കെജരിവാളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കപില്‍ മിശ്ര

Posted on: May 8, 2017 7:08 pm | Last updated: May 8, 2017 at 9:46 pm

ന്യൂഡല്‍ഹി: ആം ആദ്മി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര കെജരിവാളിന് എതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത്. കെജരിവാളിന്റെ ഭാര്യാ സഹോദരിക്ക് വേണ്ടി 50 കോടി രൂപ വിലമതിക്കുന്ന ഏഴ് ഏക്കര്‍ ഫാം ഹൗസ് തരപ്പെടുത്തിക്കൊടുക്കാന്‍ താന്‍ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രിയായ സത്യേന്ദ്ര ജയിന്‍ തന്നോട് പറഞ്ഞതായി മിശ്ര വെളിപ്പെടുത്തി. മുമ്പ് കണ്ട അരവിന്ദ് കെജരിവാളല്ല ഇപ്പോഴത്തെ കെജരിവാളെന്നും അദ്ദേഹം അഴിമതിക്കാരനായി മാറിയെന്നും മിശ്ര തുറന്നടിച്ചു.

തന്നെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കെജരിവാളിന് ധൈര്യമുണ്ടോ എന്ന് മിശ്ര വെല്ലുവിളിച്ചു. മന്ത്രിമാര്‍ നടത്തിയ ക്രമക്കേടുകള്‍ താന്‍ പുറത്തുവിടുമെന്നും ആരാണ് പാര്‍ട്ടിയില്‍ നില്‍ക്കേണ്ടതെന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സത്യേന്ദ്ര ജയനില്‍ നിന്ന് കെജരിവാള്‍ രണ്ട് കോടി രൂപ അഴിമതിപ്പണം കൈപ്പറ്റിയെന്ന വെളിപ്പെടുത്തലും മിശ്ര നടത്തിയിരുന്നു. താന്‍ പറയുന്നത് സത്യമാണോ എന്ന് ബോധ്യപ്പെടാന്‍ നുണ പരിശോധന നടത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു.