ഔദ്യോഗിക എഴുത്തുകള്‍ക്ക് ദുബൈക്ക് സ്വന്തം ‘അക്ഷര രൂപം’, ലോകത്ത് ആദ്യ നഗരം

Posted on: May 2, 2017 7:45 pm | Last updated: May 2, 2017 at 7:52 pm
SHARE

ദുബൈ: ദുബൈ എമിറേറ്റിന്റെ ഔദ്യോഗിക എഴുത്ത് ഫോണ്ടായി ‘ദുബൈ ഫോണ്ട്’ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അവതരിപ്പിച്ചു. ആദ്യമായി ഒരു നഗരത്തിനായി മൈക്രോസോഫ്റ്റുമായി സഹകരിച്ച് തയ്യാറാക്കിയ ഫോണ്ടാണിത്. ആഗോളതലത്തിലും മേഖലയിലും നവീനതയുടെ മുന്‍നിരക്കാരായി രാജ്യത്തെ മാറ്റുകയെന്ന യു എ ഇ കാഴ്ചപ്പാടിനനുസൃതമായാണ് ദുബൈ ഫോണ്ട് അവതരിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് ഒരു നഗരം സ്വന്തം ഫോണ്ട് രൂപപ്പെടുത്തുന്നത്.

അറബിയും ലാറ്റിനും സമന്വയിപ്പിച്ച ഫോണ്ട് 23 ഭാഷകളിലായി രൂപകല്‍പന ചെയ്തിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഓഫീസ് 365 വഴി 10 കോടിയിലധികം ഉപയോക്താക്കള്‍ക്ക് ഫോണ്ട് ലഭ്യമാകും.
ഡിജിറ്റല്‍ ലോകത്ത് ഒന്നാം റാങ്ക് നിലനിര്‍ത്തുന്നതിനുള്ള തങ്ങളുടെ സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് ലോഞ്ചിംഗ് ചടങ്ങില്‍ ശൈഖ് ഹംദാന്‍ പറഞ്ഞു. എമിറേറ്റിലെ എല്ലാ ഔദ്യോഗിക എഴുത്തുകുത്തുകള്‍ക്കും ഇനി പുതിയ ഫോണ്ടായിരിക്കും. ലോകത്ത് നിരവധി പ്രചാരമേറിയ ഫോണ്ടുകള്‍ നിലവിലുണ്ട്, ഇതില്‍ നിന്ന് വ്യത്യസ്തമാകാനാണ് ദുബൈയിലെ എല്ലാ സര്‍ക്കാര്‍ ഔദ്യോഗിക എഴുത്ത് ഇടപാടുകള്‍ക്കും സ്വന്തമായി ഫോണ്ട് അവതരിപ്പിച്ചത്.
ലോകത്തുള്ള എല്ലാ ഫോണ്ടുകളില്‍ നിന്നും സവിശേഷമാണ് ദുബൈ ഫോണ്ടെന്ന് ശൈഖ് ഹംദാന്‍ വ്യക്തമാക്കി. ഭൂതകാലത്തിന്റെ ആധികാരികതയും ഭാവിയെ കുറിച്ചുള്ള അഭിലാഷങ്ങളും സമന്വയിപ്പിച്ച അതിശയകരമായ രൂപകല്‍പനയാണ് ദുബൈ ഫോണ്ടിന്റേത്.

ഫോണ്ട് രൂപകല്‍പനയുടെ പ്രാഥമികഘട്ടം മുതല്‍ അന്തിമ ഡിസൈന്‍ വരെ വ്യക്തിപരമായി ഇതിന് മേല്‍നോട്ടം വഹിച്ചതായി ശൈഖ് ഹംദാന്‍ പറഞ്ഞു. ഈയൊരു പുതുസംരംഭത്തില്‍ പങ്കുചേര്‍ന്ന പ്രൊജക്ട് ടീമിനെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നതായും ശൈഖ് ഹംദാന്‍ പറഞ്ഞു.
ചടങ്ങില്‍ ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അബ്ദുര്‍റഹ്മാന്‍ അല്‍ ശൈബാനി, ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അസി. സെക്രട്ടറി ജനറലും ദുബൈ ഫോണ്ട് പ്രൊജക്ട് ഡയറക്ടറുമായ എന്‍ജി. അഹ്മദ് അല്‍ മഹ്‌രി, മൈക്രോസോഫ്റ്റ് മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക പ്രസിഡന്റ് സാമിര്‍ അലു ലതൈഫ്, ഫോണ്ട് ഡിസൈന്‍ ചെയ്ത ഡോ. നദീന്‍ ഷൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. www.dubaifont.com എന്ന വെബ്‌സൈറ്റില്‍നിന്ന് ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാം.

ദുബൈയിലെ എല്ലാ ഗവണ്‍മെന്റ് സ്ഥാപനങ്ങളും പുതിയ ഫോണ്ട് ഇനി മുതല്‍ ഉപയോഗിക്കും. ദുബൈ നഗരസഭയിലെ എല്ലാ ഇടപാടുകള്‍ക്കും ദുബൈ ഫോണ്ട് ഉപയോഗിക്കാന്‍ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here