകരിക്കുന്നു. ഇത് വിശുദ്ധ റമസാനിലെ ലൈലത്തുല്‍ ഖദ്ര്‍ എന്ന പേരിലറിയപ്പെടുന്നു.
ലൈലത്തുല്‍ ബറാഅ എന്ന ബറാഅത്ത് രാവിന്റെ മഹത്വവും പുണ്യവും ഖുര്‍ആന്‍, ഹദീസ് എന്നിവ കൊണ്ടും, ഇമാം ശാഫി (റ) ഇബ്‌നു ഹജറില്‍ ഹൈതമി(റ), ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ), ഇമാം ഗസ്സാലി(റ) തുടങ്ങി മുസ്‌ലിം ലോകത്ത് സുസമ്മതരായ പണ്ഡിത വര്യരുടെ പ്രസ്താവനകള്‍ കൊണ്ടും അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യമാണ.് പ്രമാണങ്ങളുടെ വെളിച്ചത്തിലും പാരമ്പര്യമായും മുസ്‌ലിം ലോകം അംഗീകരിച്ചുവരുന്ന ഈ പുണ്യദിനത്തെ സംശയങ്ങളുടെ പുകമറയില്‍ പെടുത്താനുള്ള ബിദഈ നീക്കങ്ങള്‍ മുറ്റുപല കാര്യങ്ങളിലും പോലെ നടക്കുന്നുണ്ട്.
നബി(സ) പറയുന്നു. ശഅ്ബാന്‍ പകുതിയുടെ രാവില്‍ പ്രപഞ്ച സ്രഷ്ടാവ് തന്റെ കരുണാകടാക്ഷങ്ങള്‍ വെളിപ്പെടുത്തുന്നു. ബഹുദൈവാരാധകര്‍, പരസ്പരം ശത്രുത പുലര്‍ത്തുന്നവര്‍, മദ്യപാനികള്‍, മാതാപിതാക്കളെ മാനിക്കാത്തവര്‍ തുടങ്ങിയവരൊഴികെ സജ്ജനങ്ങള്‍ക്ക് അല്ലാഹു വലിയ ഗുണങ്ങള്‍ ചെയ്യുന്ന ദിനമാണത് (ത്വബ്‌റാനി, ബൈഹഖി, ഇബ്‌നുമാജ).
ആയിശ(റ)യുടെ വിവരണങ്ങളില്‍ എണ്ണമറ്റ ആളുകള്‍ക്ക് ഈ പുണ്യരാവില്‍ പാപമോചനവും, അനുഗ്രഹവും നല്‍കപ്പെടുമെന്ന് കാണാം. മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ നബി (സ) പ്രാര്‍ഥനാ നിമഗ്‌നരായതും, ദീര്‍ഘമായ സുജൂദില്‍ മുഴുകിയതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (തുര്‍മുദി, ഇബ്‌നുമാജ, ബൈഹഖി). ദീര്‍ഘായുസ്സ്, ഭക്ഷണ വിശാലത, നല്ല മരണം തുടങ്ങി സര്‍വരംഗത്തും അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ മൂന്ന് യാസീന്‍ ഓതുന്ന പതിവ് സജ്ജന ചര്യയില്‍ പെട്ടതാണ്. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ (റ), ഇബ്‌നു മസ്ഊദ്(റ), തുടങ്ങിയവര്‍ ഈ രാവില്‍ ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു. “അല്ലാഹുവേ, നീ എന്നെ പരാജിതരിലാണ് രേഖപ്പെടുത്തിയതെങ്കില്‍ അത് മാറ്റി വിജയികളില്‍ രേഖപ്പെടുത്തണേ. വിജയികളിലാണ് രേഖപ്പെടുത്തിയതെങ്കില്‍ അത് സ്ഥിരപ്പെടുത്തേണമേ (മിര്‍ഖാത് 2:178). നബി(സ) പറഞ്ഞു: സൂറ യാസീന്‍ ഏതൊരു ലക്ഷ്യം വെച്ചാണോ പാരായണം ചെയ്യുന്നത് അത് അതിനുള്ളതാണ്, അത് മരണപ്പെട്ടവര്‍ക്ക് വേണ്ടി നിങ്ങള്‍ പാരായണം ചെയ്യുക. മറ്റൊരു ഹദീസില്‍ എല്ലാറ്റിനും ഒരു ഹൃദയമുണ്ട് വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം സൂറ. യാസീന്‍ ആകുന്നു(അഹ്മദ്, അബൂദാവൂദ്).
അന്ത്യനാള്‍ അടുക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ വരും. നിങ്ങളോ നിങ്ങളുടെ പിതാക്കളോ ആയ സജ്ജനങ്ങള്‍ക്കൊന്നും കേട്ടുകേള്‍വിയില്ലാത്ത പല കാര്യങ്ങളും അവര്‍ പറയും- അവര്‍ ദജ്ജാലുകളും വ്യജന്‍മാരുമാണ്(ഹദീസ്). പൂര്‍വ സൂരികളായ പണ്ഡിതരില്‍ നിന്നും, പിതാമഹന്മാരില്‍ നിന്നും നാം പാരമ്പര്യമായി കണ്ടും, കേട്ടും മനസ്സിലാക്കിയതാണ് ബറാഅത്ത് രാവും, അന്നത്തെ അനുഷ്ഠാനങ്ങളും മറ്റും. പാരമ്പര്യം മാത്രമല്ല പ്രമാണങ്ങളും വിശേഷ ദിവസങ്ങള്‍ക്കും, കര്‍മങ്ങള്‍ക്കും പിന്‍ബലം നല്‍കുന്നുണ്ട് എന്ന് മേല്‍പറഞ്ഞ കാര്യങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു.
ഇലാഹീ ശിആറുകളോടും മതചിഹ്നങ്ങളോടുമുള്ള ആദരവ് തഖ്‌വയില്‍ നിന്ന് ഉണ്ടാകുന്നതാണ് (സുറ. അല്‍ഹജ്ജ്- 32). മുത്തഖീങ്ങള്‍ക്കും, വിശ്വാസികള്‍ക്കും മാത്രമേ പുണ്യാത്മാക്കളേയും, വിശിഷ്ട ദിനങ്ങളേയും പുണ്യ സ്ഥലങ്ങളേയും അംഗീകരിക്കാനും ആദരിക്കാനും കഴിയൂ എന്ന് ചുരുക്കം. മലപ്പുറം ശുഹദാക്കള്‍, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അല്‍കബീര്‍(റ), വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പി കെ എം ബാഖവി അണ്ടോണ, കെ കെ സദഖത്തുല്ല മുസ്‌ലിയാര്‍, മണ്ണുങ്ങല്‍ അബ്ദുറഹ്മാന്‍ കുട്ടി അല്‍ ഖാദിരി, തുടങ്ങി ഒട്ടേറെ മഹാരഥന്‍മാരുടെ വിയോഗത്തിന്റെ മാസം കൂടിയാണീ വിശുദ്ധ ശഅ്ബാന്‍. ഇത്തരം മഹത്തുക്കളേയും മണ്‍മറഞ്ഞ ബന്ധുക്കളേയും സര്‍വോപരി എല്ലാ സത്യവിശ്വാസികളേയും ഖുര്‍ആന്‍ പാരായണ ദുആ സമയത്തും മറ്റും ഓര്‍ക്കേണ്ടതാണ്. വിശുദ്ധ റമസാനിനെ ഉചിതമായ രൂപത്തില്‍ സ്വഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഈ പവിത്ര മാസത്തെ നാം ഉപയോഗപ്പെടുത്തുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.

Latest