കേന്ദ്രം ഇടപെട്ടു; നാല് പേരെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി

Posted on: May 1, 2017 10:24 am | Last updated: April 30, 2017 at 11:25 pm
SHARE
കെ എസ് ഈശ്വരപ്പ, ബി എസ് യെദ്യൂരപ്പ

ബെംഗളുരൂ: കര്‍ണാടക ബി ജെ പി ഘടകത്തില്‍ ചേരിപ്പോര് രൂക്ഷമായി തുടരുന്നതിനിടെ ഇരുപക്ഷത്തുമുള്ള രണ്ട് വീതം നേതാക്കളെ ദേശീയ നേതൃത്വം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി. ആഭ്യന്തര കലഹം തെരുവിലേക്ക് വലിച്ചിഴക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയോടും എതിര്‍പക്ഷത്തുള്ള മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പയോടും അനുഭാവം പ്രകടിപ്പിക്കുന്ന പാര്‍ട്ടി ഭാരവാഹികളെ ദേശീയ നേതൃത്വം സ്ഥാനമാനങ്ങളില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വൈസ് പ്രസിഡന്റുമാരായ ഭാനുപ്രകാശ്, നിര്‍മല്‍ കുമാര്‍ സുരന, റൈത മോര്‍ച്ച വൈസ് പ്രസിഡന്റ് എം പി രേണുകാചാര്യ, പാര്‍ട്ടി സംസ്ഥാന വക്താവ് ജി മധുസൂദനന്‍ എന്നിവരെയാണ് തത്സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയത്. യെദ്യൂരപ്പയോട് അടുപ്പമുള്ള നേതാക്കളാണ് രേണുകാചാര്യയും മധുസൂദനനും. മുന്‍ മന്ത്രിയും എം എല്‍ എയുമാണ് രേണുകാചാര്യ. ഭാനുപ്രകാശും നിര്‍മല്‍ കുമാര്‍ സുരനയും ഈശ്വരപ്പ പക്ഷക്കാരാണ്. മുന്‍ എം എല്‍ എയാണ് നിര്‍മല്‍കുമാര്‍ സുരന. എം എല്‍ സിയാണ് ഭാനുപ്രകാശ്.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാര്‍ട്ടിയിലെ തമ്മിലടിയും വിഭാഗീയ പ്രവര്‍ത്തനവും അവസാനിപ്പിക്കണമെന്ന സന്ദേശം നല്‍കുന്നതാണ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ അച്ചടക്ക നടപടി. പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചേക്കാവുന്ന വിധത്തില്‍ ആഭ്യന്തര കലഹം ശക്തമായ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമവായത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയും കര്‍ണാടകയുടെ ചുമതലയുമുള്ള പി മുരളീധര്‍ റാവു കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ എത്തിയിരുന്നു. ഇന്നലെ രണ്ട് വിഭാഗങ്ങളുമായി മുരളീധര്‍ റാവു മല്ലേശ്വരത്തെ ബി ജെ പി ആസ്ഥാനത്ത് വെച്ച് ചര്‍ച്ച നടത്തി. യെദ്യൂരപ്പയെയും ഈശ്വരപ്പയെയും കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു.
യെദ്യൂരപ്പ ഉള്‍പ്പെടുന്ന ഔദ്യോഗികപക്ഷത്തിന്റെ മുന്നറിയിപ്പ് മറികടന്ന് പാര്‍ട്ടിയെ രക്ഷിക്കാനെന്ന പേരില്‍ ഈശ്വരപ്പ വിഭാഗം ഏപ്രില്‍ 27ന് ബെംഗളൂരു പാലസ് മൈതാനിയില്‍ സേവ് ബി ജെ പി എന്ന പേരില്‍ സമ്മേളനം വിളിച്ചു ചേര്‍ത്തതോടെയാണ് സംസ്ഥാന ബി ജെ പിയിലെ ചേരിപ്പോര് രൂക്ഷമായത്. വിഭാഗീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം മാനിക്കാതെയാണ് യെദ്യൂരപ്പക്കെതിരെ ഈശ്വരപ്പ വിഭാഗം സമാന്തര സമ്മേളനം വിളിച്ചുചേര്‍ത്തത്. സമ്മേളനത്തില്‍ ഈശ്വരപ്പക്കൊപ്പം ഭാനുപ്രകാശും നിര്‍മല്‍ കുമാറും വേദി പങ്കിട്ടിരുന്നു.

കണ്‍വെന്‍ഷന്‍ നടത്തിയതില്‍ പാര്‍ട്ടി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെ കടന്നാക്രമിച്ച് യെദ്യൂരപ്പ പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.
സമ്മേളനം വിളിച്ചു ചേര്‍ത്തത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണെന്ന് യെദ്യൂരപ്പ ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റെന്ന നിലയിലുള്ള യെദ്യൂരപ്പയുടെ ഏകാധിപത്യ നിലപാടുകളും പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നാണ് ഈശ്വരപ്പയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here