Connect with us

Editorial

യു എ പി എയുടെ ദുരുപയോഗം

Published

|

Last Updated

സംസ്ഥാന പോലീസ് യു എ പി എ ദുരുപയോഗം ചെയ്യുന്നുവെന്ന പൊതുസമൂഹത്തിന്റെ പരാതി ശരിവെച്ചിരിക്കുകയാണ് ഡി ജി പി ലോക്‌നാഥ്‌ബെഹ്‌റ അധ്യക്ഷനായ കേസ് പരിശോധനാ സമിതി. അടുത്തിടെയായി ഈ കരിനിയമം ചുമത്തി നിരവധി ആളുകള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ പലരും നിരപരാധികളാണെന്നും യാതൊരു തത്വദീക്ഷയുമില്ലാതെയാണ് പോലീസ് തീവ്രവാദവിരുദ്ധ നിയമം പ്രയോഗിക്കുന്നതെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സമിതി കേസുകള്‍ പുനഃപരിശോധനക്ക് വിധേയമാക്കിയത്. 2002 മുതല്‍ ചുമത്തപ്പെട്ട 162 കേസുകളില്‍ 42 എണ്ണത്തില്‍ യു എ പി എ നിലനില്‍ക്കില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. കേസ് ചുമത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് 136 -ഉം ഈ സര്‍ക്കാര്‍ വന്ന ശേഷം 26-ഉം യു എ പി എ കേസുകളാണ് ചുമത്തപ്പെട്ടത്.
ടാഡക്കും പോട്ടക്കും ശേഷം ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടാനെന്ന പേരില്‍ യു പി എ സര്‍ക്കാറാണ് യു എ പി എ നടപ്പാക്കിയത്.

രാജ്യത്തിന്റെ പരമാധികാരത്തിനോ അഖണ്ഡതക്കോ വെല്ലുവിളി ഉയര്‍ത്തുന്ന ദേശദ്രോഹികള്‍ക്കെതിരെ പ്രയോഗിക്കേണ്ട ഈ നിയമത്തെ ദുരുപയോഗം ചെയ്തു ഭരണകൂടങ്ങളും നീതിപാലകരും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നിരപരാധികള്‍ക്കുമെതിരെ പ്രയോഗിക്കുകയും അവരെ അതിക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. യു എ പി എ ചുമത്തപ്പെട്ട കേസുകളില്‍ നിരവധി വര്‍ഷങ്ങള്‍ തടവറകളില്‍ കഴിഞ്ഞ പലരെയും കുറ്റാരോപണം വ്യാജവും തെളിവില്ലാത്തതുമാണെന്ന് ബോധ്യപ്പെട്ട് കോടതികള്‍ വെറുതെ വിട്ടയച്ചിട്ടുണ്ട്.

ഗുജറാത്ത്, യു പി മഹാരാഷ്ട്ര തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് യു എ പി എ കൂടുതല്‍ ദുരുപയോഗപ്പെടുത്തപ്പെട്ടതെങ്കിലും കേരളത്തിലും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇടതുപക്ഷ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരും എഴുത്തുകാരും ഇതിനിരയായിട്ടുണ്ട്. ലോകത്തെവിടെയുമുള്ള ജനങ്ങള്‍ക്ക് നിര്‍ഭയം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം കാരണം കൂടാതെയുള്ള തടവിനും തടവില്‍ പാര്‍പ്പിക്കലിനെതിരെയുള്ള സ്വതന്ത്രവും നിഷ്പക്ഷവുമായ കുറ്റവിചാരണക്കുള്ള സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നതാണ് 1948 ഡിസംബര്‍ ഒന്നിന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം. അതിന്റെ കടുത്ത ലംഘനമാണ് യു എ പി എയുടെ പല വകുപ്പുകളും. കുറ്റാന്വേഷണത്തിന്റെപേരില്‍ നിയമാതീതമായി പ്രവര്‍ത്തിക്കാന്‍ പോലീസ് സംവിധാനത്തിന് അധികാരം നല്‍കുന്നു ഈ കരിനിയമം. ജനങ്ങള്‍ക്കെതിരായ വിധ്വംസകമായൊരു നീതിനിര്‍വഹണ നടപടിയെന്നാണ് ജസ്റ്റിസ് രജീന്ദ്രസച്ചാര്‍ ഇതിനെ വിശേഷിപ്പിച്ചത്.
തങ്ങള്‍ അധികാരത്തിലേറിയാല്‍ യു എ പി എയുടെ ദുരുപയോഗം കര്‍ശനമായി തടയുമെന്ന വാഗ്ദാനവുമായാണ് ഇടതുമുന്നണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കേരള മാര്‍ച്ച് വേളയില്‍ പിണറായി വിജയനെ സന്ദര്‍ശിച്ച കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ഇക്കാര്യം ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും പോലീസിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല. യു എ പി എയുടെ ദുരുപയോഗം തുടര്‍ന്നു.

ദേശീയ ഗാനത്തെ അപമാനിച്ചെന്നാരോപിച്ചു കമല്‍ സി ചവറ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീര്‍, നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് കോഴിക്കോട് ചെറുകുളം സ്വദേശി രാമകൃഷ്ണന്‍, ആദിവാസികളുടെയും ദളിത്പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി ശബ്ദിച്ച ആദിവാസി വനിത ഗൗരി തുടങ്ങിയവര്‍ ഈ സര്‍ക്കാറിന്റെ കാലത്ത് യു എ പി എ ചുമത്തപ്പെട്ടവരാണ്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ പാര്‍ട്ടി നേതാക്കളും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരാണ് നിയമാതീതമായി കേസുകള്‍ ചുമത്തുന്നതിന് പിന്നിലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. യു എ പി എ ഇടതു സര്‍ക്കാര്‍ നയമല്ലെന്ന് നിയമസഭയിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചില കേസുകളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ ചുമത്തിയത് തെറ്റായിപ്പോയെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുകയുമുണ്ടായി. ഈ സര്‍ക്കാറിന്റെ കാലത്ത് ചുമത്തപ്പെട്ട 26 കേസുകളില്‍ 25 എണ്ണവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള വിവരം. തെറ്റ് തിരുത്താനുള്ള സര്‍ക്കാര്‍ സന്നദ്ധത അഭിനന്ദനാര്‍ഹമാണ്.

യു എ പി എ കുറ്റാരോപണത്തിന് സാധുതയില്ലെന്ന് കണ്ടെത്തിയവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ഇത്രയുമേറെ വ്യാജകേസുകള്‍ രജിസ്റ്റര്‍ ചെയ്യാനിടയായതിനെക്കുറിച്ചു വകുപ്പിനോട് വിശദീകരണമാരായുകയും നിയമം ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുകയും ചെയ്യേണ്ടതാണ്. അധികാര ദുര്‍വിനിയോഗം നടത്തുന്ന ഉദ്യോഗസ്ഥരോടുള്ള മൃദുസമീപനമാണ് തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അവര്‍ക്ക് പ്രചോദനമാകുന്നത്.

Latest