കാമുകിയുമായി കറങ്ങാന്‍ കാശില്ല; യുവാവ് ‘വിമാനം റാഞ്ചി’ രക്ഷപ്പെട്ടു

Posted on: April 21, 2017 9:02 am | Last updated: April 20, 2017 at 11:03 pm

ഹൈദരാബാദ്: രണ്ട് കുട്ടികളുടെ പിതാവായ കാമുകനോട് യുവതി പങ്കുവെച്ച ആദ്യ ആഗ്രഹം ഇത്തിരി കൂടിപ്പോയി. പക്ഷേ, കാമുകനല്ലെ, കേട്ടപാതി തലകുലുക്കി സമ്മതിക്കുകയും ചെയ്തു. കാമുകിയുടെ ആഗ്രഹം ഇത്രമാത്രം- ഹൈദരാബാദില്‍ നിന്ന് മുംബൈ, ഗോവ വിമാനയാത്രയും അവധിയാഘോഷവും. ഇതിന് മാത്രം കൈയില്‍ പണമില്ലെന്ന് കാമുകിയോട് തുറന്നു പറയാന്‍ ദുരഭിമാനം യുവാവിനെ അനുവദിച്ചതുമില്ല. പിന്നെ, ഈ യുവാവുണ്ടാക്കിയ പൊല്ലാപ്പുകള്‍ മൂന്ന് വിമാനത്താവളങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയതാണ് കഥയുടെ ക്ലൈമാക്‌സ്.
രണ്ട് ദിവസം മുമ്പ് ചെന്നൈ, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി മുംബൈ പോലീസിന് ‘ഒരു സ്ത്രീ’ അയച്ച ഇ മെയില്‍ സന്ദേശം സംബന്ധിച്ച അന്വേഷണം എത്തിച്ചേര്‍ന്നത് ഹൈദരാബാദുകാരനായ വംശി കൃഷ്ണയിലേക്കാണ്. ഈ വംശി തന്നെയാണ് മുകളിലെ കഥയിലെ കാമുകന്‍. കാമുകി ചെന്നൈ സ്വദേശിനിയും.

കാമുകിയുടെ ആഗ്രഹ പൂര്‍ത്തിക്കായി വംശി നേരത്തെ തന്നെ വിമാന ടിക്കറ്റ് അയച്ചുകൊടുത്തിരുന്നു. പക്ഷേ, ടിക്കറ്റ് വ്യാജമായിരുന്നെന്ന് മാത്രം. ഈ ടിക്കറ്റുമായി യുവതി വിമാനത്താവളത്തില്‍ കടക്കാന്‍ ശ്രമിച്ചാല്‍ പണിപാളും. ഇത് തടയാന്‍ കാമുകന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ ആശയമാണ് വിമാനം റാഞ്ചല്‍ ഭീഷണി. ഒട്ടും താമസിച്ചില്ല, സ്ത്രീയുടെ പേരില്‍ വ്യാജ ഇമെയില്‍ അക്കൗണ്ട് ഉണ്ടാക്കി മുംബൈ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് സന്ദേശമയച്ചു. ‘ആറ് പേര്‍ ചേര്‍ന്ന് വിമാനം റാഞ്ചുന്നതിനായി ഗൂഢാലോചന നടത്തുന്നത് താന്‍ ഒരു റസ്റ്റോറന്റില്‍ വെച്ച് ഒളിഞ്ഞുകേട്ടു.’
സന്ദേശം കിട്ടിയ ഉടന്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗരൂകരായി. ഭീഷണിയുള്ള മൂന്നടക്കം രാജ്യത്തെ 59 പ്രധാന വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കി. യാത്രക്കാരാകെ ബുദ്ധിമുട്ടിലായി. കഥയറിയാതെ കാമുകി തിരികെ പോയിക്കാണണം. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ വെറുതെയിരുന്നില്ല.

ആദ്യം മുതല്‍ തന്നെ സന്ദേശം വ്യാജമാണെന്ന സംശയമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അന്വേഷണം ഒടുവില്‍ ഹൈദരാബാദ് നഗരത്തിന് വെളിയില്‍ മിയാപൂര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന ബിരുദധാരിയായ വംശി കൃഷ്ണയിലാണ് അവസാനിച്ചത്. കഥ മുഴുവന്‍ വംശി തന്നെ പോലീസിന് മുന്നില്‍ വിവരിച്ചു കൊടുത്തു. ഐ ടി നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 32കാരനായ വംശിക്കെതിരെ രണ്ട് സൈബര്‍ കേസുകള്‍ നിലവിലുണ്ടെന്നും വ്യക്തമായിട്ടുണ്ട്.