ബംഗാള്‍ ഹൈക്കോടതി  ജഡ്ജി പി എസ് കര്‍ണന് വൈദ്യപരിശോധന നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

Posted on: May 1, 2017 12:16 pm | Last updated: May 1, 2017 at 4:22 pm
SHARE

ന്യൂഡല്‍ഹി: ബംഗാള്‍ ഹൈക്കോടതി ജഡ്ജി പി എസ് കര്‍ണന് വൈദ്യപരിശോധന നടത്തണമെന്ന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതുള്‍പ്പെടെ നിരവധി വിവാദ ഉത്തരവുകളാണ് പി എസ് കര്‍ണന്‍ പുറപ്പെടുവിച്ചിരുന്നത്.

കൊല്‍ക്കത്തയിലെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും ബംഗാള്‍ ഡി ജി പിയും സര്‍ക്കാറും ഇതിനായി എല്ലാവിധ സൗകര്യവും ഒരുക്കാനും കോടതി നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ പരിശോധന ഫലം മേയ് എട്ടിന് കോടതിയില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

2017 ഫെബ്രുവരി എട്ടിന് ശേഷം ജസ്റ്റിസ് കര്‍ണന്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളൊന്നും പരിഗണിക്കേണ്ടന്ന് സുപ്രീം കോടതി മറ്റു കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.

കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന ജസ്റ്റിസ് പി.എസ്. കര്‍ണന്‍, തനിക്ക് സുപ്രീം കോടതിയിലെ മുതിര്‍ന്ന ഏഴ് ജഡ്ജിമാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത് വിവാദം സൃഷ്ടിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഹാജരാകണമെന്ന ഉത്തരവ് അനുസരിക്കാത്ത ജഡ്ജി സി.എസ്.കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറന്റ്പുറപ്പെടുവിച്ചതും ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ അത്യപൂര്‍വ സംഭവമായിരുന്നു

സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്കുള്ള കത്തുകളിലാണ് ജഡ്ജിമാര്‍ക്കെതിരെ ആക്ഷേപങ്ങളുന്നയിച്ചത്.