മിഡില്‍ ഈസ്റ്റില്‍ ഫുട്‌ബോള്‍ പ്രൊഫഷനല്‍വത്കരണം ജുസൂറിലൂടെ സാധിക്കുമെന്ന് എ എഫ് സി പ്രതിനിധി

Posted on: April 30, 2017 8:28 pm | Last updated: April 30, 2017 at 8:28 pm
അലക്‌സ് ഫിലിപ്‌സ് ജുസൂറില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുന്നു

ദോഹ: മിഡില്‍ ഈസ്റ്റില്‍ ഉടനീളം ഫുട്‌ബോളിന്റെ പ്രൊഫഷനല്‍വത്കരണം ത്വരിതപ്പെടുത്താന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി പിന്തുണക്കുന്ന ജുസൂര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലൂടെ സാധിക്കുമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ എഫ് സി) പ്രതിനിധി. ഇന്ത്യ, കിഴക്കനേഷ്യ തുടങ്ങിയയിടങ്ങളില്‍ പ്രത്യേകിച്ചും എ എഫ് സി അംഗ രാഷ്ട്രങ്ങളില്‍ പൊതുവെയും ഫുട്‌ബോളിന്റെ പ്രൊഫഷനലൈസേഷന് പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് എ എഫ് സി സ്റ്റേക്‌ഹോള്‍ഡര്‍ അഫയേഴ്‌സ് മേധാവിയും യുവേഫയടെ ഏഷ്യ- യൂറോപ്പ് അഫയേഴ്‌സ് മേധാവിയുമായ അലക്‌സ് ഫിലിപ്‌സ് പറഞ്ഞു.

സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് പരിപാടി വ്യവസായത്തിനുള്ള മികവിന്റെ കേന്ദ്രമായ ജുസൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനത്തെ മുന്നില്‍ നിന്ന് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022ലെ ഫിഫ ലോകകപ്പിന്റെ പ്രധാന ഐതിഹാസിക ഘടകമാണ് ജുസൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്. വിദ്യാഭ്യാസവും അറിവ് നിര്‍മാണവും സമയമെടുക്കും. 2013ല്‍ ആരംഭിച്ച ജുസൂര്‍ 2022ന് മുമ്പ് തന്നെ മികവുകള്‍ സമ്മാനിക്കുന്നതിന്റെ സൂചനകള്‍ പ്രകടിപ്പിച്ചത് ശുഭവാര്‍ത്തയാണ്. മിഡില്‍ ഈസ്റ്റിലെ ഫുട്‌ബോള്‍ വ്യവസായത്തില്‍ പ്രൊഫഷനല്‍ തൊഴില്‍ ശക്തിയെ സ്ഥാപിക്കുകയെന്നത് 2022ന്റെ ലെഗസിയില്‍ അതിപ്രധാനമാണ്. ഇന്ത്യയില്‍ ഫുട്‌ബോളിന്റെ പ്രൊഫഷനല്‍വത്കരണം നടത്താന്‍ ഈ വര്‍ഷം ഒക്‌ടോബറില്‍ അതിപ്രധാന മത്സരം നടക്കുകയാണ്.

ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഇന്ത്യയില്‍ നടത്തുന്നത് തീര്‍ച്ചയായും വലിയ പ്രതിഫലനങ്ങളുണ്ടാക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഫിഫയുടെ മത്സരം നടക്കുന്നത്. ജുസൂര്‍ പോലെയുള്ള സ്ഥാപനങ്ങള്‍ ഏഷ്യയിലുടനീളം വരേണ്ടതുണ്ട്. ലോകജനസംഖ്യയുടെ 60 ശതമാനത്തിലേറെ പേര്‍ ജീവിക്കുന്ന വലിയ ഭൂഖണ്ഡമാണ് ഏഷ്യയെന്നത് ഓര്‍ക്കേണ്ടതുണ്ട്. മൈതാനത്ത് ഫലം മെച്ചപ്പെടുത്തലും നല്ല ഭരണവും തമ്മില്‍ ബന്ധമുണ്ടെന്നത് ഏഷ്യന്‍ രാഷ്ട്രങ്ങളും അവിടങ്ങളിലെ ക്ലബുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബുകളും ഫെഡറേഷനുകളും മൈതാനത്ത് മികച്ച ഫലമുണ്ടാക്കുന്നുണ്ട്. യൂറോപ്യന്‍ ക്ലബുകളുടെ വിജയത്തിന്റെ കാരണം ഇതാണെന്നും അതുപോലെയുള്ള പ്രവര്‍ത്തനം ഏഷ്യയിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.