ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മാഡ്രിഡ് ഡെര്‍ബി; യുവെന്റസിന് മൊണാക്കോ

Posted on: April 21, 2017 5:13 pm | Last updated: April 21, 2017 at 5:17 pm

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശ നിമിഷങ്ങള്‍ സമ്മാനിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമി പോരാട്ടങ്ങളുടെ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് നാട്ടുകാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരിടും. ബാഴ്‌സലോണയെ കീഴടക്കി സെമിയിലേക്ക് മുന്നേറിയ ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസിന് മൊണാക്കോയെയാണ് എതിരാളികളായി ലഭിച്ചത്. യുവേഫ ആസ്ഥാനമായ ന്യോണിലായിരുന്നു നറുക്കെടുപ്പ്. മെയ് 3,4 തീയതികളിലാണ് ആദ്യപാദ മത്സരം. രണ്ടാം പാദം മെയ് 10, 11 ന് നടക്കും.

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയില്ലാതെയാണ് സെമി പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. ക്വാര്‍ട്ടറില്‍ യുവെന്റസാണ് ബാഴ്‌സയുടെ വഴി മുടക്കിയത്. ആദ്യ പാദത്തില്‍ 3-0ത്തിന് ജയിച്ച യുവെ രണ്ടാം പാദത്തില്‍ കറ്റാലന്‍ പടയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയിരുന്നു. ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി റയല്‍ മാഡ്രിഡും ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി അത്‌ലറ്റിക്കോ മാഡ്രിഡും സെമിയില്‍ പ്രവേശിച്ചു. ഫ്രഞ്ച് മുന്‍നിര ടീമായ മൊണാക്കോ ക്വാര്‍ട്ടറില്‍ ബൊറുസിയ ഡോട്മുണ്ടിനെ പാരാജയപ്പെടുത്തി.