സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചെന്ന്‌ ബീഹാര്‍ പോലീസ്!!

Posted on: May 4, 2017 9:32 pm | Last updated: May 5, 2017 at 10:02 am

പട്‌ന: സംസ്ഥാനത്ത് പിടിച്ചെടുത്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം
ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചു തീര്‍തീര്‍ത്തതായി ബീഹാര്‍ പോലീസ്!!. പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച മദ്യം അപ്രത്യക്ഷമായത്‌
വിവാദമായതിനെ തുടര്‍ന്ന്‌ തുടര്‍ന്ന് നല്‍കിയ വിശദീകരണത്തിലാണ് ബീഹാര്‍ പോലീസിന്റെ വിചിത്രമായ അവകാശവാദം.

മദ്യ നിരോധനം നിലനില്‍ക്കുന്ന ബീഹാറില്‍ നിയമവിരുദ്ധമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തിരുന്നു. ഇത് സൂക്ഷിച്ച പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ഇവ അപ്രത്യക്ഷമായി. ഇത് സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകളും പുറത്ത് വന്നതോടെ സംസ്ഥാന പോലീസ് മേധാവി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പോലീസിന്റെ വിശദീകരണം. വിശദീകരണത്തില്‍ തൃപ്തരാകാത്തതിനെ തുടര്‍ന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പട്‌ന മേഖലാ ഐജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മദ്യം കടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എ ഡി ജി പി. എസ് കെ സിംഗാള്‍ പറഞ്ഞു.

ഇതിനിടെ, ബീഹാര്‍ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മല്‍ സിംഗ്, അസോസിയേഷന്‍ അംഗം ഷംഷര്‍ സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബീഹാറില്‍ കഴിഞ്ഞ ഏപ്രില്‍ മുതലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യ നിരോധനമേര്‍പ്പെടുത്തിയത്.