മലപ്പുറം ഉപതിരഞ്ഞെടുപ്പ്: ചില വിചാരങ്ങള്‍

Posted on: April 21, 2017 6:31 am | Last updated: April 20, 2017 at 10:33 pm

മുസ്‌ലിം ലീഗ് നേതാവും പാര്‍ലിമെന്റ്അംഗവുമായിരുന്ന ഇ അഹമ്മദ് പെട്ടെന്നൊരു ദിവസം മരണപ്പെടുന്നു. മരണത്തില്‍ പറയത്തക്ക ദുരൂഹതയൊന്നുമില്ലെങ്കിലും മരണവാര്‍ത്ത പൂഴ്ത്തിവെച്ചും അടുത്ത ബന്ധുക്കളെപ്പോലും യഥാസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നും അഹമ്മദിനോട് കേന്ദ്ര സര്‍ക്കാര്‍ നീതി കാണിച്ചില്ല എന്ന ഒരു പരാതി ഉയര്‍ന്നുവരികയും അതൊന്നും കാര്യമായി ഏറ്റുപിടിക്കാന്‍ ആരും വലിയ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തതോടെ സംഗതി കെട്ടടങ്ങുകയും ചെയ്തു. അങ്ങനെ അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന മലപ്പുറം മണ്ഡലത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് അത്യന്താപേക്ഷിതമായി. സ്വാഭാവികമായും പിന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയടക്കമുള്ള എല്ലാവരുടെയും ശ്രദ്ധ അതിലേക്കു തിരിയുകയും ചെയ്തു. അങ്ങനെ ഏപ്രില്‍ 12നു തിരഞ്ഞെടുപ്പും 17നു ഫലപ്രഖ്യാപനവും വന്നു. രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ചതുപോലെ ലീഗ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി തിളക്കമാര്‍ന്ന വിജയത്തോടെ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയുടെ ഏറ്റവും കരുത്തനായ നേതാവും ചാണക്യനുമായി അറിയപ്പെടുന്ന കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം മണ്ഡലത്തിലേക്ക് ഒരു കണ്ണുണ്ട് എന്ന തോന്നല്‍ ഉണ്ടായപ്പോഴേ മലപ്പുറത്തിന്റെ എം പി മറ്റാരുമാകില്ലെന്ന് തീരുമാനിക്കപ്പെട്ടതാണ്. അതായത് മറ്റൊരു പേര് ഇനി ആ സ്ഥാനത്തേക്ക് ആ പാര്‍ട്ടിയില്‍ നിന്നു പൊങ്ങിവരികയില്ലെന്നും ആ ആഗ്രഹം അരക്കിട്ടുറപ്പിക്കാന്‍ പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നു ഒരു ഔദ്യോഗിക പ്രഖ്യാപനത്തില്‍ സംഗതിയങ്ങ് ഉറപ്പിക്കുമെന്നും ഏവരും കണക്കു കൂട്ടി.

മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയുടെ രീതി അറിയാവുന്നവര്‍ക്ക് അതില്‍ സംശയത്തിനും ഇടമുണ്ടായിരുന്നില്ല. പിന്നെ അദ്ദേഹത്തെ നേരിടാന്‍ ഇടതുപക്ഷം പ്രത്യേകിച്ച് സി പി എം ആരെ നിയോഗിക്കും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. യുവനേതാവ് എം ബി ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷവും എന്‍ ശ്രീപ്രകാശിനെ ബി ജെ പിയും പ്രഖ്യാപിച്ചതോടെ മലപ്പുറത്തിന്റെ തിരഞ്ഞെടുപ്പ് ഗോദ സജീവമാകുകയും ചെയ്തു.

പിന്നീടു നടന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവും പ്രചാരണവും രാഷ്ട്രീയ പാര്‍ട്ടികളും അതിലേറെ കേരളത്തിലെ മാധ്യമങ്ങളും കൊഴുപ്പിക്കുകയും ചെയ്തു. സത്യത്തില്‍ മുന്‍കൂട്ടി വിധിയെഴുതപ്പെട്ട ഈ തിരഞ്ഞെടുപ്പിന് ഇന്ത്യന്‍ സമകാലിക രാഷ്ട്രീയത്തെയോ കേരളത്തിലെ ഇടതുവലതു സമവാക്യങ്ങളെയോ മാറ്റിമറിക്കാന്‍ ഉള്ള രാഷ്ട്രീയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. 80 ശതമാനം മുസ്‌ലിം വിഭാഗത്തില്‍ പെട്ടവര്‍ താമസിക്കുന്ന മുസ്‌ലിംലീഗെന്ന പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഒരു മണ്ഡലത്തില്‍ ആ പാര്‍ട്ടിയുടെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ഗ്രാഫ് അളക്കുക, മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇവിടുത്തെ 20 ശതമാനം വരുന്ന ഹൈന്ദവ സമൂഹത്തില്‍ ബി ജെ പിക്ക് എത്രമാത്രം കടന്നുകയറാന്‍ കഴിഞ്ഞു എന്നത് നോക്കുക, ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പരാജയത്തിന്റെ ആഴം എത്രമാത്രം കൂടിയതാകും എന്ന് പരിശോധിക്കുക എന്നൊക്കെയുള്ള ചില കണക്കുകൂട്ടലുകള്‍ക്കപ്പുറം വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നും ഈ ഉപതിരെഞ്ഞെടുപ്പിന് കല്‍പ്പിക്കാനുണ്ടായിരുന്നില്ല. മലപ്പുറം എന്ന മുസ്‌ലിം ലീഗിന്റെ ഈ രാഷ്ട്രീയ ബെല്‍റ്റില്‍ ശാക്തികബലാബലങ്ങള്‍ മാറിമറിയല്‍ വളരെ അപൂര്‍വമായിട്ടേ സംഭവിക്കാറുള്ളൂ എന്നതുതന്നെ കാരണം.
കുഞ്ഞാലിക്കുട്ടിയുടെ വിജയം തിളക്കമാര്‍ന്നതു തന്നെ. അഹമ്മദിന്റെ ഭൂരിപക്ഷത്തിനൊപ്പം ഓടിയെത്താനായില്ലെന്നും ഇടതുപക്ഷത്തിന്റെ പരാജയം മാന്യമായ പരാജയമെന്നും വിലയിരുത്തപ്പെടുന്നു. അഞ്ചു ലക്ഷത്തിലേറെ വോട്ടുപിടിച്ചു എന്ന റെക്കോര്‍ഡ് കുഞ്ഞാലിക്കുട്ടിക്ക് അവകാശപ്പെടാനുണ്ടാകുമ്പോള്‍ വര്‍ധിച്ച വോട്ടില്‍ അധികം കരസ്ഥമാക്കി കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ എം ബി ഫൈസലിനുമായി.

മതധ്രുവീകരണത്തിലൂടെ ശക്തി തെളിയിക്കാമെന്ന ബി ജെ പിയുടെ സ്വപ്‌നമാകെ പൊലിയുകയും ചെയ്തു. അപ്പോഴും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിലേറെ ആയിരത്തോളം വോട്ട് അവരും നേടി. പുതുതായി വന്ന വോട്ടര്‍മാര്‍ അവരെ പാടേ കൈയൊഴിയുകയും ചെയ്തു.
എന്നാലും ബി ജെ പിയുടെ ഈ മലപ്പുറം അവസ്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രതിഫലനമേയല്ല. എന്തിന് കേരളത്തിന്റെ ഇതര ഭാഗങ്ങള്‍ക്കു പോലും ഈ തിരിച്ചടി ബാധകമാകുമെന്നുപറയാനാവില്ല. കാരണം സംഭവിച്ചത് മലപ്പുറത്തായി എന്നതുതന്നെ. പക്ഷേ ഒരു കാര്യം ഇവിടെ വെളിവാകുന്നുണ്ട്. അതെന്താണെന്നോ? യു ഡി എഫ് യു ഡി എഫ് ആയും എല്‍ ഡി എഫ് എല്‍ ഡി എഫായും ബി ജെ പി കലര്‍പ്പില്ലാത്ത ബി ജെ പിയായും കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ ബി ജെ പിയുടെ നില എന്നും പരുങ്ങലില്‍ തന്നെയാകും എന്നതാണത്. നേമത്ത് രാജഗോപാലിന് ഉണ്ടായ നേട്ടം ഒരു മുന്നണിയുടെ വോട്ട് ചോര്‍ന്നതു കൊണ്ട് മാത്രമാണെന്ന് തെളിഞ്ഞതുമാണല്ലോ?

ഈ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുമ്പോള്‍ കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനെ മാത്രം മാനദണ്ഡമാക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ന്യായമായും ഉയര്‍ന്നേക്കാം. കാരണം പത്തു മാസം മുമ്പ് മാത്രമാണല്ലോ കേരളാ അസംബ്ലിയിലേക്ക് ഒരു തിരഞ്ഞെടുപ്പ് നടന്നത്? അസംബ്ലിയിലേക്കും പാര്‍ലിമെന്റിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഒക്കെയുള്ള ജനവിധിക്ക് സാമ്യം എന്നതിലേറെ പ്രകടമായ അന്തരം തന്നെയാണ് ഏതുകാലത്തും സംഭവിക്കുക. ഇനി ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പ് എന്ന നിലക്ക് അതിനെ മാനദണ്ഡമാക്കിയാല്‍ പോലും മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പറയത്തക്ക മാറ്റമൊന്നും ഇടതു വലതു മുന്നണികളെ ബാധിക്കുന്നില്ലാ എന്നുതന്നെ വിലയിരുത്തണം. ഈ മണ്ഡലത്തിലെ ഏഴു അസംബ്ലി മണ്ഡലങ്ങളും പത്തു മാസം മുമ്പും ഇപ്പോഴും യു ഡി എഫിനൊപ്പം തന്നെയാണ്.
പെരിന്തല്‍ മണ്ണയില്‍ അന്ന് യു ഡി എഫിനുണ്ടായിരുന്ന ആയിരത്തിനു താഴെയുള്ള ഭൂരിപക്ഷം ഇപ്പോള്‍ വര്‍ധിച്ചു എന്നും മങ്കടയിലെ രണ്ടായിരത്തിനു താഴെ മാത്രം ഉണ്ടായിരുന്ന ഭൂരിപക്ഷം 15നു മുകളില്‍ കടന്നു എന്നതും ശരിയാണ്. അപ്പോള്‍ മലപ്പുറം മണ്ഡലത്തില്‍ യു ഡി എഫിന്റെ പഴയ ഭൂരിപക്ഷത്തില്‍ അല്‍പം കുറവ് വന്നു എന്നതും ശ്രദ്ധിക്കണം. അതിനേക്കാള്‍ ഉപരി മറ്റൊന്നു കൂടി പരിഗണിക്കേണ്ടിവരും. ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും എസ് ഡി പി ഐയും പെരിന്തല്‍മണ്ണയിലും മങ്കടയിലും ആര്‍ക്കാവും വോട്ടുചെയ്തിരിക്കുക? അവര്‍ സ്ഥാനാര്‍ഥികളെ നിറുത്തുന്നില്ലാ എന്ന പ്രഖ്യാപനം വന്നപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷ വര്‍ധനവെന്ന ലക്ഷ്യത്തിന് ഇവര്‍ കൂട്ടുനിന്നോ എന്ന സംശയം പല കോണുകളില്‍ നിന്നും ഉയര്‍ന്നതുമാണ്. ഇല്ലെങ്കില്‍ ഈ രണ്ടു പാര്‍ട്ടികളും ഈ ഉപതിരഞ്ഞെടുപ്പില്‍ മാത്രം എന്തുകൊണ്ട് സ്ഥാനാര്‍ഥികളെ നിറുത്തിയില്ലാ എന്ന സംശയത്തിനു പ്രസക്തിയുണ്ട്.
ലീഗില്‍ എം കെ മുനീറിനോടും കെ എം ഷാജിയോടും ഉള്ള അത്ര എതിര്‍പ്പ് എസ് ഡി പി ഐക്കെങ്കിലും കുഞ്ഞാലിക്കുട്ടിയോടില്ല എന്ന ഒരു സംസാരം പലപ്പോഴും കേള്‍ക്കാറുള്ളതാണ്. അതിന്റെ നിജസ്ഥിതി നമുക്കറിയില്ലെങ്കിലും ആ വാദം ഉയര്‍ത്തുന്നവര്‍ക്ക് പിന്‍ബലമേകുന്നതായി ഈ മനഃസാക്ഷി വോട്ടെന്ന തീരുമാനം. ജമാഅത്തെ ഇസ്‌ലാമിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള രണ്ടു മണ്ഡലങ്ങളാണ് പെരിന്തല്‍മണ്ണയും മങ്കടയും. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ക്കൊക്കെ ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികളുമുണ്ടായിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികളുടെ വോട്ടുകള്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചില്ല എന്ന് ഉറപ്പിക്കാനാവുമോ? ചെയ്തിരിക്കും എന്നു കരുതുന്നതിലല്ലേ കൂടുതല്‍ യുക്തി? വെല്‍െഫയര്‍ പാര്‍ട്ടിയുടെ മതരൂപമായ ജമാഅത്തെ ഇസ്‌ലാമിയും അവരുടെ കീഴിലുള്ള മാധ്യമങ്ങളും മലപ്പുറം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ നടത്തുന്ന സി പി എം വിരുദ്ധ നിലപാടും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഫലത്തെ വിലയിരുത്തിക്കൊണ്ടുള്ള അവരുടെ ചാനല്‍ നടത്തിയ ഒരന്തിച്ചര്‍ച്ചയുടെ ടൈറ്റില്‍ തന്നെ ‘സി പി എമ്മിന് സംഘ്പരിവാര്‍ മുഖമോ?’ എന്നായത് ബോധപൂര്‍വമുള്ള ഒരജന്‍ഡയുടെ ഭാഗമായിരിക്കാം. സി പി എമ്മിനേയും ആര്‍ എസ് എസ്സിനേയും അറിയുന്നവര്‍ക്കറിയാം ഇതില്‍പരം ഒരശ്ലീല ടൈറ്റില്‍ വേറെയുണ്ടാവില്ല എന്ന്. അപ്പോള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ ഏഴു അസംബ്ലി മണ്ഡലത്തിലും കൂടി യു ഡി എഫിനുണ്ടായ ചെറിയ വോട്ടു വര്‍ധന കേരള ഭരണത്തിനെതിരായ വിധിയെഴുത്ത് എന്നൊക്കെ പറയുന്നതില്‍ അത്ര യുക്തിയുണ്ടെന്നു പറയാനാവില്ല.
ഈ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടന്നു എന്ന തരത്തിലുള്ള പ്രചാരണത്തിലും കഴമ്പുണ്ടെന്ന് തോന്നുന്നില്ല. വര്‍ഗീയ ധ്രുവീകരണം നടന്നിരുന്നുവെങ്കില്‍ മുസ്‌ലിം വോട്ടുകള്‍ മുഴുവനായും ഒരു പക്ഷത്തേക്കും ഹിന്ദു വോട്ടുകള്‍ ഹിന്ദുവര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്ന പക്ഷത്തേക്കും ചായണമല്ലോ? അതുണ്ടയില്ല എന്നതിന്റെ തെളിവല്ലേ ബി ജെ പിക്ക് നേരിട്ട വന്‍ തിരിച്ചടി? മലപ്പുറത്തെ ന്യൂനപക്ഷമായ ഹൈന്ദവര്‍ക്ക് ഈ ജില്ലയില്‍ സൈ്വരമായി ജീവിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന തരത്തിലുണ്ടായിരുന്ന സംഘ്പരിവാര്‍ പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ ഈ മണ്ഡലത്തിലെ ഹിന്ദു വോട്ടര്‍മാര്‍ കാണിച്ച ജാഗ്രതയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും വലിയ സവിശേഷത. അതുപോലെ നോട്ട് നിരോധനം മൂലം വല്ലാതെ ദുരിതമനുഭവിച്ച ഒരു ജനതയാണ് ഈ മണ്ഡലത്തിലുള്ളത്. ബി ജെ പിയെ വല്ലാതെ കൈയൊഴിയാന്‍ ഇതും കാരണമായിട്ടുണ്ടാവും.

മലപ്പുറത്ത് കടന്നുകയറി ലീഗ് കോട്ടകളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ തത്കാലം ഇടതുപക്ഷത്തിനു കഴിയില്ല എന്ന് ഈ ഫലം സൂചന നല്‍കുന്നു. അതേസമയം 80 ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള ഒരു പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഒട്ടു മിക്ക മുസ്‌ലിം സംഘടനകളുടെയൊക്കെ എതിര്‍പ്പുണ്ടായിട്ടും മൂന്നര ലക്ഷത്തില്‍ പരം വോട്ടുനേടാന്‍ ഇടതുപക്ഷത്തിനായത് അത്ര ചെറിയ കാര്യമായി ചുരുക്കിക്കാണാനും കഴിയില്ല. മലപ്പുറത്തെ ഹൈന്ദവ വോട്ടര്‍മാരിലേക്ക് കടന്നുകയറാന്‍ ബി ജെ പിക്കു മുമ്പില്‍ ഒരു കുറുക്കുവഴിയും ഇല്ല എന്നൊരു സന്ദേശവും ഈ ഫലത്തിലുണ്ട്.
അതിനപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തിനും കേരള രാഷ്ട്രീയത്തിനും കാതലായ മാറ്റത്തിന്റെ ഒരു സൂചനയും ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നില്ല എന്നു പറയേണ്ടിവരും.