Connect with us

Articles

ബ്രിട്ടനിലെ ഇടക്കാല തിരഞ്ഞെടുപ്പും ബ്രെക്‌സിസ്റ്റും

Published

|

Last Updated

പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടനിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ലോകമാകെ എന്നും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രെക്‌സിസ്റ്റ് വോട്ടെടുപ്പും അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും എല്ലാ നിലയിലും ലോക ശ്രദ്ധ ആകര്‍ഷിച്ചു. ബ്രക്‌സിസ്റ്റിന് എതിരായ നിലപാട് സ്വീകരിച്ചിട്ടുള്ള സ്‌കോര്‍ട്ട്‌ലാന്റിന്റെ ജനങ്ങളും ബ്രിട്ടന്‍ വിടണമെന്ന സ്‌കോര്‍ട്ട്‌ലാന്റിലെ ജനകീയ ആവശ്യവുമെല്ലാം ഇതുമായി ബന്ധപ്പെട്ട ഗൗരവതരമായ പ്രശ്‌നങ്ങളുമാണ്. ബ്രെക്‌സിസ്റ്റിലേക്ക് ചെന്നെത്തിയ യു കെയുടെ ചരിത്രവും ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങളും ഈ അവസരത്തില്‍ പ്രസക്തമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ ലോക ഭൂവിസ്തൃതിയുടെ നാലിലൊന്ന് നിയന്ത്രണത്തില്‍ വെച്ചിരുന്ന സാമ്രാജ്യത്വ ശക്തിയായിരുന്നു ബ്രിട്ടന്‍. ലോകത്തിലെ നാലിലൊന്നോളം ജനതയും ഇവരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. “സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം” എന്നറിയപ്പെട്ടിരുന്ന യു കെക്ക് രണ്ട് ലോക യുദ്ധങ്ങളുടെ ഫലമായി പ്രതാപം നഷ്ടപ്പെട്ടു. ലോകത്ത് പുതിയ വന്‍ ശക്തികള്‍ ഉദയം ചെയ്‌തെങ്കിലും സാമ്പത്തിക, സൈനിക രംഗങ്ങളില്‍ ഒരു നിര്‍ണായക രാഷ്ട്രമായി ബ്രിട്ടന്‍ ഇന്നും തുടരുന്നു.

യൂറോപ്പ് വന്‍കരയില്‍ നിന്ന് വേര്‍പെട്ട് പടിഞ്ഞാറ് ഭാഗത്തായി അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് യുണൈറ്റഡ് കിംങ്ഡം (യു കെ) സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ പ്രധാന ഭാഗം ഗ്രേറ്റ്ബ്രിട്ടനാണ്. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപാണിത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യത്തിന് ഉടമകളായിരുന്നു ബ്രിട്ടീഷുകാര്‍. നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് യു കെയിലേത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരുന്ന യു കെ അതുമായുള്ള ബന്ധം വിഛേദിച്ചിരിക്കുകയാണ്. ബ്രെക്‌സിസ്റ്റിനെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ഓരോന്നായി നടന്നുകൊണ്ടിരിക്കുകയാണവിടെ.
ലോകത്തിലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ അനുകരിക്കുന്നത് ബ്രിട്ടീഷ് പാര്‍ലിമെന്ററി സമ്പ്രദായങ്ങളാണ്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് പാര്‍ലിമെന്റിനെ “പാര്‍ലിമെന്റുകളുടെ മാതാവ്” എന്നു വിളിക്കുന്നു. ഇംഗ്ലണ്ടില്‍ പാര്‍ലമെന്റ് പിറവിയെടുത്തത് പതിനൊന്നാം നൂറ്റാണ്ടില്‍ ഹെന്റട്രി ഒന്നാമന്റെ ഭരണകാലത്താണ്. ഇക്കാലത്ത് രൂപം കൊണ്ട കുലീനന്‍മാരുടെയും സഭാമേലധ്യക്ഷന്‍മാരുടെയും സമിതി പതിമൂന്നാം നൂറ്റാണ്ട് മുതലാണ് പാര്‍ലിമെന്റ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഇക്കാലത്ത് പാര്‍ലിമെന്റിന് വലിയ അധികാരങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍, രാജാക്കന്‍മാരുടെ ധൂര്‍ത്തിനായി പണം അനുവദിക്കാന്‍ പാര്‍ലിമെന്റ് തയാറാകാത്തത് രാജാവും പാര്‍ലിമെന്റും തമ്മിലുളള സംഘട്ടനത്തിലേക്ക് നയിച്ചു.
കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് 1640 -ല്‍ ചാള്‍സ് ഒന്നാമന്‍ രാജാവ് പാര്‍ലിമെന്റ് വിളിച്ചുകൂട്ടാന്‍ നിര്‍ബന്ധിതനായി.

“ഷിപ്പുമണി” എന്ന പേരില്‍ ചുമത്തിയ നികുതി നിര്‍ത്തല്‍ ചെയ്യാന്‍ പാര്‍ലിമെന്റ് രാജാവിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ 1642 -ലെ ഇംഗ്ലണ്ടിലെ ആഭ്യന്തര യുദ്ധത്തിന് കാരണവുമായി. വര്‍ഷങ്ങളോളം തുടര്‍ന്ന യുദ്ധത്തിനൊടുവില്‍ 1949 -ല്‍ കലാപകാരികള്‍ ചാള്‍സ് രാജാവിനെ പിടികൂടി വധിച്ചു. രാജാവും പാര്‍ലിമെന്റുമായുണ്ടായ അധികാര വടംവലിയില്‍ പാര്‍ലിമെന്റു വിജയിക്കുകയും റിപ്പബ്ലിക്ക് സ്ഥാപിതമാവുകയും ചെയ്തു.
2020 വരെ അധികാരത്തില്‍ തുടരാന്‍ സാധിക്കുമെന്നിരിക്കവെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസേ മേയ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് രാഷ്ട്രീയ ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച തീരുമാനമായിരുന്നു. ഈ വര്‍ഷം ജൂണ്‍ എട്ടി ന് പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുന്നു എന്നാണ് മെ അറിയിച്ചത്. കഴിഞ്ഞ ആഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ ലൗണിംഗ് സ്ട്രീറ്റിലുള്ള നമ്പര്‍ 10 വസതിക്കുമുന്നില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടാണ് മേയ് തിരഞ്ഞെടുപ്പ് വിവരം പ്രഖ്യാപിച്ചത്.
ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമന്‍സില്‍ നേരിയ ഭൂരിപക്ഷമാണ് മേയുടെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളതെങ്കിലും ഭരണത്തില്‍ തുടരാന്‍ നിലവിലെ സാഹചര്യത്തില്‍ തെരേസേ മേയ്ക്ക് തടസ്സമൊന്നും ഇല്ല.

സ്വന്തം പാര്‍ട്ടിയില്‍ നിന്നോ പ്രതിപക്ഷത്തുനിന്നോ യാതൊരു ഭീഷണിയുമില്ല. എന്നിട്ടും മേയെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിയില്ല. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാല്‍ മേയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏത്താമെന്നും അതിലൂടെ ബ്രക്‌സിസ്റ്റ് ചര്‍ച്ചകള്‍ തടസ്സമില്ലാതെയും, സമ്മര്‍ധമില്ലാതെയും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും രാഷ്ട്രീയ ലോകം വിലയിരുത്തുന്നുണ്ട്. അതോടൊപ്പം പ്രതിപക്ഷത്തെ തകര്‍ക്കാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍ എന്നും മേയ് കരുതുന്നുണ്ട്. ഇതാണ് അവരെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഈ തിരഞ്ഞെടുപ്പില്‍ മേയ്ക്ക് വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറാന്‍ സാധിക്കുകയാണെങ്കില്‍ 2022 വരെ അവര്‍ക്ക് ജനവിധി തേടേണ്ടിവരില്ലെന്നത് ഒരു പ്രധാന ഘടകമാണ്. 2022 ല്‍ ബ്രിട്ടന്റെ യൂറോപ്യന്‍ യൂനിയനുമായുള്ള (ഇ.യു.) ചര്‍ച്ചകള്‍ ഏറെക്കുറെ അവസാനിക്കുകയും ചെയ്തിട്ടുണ്ടാകും. ബ്രെക്‌സിസ്റ്റ് ചര്‍ച്ചകളില്‍ യാതൊരു വിധത്തലുമുള്ള തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ പാര്‍ലിമെന്റില്‍ വന്‍ ഭൂരിപക്ഷം വേണമെന്ന് മേയ്ക്ക് ബോധ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ബ്രെക്‌സിസ്റ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മേയ്ക്ക് ഏറെ സമ്മര്‍ദം അനുഭവിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. ഇത് ചര്‍ച്ചകളില്‍ ബ്രിട്ടനെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്നു വേര്‍പിരിയുന്നതിനുള്ള ഔദ്യോഗിക നടപടിക്രമം ബ്രിട്ടന്‍ ആരംഭിച്ചത്. ഇനി രണ്ടു വര്‍ഷക്കാലം ഇ യുമായി ബ്രിട്ടന് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ഈ ചര്‍ച്ചകള്‍ക്കൊടുവില്‍ 2019 മാര്‍ച്ച് അവസാനത്തോടെ ഇ യുവില്‍ നിന്നും ബ്രിട്ടന്‍ പൂര്‍ണമായും പിന്‍മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്രെക്‌സിസ്റ്റ് ചര്‍ച്ചകളില്‍ ഇരുവിഭാഗവും തമ്മല്‍ കാര്‍ക്കശ്യം പുലര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ഇത്തരത്തില്‍ ചര്‍ച്ചകള്‍ കഠിനമാകുമ്പോള്‍ ബ്രിട്ടന്റെ ഭാഗത്തുനിന്നും വീഴ്ചകള്‍ സംഭവിക്കുകയാണെങ്കില്‍ തെരേസേ മേയ്ക്ക് അത് സൃഷ്ടിക്കുന്ന തിരിച്ചടി നിസ്സാരമായിരിക്കുകയില്ല. ഇപ്പോള്‍ തന്നെ സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീസ് പാര്‍ട്ടിയില്‍ നിന്നും മേയ്ക്ക് ബ്രക്‌സിസ്റ്റ് ചര്‍ച്ചകളുടെ പേരില്‍ എതിര്‍പ്പുകള്‍ നേരിട്ട് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മേയ്ക്ക് കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെങ്കില്‍ ജനവിധി തേടുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പൂര്‍ണ ബോധ്യവുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ മേയ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറുമെന്നാണ് അഭിപ്രായ സര്‍വേ ഫലം നല്‍കുന്ന സൂചന.
പക്ഷേ, ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനം രാഷ്ട്രീയമായി നിരവധി അപകട സാധ്യതകള്‍ തെരേസേ മേയ്ക്ക് സമ്മാനിക്കുന്നുണ്ട്. തെരേസേ മേയ്ക്ക് അവസരവാദി എന്ന പ്രതിഛായ സമ്മാനിക്കുന്നുവെന്നതാണ് അവയിലൊന്ന്. രാഷ്ട്രീയ കളികള്‍ക്ക് പ്രാധാന്യം കൊടുക്കാത്ത, രാജ്യതാത്പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന വ്യക്തിത്വമെന്നാണ് തെരേസേ മേയെ വിശേഷിപ്പിച്ചിരുന്നത്.

ബ്രിട്ടനില്‍ വരുന്ന ജൂണ്‍ എട്ടിന് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന തെരേസേ മേയുടെ തീരുമാനത്തിന് ബ്രട്ടീഷ് പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 13 ന് എതിരെ 522 പേര്‍ തിരഞ്ഞെടുപ്പിനെ അനുകൂലിച്ചു. പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും.
ബ്രെക്‌സിസ്റ്റാനന്തരം ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിപദം രാജി വെച്ചതോടെയാണ് മേയ് അധികാരമേറ്റത്. ജൂണ്‍ 21ന് നടന്ന ഹിത പരിശോധനയില്‍ മേയെ പിന്തുണച്ചിരുന്നത് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ തുടരുന്നതിനായിരുന്നു. തിരഞ്ഞെടുപ്പ് നേരിടാതെ അധികാരത്തിലെത്തിയ മേ സര്‍ക്കാറിന് ബ്രെക്‌സിസ്റ്റ് നടപ്പിലാക്കാന്‍ അധികാരമുണ്ടോയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ഇടക്കാല തിരഞ്ഞെടുപ്പ് തീരുമാനിച്ചത്. ബ്രെക്‌സിസ്റ്റ് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ശക്തമായ നടപടികള്‍ വേണമെന്നാണ് മേയുടെ നിലപാട്. 1974 ആണ് ഇതിനുമുമ്പ് ബ്രിട്ടനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടന്നത്. ഖനിതൊഴിലാളികളുടെ സമരത്തെ നേരിടാന്‍ ജനപിന്തുണ ആവശ്യപ്പെട്ടുകൊണ്ട് എഡ്വേര്‍ഡ് ഹീത്ത് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പില്‍ തൂക്കുപാര്‍ലിമെന്റിനാണ് ജനം വിധിയെഴുതിയത്.
അതേ സമയം പ്രകടനം മൂലം ലേബര്‍ പാര്‍ട്ടി നേതാവ് ജറമി കോര്‍ബിന്‍ പ്രതിപക്ഷ സ്ഥാനം രാജിവക്കുമെന്ന ഭയമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഠൗണിങ് സ്ട്രീറ്റില്‍ നിന്നുമുളള ഉന്നതന്‍മാരാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. വരുന്ന മേയ് നാലിന് കോര്‍ബിന്‍ സ്ഥാനമൊഴിയുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. ലേബര്‍ പാര്‍ട്ടിയില്‍ പുതിയ നേതൃത്വം എത്തുന്നതോടെ ബ്രെക്‌സിസ്റ്റ് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മേയ്ക്ക് വെല്ലുവിളി ഉയരും. ഇതു തടയുന്നതിനാണ് മേയ് കാലേക്കൂട്ടി കരുക്കള്‍ കൂട്ടിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രെക്‌സിസ്റ്റ് നടപടികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തെരേസേ മേയ് വിസമ്മതിച്ചു. അതേ സമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണങ്ങള്‍ അവര്‍ തള്ളിക്കളയുകയും ചെയ്തു.
ബ്രെക്‌സിസ്റ്റിനെ തുടര്‍ന്ന് ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. രാജ്യം യൂറോപ്യന്‍ യൂനിയന്‍ വിട്ടതിനെയും അതിനെതുടര്‍ന്ന് ഉണ്ടായിട്ടുള്ള ഗുരുതരമായ അവിടുത്തെ പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രതിപക്ഷ പാര്‍ട്ടികളില്‍ മാത്രമല്ല, ഭരണകക്ഷിയിലും ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നുള്ളതും ഒരു വസ്തുതയാണ്.

രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ രണ്ടു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ബ്രെക്‌സിസ്റ്റ് ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്നുള്ളതും ഒരു വസ്തുതയാണ്.
ഇപ്പോള്‍ തന്നെ യൂറോപ്യന്‍ യൂനിയനില്‍ യു കെ അടക്കേണ്ട കുടിശ്ശികകള്‍ ആകെ അടച്ചു തീര്‍ത്താല്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളൂ എന്ന നിലപാട് യൂറോപ്യന്‍ യൂനിയന്‍ നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനിലെ മറ്റ് രാജ്യങ്ങളുടെ പൗരന്‍മാരുടെ ബ്രിട്ടനിലെ അവകാശങ്ങളും, ബ്രിട്ടീഷ് പൗരന്‍മാരുടെ യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളിലെ തുടര്‍ന്നുള്ള സ്ഥിതിയുമെല്ലാം വളരെ ഗൗരവമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ട കാര്യങ്ങളാണ്. യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളിലെ യു കെയുടെ കച്ചവട താത്പര്യങ്ങള്‍ വളരെ വിശദമായി ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ട വിഷയവുമാണ്. എന്തായാലും ഈ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുക എന്ന ഭാരിച്ച ദൗത്യമാണ് പ്രധാനമന്ത്രി തെരേസേ മേയ് ക്ക് പരിഹരിക്കാനുള്ളത്.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest