മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഒരു വര്‍ഷം വേണ്ടിവരും

Posted on: April 21, 2017 7:39 am | Last updated: April 20, 2017 at 10:40 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബേങ്കുകളില്‍ നിന്ന് വന്‍തുക കടം വാങ്ങി രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ ഒരു വര്‍ഷമെടുക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ അറസ്റ്റിലായ വിജയ് മല്യ ജാമ്യത്തില്‍ പുറത്തിറങ്ങിയത് തങ്ങളെ നിരാശരാക്കുന്നില്ലെന്നും എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇതിന് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ എടുക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു അന്വേഷണ ഏജന്‍സിക്കോ സര്‍ക്കാറിനോ ബ്രിട്ടനില്‍ നിന്ന് ഒരു പ്രതിയെ വിട്ടുകിട്ടുക അത്രവേഗത്തില്‍ സാധ്യമല്ല.

ബ്രിട്ടനില്‍ തന്നെ പ്രാദേശിക കോടതികളിലും മേല്‍ക്കോടതികളിലുമായി പന്ത്രണ്ടോളം വിചാരണകള്‍ നേരിടേണ്ടിവരും. സി ബി ഐയുടെയും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും സംയുക്ത സംഘം ലണ്ടനില്‍ എത്തി മല്യയെ വിട്ടുകിട്ടാനായി അപേക്ഷ സമര്‍പ്പിച്ചേക്കും. മല്യയെ വിട്ടുകിട്ടേണ്ടതുണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ കോടതിയെ ബോധിപ്പിക്കണം. ഇക്കാര്യത്തിനെതിരെ മല്യക്ക് കോടതിയില്‍ വാദിക്കാം. ശേഷം ബ്രിട്ടനിലെ കോടതിക്ക് ബോധ്യമായാല്‍ മാത്രമേ മല്യയെ വിട്ടുകിട്ടുകയുള്ളൂ.
കഴിഞ്ഞ ദിവസം ലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്യക്ക് ഉടന്‍ തന്നെ ജാമ്യം ലഭിച്ചിരുന്നു. സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്ത മല്യക്ക് ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സെന്‍ട്രല്‍ ലണ്ടന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് മല്യയെ കോടതിയില്‍ ഹാജരാക്കിയത്. മൂന്ന് മണിക്കൂര്‍ മാത്രമാണ് മല്യ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്.