ഭരണാധികാരികളും രാഷ്ട്രീയക്കാരും മത സ്വാതന്ത്ര്യത്തില്‍ കൈയിടരുത്: കാന്തപുരം

Posted on: April 30, 2017 11:18 pm | Last updated: April 30, 2017 at 11:13 pm
മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍
അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി
അബൂബക്കര്‍ മുസ്‌ലിയാര്‍ ബിരുദദാന പ്രസംഗം നടത്തുന്നു

പുത്തിഗെ (കാസര്‍കോട്): ഭരണാധികാരികളും രാഷ്ട്രീയക്കാരും മതത്തില്‍ അഭിപ്രായം പറയരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പുത്തിഗെ മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ ബിരുദ ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മതവിധികള്‍ പറയേണ്ടത് അതാത് മതപണ്ഡിതരാണ്. അത് ആധുനികമാണോ, യുക്തിസഹമാണോ എന്നൊക്കെ അതാത് മതത്തിന്റെയാളുകള്‍ തീരുമാനിക്കട്ടെ. പുറത്തുള്ളവര്‍ മറ്റൊരു മതത്തിന്റെ നിയമങ്ങള്‍ മാറ്റണമെന്ന് പറയുന്നത് മതത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരനും മതങ്ങള്‍ക്കും നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ ആരും കൈയിടരുത്.
രാജ്യം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച മതേതര പാരമ്പര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധാകേന്ദ്രമാക്കുന്ന ഘടകം. ഓരോ മതത്തിന്റെയാളുകളും അവരുടെ മതവിശ്വാസവും ആചാരവും കാത്തുസൂക്ഷിക്കുമ്പോഴാണ് ഇന്ത്യയുടെ സൗന്ദര്യം പ്രകടമാകുന്നത്. കേരള മുസ്‌ലിം ജമാഅത്തിന്റെ മാതൃകയില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മുസ്‌ലിം ജമാഅത്ത് വ്യാപിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിം ജമാഅത്തിന്റെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുത്വലാഖ്, ഗോവധ നിരോധം, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളില്‍ ഭരണ നേതൃത്വങ്ങളുമായി തുറന്ന സംവാദത്തിന് മുസ്‌ലിം ജമാഅത്ത് തയ്യാറാണ്- കാന്തപുരം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.