മലപ്പുറത്ത് മഞ്ഞപ്പിത്തം വില്ലനാകുന്നു

Posted on: April 24, 2017 12:59 pm | Last updated: April 24, 2017 at 12:19 pm

മലപ്പുറം: ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു. പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, കാളികാവ്, വേങ്ങര എന്നീ മേഖലകളിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. മഞ്ഞപ്പിത്തം ബാധിച്ച് നൂറ് കണക്കിനാളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം വലമ്പൂര്‍ പാറയില്‍ ഹസൈനാരുടെ മകന്‍ ഫസലുദ്ദീന്‍ (23) മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. പെരിന്തല്‍മണ്ണയില്‍ അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂരില്‍ നൂറോളം പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയത്. ഒട്ടേറെ പേര്‍ പെരിന്തല്‍മണ്ണ താഴേക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലെ ആയുര്‍വ്വേദ ആശുപത്രികളിലാണ് ചികിത്സ തേടുന്നത്.

വേങ്ങരയില്‍ കുന്നുപുറത്ത് 80 ഉം, പറപ്പൂര്‍ 20 ഉം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. മലയോര മേഖലയായ കാളികാവിലെ ഈനാദിയില്‍ പത്ത് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കാളികാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സ തേടിയത്. മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നത് ഇത് വരെയും നിയന്ത്രണ വിധേയമാക്കിയിട്ടില്ല. ഒരോ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍ പലരും ആയുര്‍വേദ പാരമ്പര്യ ചികിത്സ രീതികള്‍ ആശ്രയിക്കുന്നത് മൂലം വ്യക്തമായ കണക്ക് ആരോഗ്യ വകുപ്പിന് ലഭ്യമായിട്ടില്ല. ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ ടാങ്കറുകളില്‍ വരുത്തിയാണ് കുടിവെള്ളം ഉപയോഗിക്കുന്നത്. വെള്ളത്തിന്റെ ഗുണമേന്മയോ മറ്റോ അറിയുന്നതിന് യാതൊരു മാര്‍ഗവുമില്ല. റോഡരികില്‍ വില്‍പ്പന നടത്തുന്ന ശീതള പാനീയങ്ങളും മറ്റും അണുവിമുക്തമാക്കാന്‍ സംവിധാനങ്ങളില്ല. ഇക്കാരണത്താല്‍ തന്നെ മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്. ജില്ലയില്‍ മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു. ടാങ്കറുകളില്‍ കൊണ്ടു വരുന്ന ജലം പരിശോധനക്ക് വിധേയമാക്കും. പലരും മഞ്ഞപ്പിത്തം ബാധിച്ചാല്‍ ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമുണ്ട്. ആയുര്‍വേദ പാരമ്പര്യ ചികിത്സ രീതികളാണ് പലരും ഉപയോഗിക്കുന്നത്.
ഇത് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.