Connect with us

Articles

ബാബരി: വിധിയും വിപര്യയങ്ങളും

Published

|

Last Updated

ബാബരി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അന്വേഷിച്ച് ജസ്റ്റിസ് എം എസ് ലിബര്‍ഹാന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി യു പി എ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു – “അജ്ഞാതരായ ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലക്‌നൗവിലെ പ്രത്യേക കോടതിയില്‍ വിചാരണ നടക്കുന്നു. എട്ട് പേര്‍ക്കെതിരായ മറ്റൊരു കേസ് റായ് ബറേലിയിലെ പ്രത്യേക കോടതിയുടെ പരിഗണനയിലുണ്ട്. ലക്‌നൗവിലെ പ്രത്യേക കോടതിക്ക് മുമ്പാകെ 47 മറ്റു കേസുകളുമുണ്ട്. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും.” ഈ നടപടി റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചത് 2009ലാണ്. എട്ട് കൊല്ലത്തിന് ശേഷവും വിചാരണ പൂര്‍ത്തിയായിട്ടില്ല. ഇത് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, സാധ്വി ഋതംബര തുടങ്ങിയവര്‍ക്കെതിരായ ഗുഢാലോചനക്കുറ്റം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് കോടതി. മസ്ജിദ് തകര്‍ക്കപ്പെട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അതിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരുന്നതിനോ രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനോ അന്വേഷണ ഏജന്‍സിക്ക് സാധിച്ചില്ല, അതിനൊരു മുന്‍കൈ എടുക്കാന്‍ നീതിന്യായ സംവിധാനത്തിന് സാധിച്ചില്ല എന്ന അതി ദയനീയമായ യാഥാര്‍ഥ്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കപ്പെടുന്നു സുപ്രീം കോടതി വിധിയിലൂടെ.
2014ലെ പൊതു തിരഞ്ഞെടുപ്പോടെ ബി ജെ പി – സംഘ്പരിവാര്‍ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ട അഡ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും കോടതി വിധി വലിയ തിരിച്ചടിയാണ്. മാര്‍ഗ നിര്‍ദേശക് മണ്ഡലിലേക്ക് “ഉയര്‍ത്തി” നീക്കിനിര്‍ത്തപ്പെട്ട ഇവര്‍ ഇടക്കിടെ നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തോട് എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഗൂഢാലോചനക്കേസില്‍ വിചാരണ നേരിടേണ്ടി വരുന്നതോടെ പേരിനെങ്കിലുമുള്ള എതിര്‍പ്പുകള്‍ പോലും ഉന്നയിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഇരുവരും മാറും. സംഘ്പരിവാറിന്റെ അജന്‍ഡക്കനുസരിച്ചാണ് മസ്ജിദ് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഇവര്‍ നല്‍കിയത്. അതുകൊണ്ട് തന്നെ കേസ് നടത്തിപ്പിലും മറ്റും സംഘ്പരിവാരവും ബി ജെ പി നേതൃത്വവും ഇനിയും കൂടെയുണ്ടാകുമെങ്കിലും ഇവരുടെ ഇപ്പോഴും കെടാത്ത അധികാര മോഹങ്ങള്‍ക്ക് പൂര്‍ണ വിരാമമിടാന്‍ മോദി – ഷാ സഖ്യത്തിന് സാധിക്കും.

രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷ അഡ്വാനിക്ക് ഇതോടെ ഇല്ലാതാകുകയാണ്.
രണ്ട് വര്‍ഷം കൊണ്ട് കേസുകളിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്, നീതി നടപ്പാകല്‍ ഇനിയും വൈകരുതെന്ന സദുദ്ദേശ്യത്തിലാണെങ്കിലും ബി ജെ പിക്കും സംഘ്പരിവാരത്തിനും അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയിലൊരു സൗജന്യ അജന്‍ഡ നല്‍കലായി അത് മാറിയെന്നത് കാണാതിരുന്നുകൂടാ. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുടങ്ങാതെ പ്രത്യക്ഷപ്പെടും ഇനി മാധ്യമങ്ങളില്‍. മസ്ജിദ് തകര്‍ക്കപ്പെട്ടതിന് മുതിര്‍ന്ന നേതാക്കള്‍ വിചാരണ നേരിടുന്നതിനെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ തുടര്‍ച്ചയായി ചിത്രീകരിക്കാനും അതുവഴി ഭൂരിപക്ഷ വര്‍ഗീയതയെ കൂടുതല്‍ പോഷിപ്പിക്കാനും സംഘ്പരിവാരത്തിന് അവസരമൊരുങ്ങും. ഇതിനെ പ്രതിരോധിക്കാനും രാജ്യത്തിന്റെ മതനിരപേക്ഷതക്കേറ്റ വലിയ പ്രഹരത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാനുള്ള ശ്രമമാണ് കോടതിയില്‍ നടക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ത്രാണി മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് ഇല്ലെന്നത് സംഘ്പരിവാരത്തിന് അനുകൂലവുമാണ്. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുക എന്നാല്‍ 2019ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാകും കേസില്‍ വിധിവരിക. വിധി അനുകൂലമായാലും പ്രതികൂലമായാലും ബി ജെ പിയുടെ ശബ്ദഘോഷത്തോടെയുള്ള പ്രചാരണത്തിന് വിധേയമാകും. ഭൂരിപക്ഷ വര്‍ഗീയതയെ പോഷിപ്പിക്കാന്‍ പല നിലക്ക് നടക്കുന്ന ശ്രമങ്ങള്‍ക്കിടില്‍ ഈ ശബ്ദഘോഷം കൂടിയാകുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം അധികാര രാഷ്ട്രീയത്തില്‍ മാത്രമാകില്ല, രാജ്യത്തിന്റെ സാമൂഹിക ശരീരത്തില്‍ കൂടിയായിരിക്കും.

വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം ജസ്റ്റില് ലിബര്‍ഹാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ബാബരി മസ്ജിദ് തകര്‍ത്തതില്‍ ബി ജെ പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 68 ആളുകളെയാണ് പേരെടുത്ത് കുറ്റപ്പെടുത്തിയത്. ധര്‍മ സന്‍സദ് നേതാവ് ആചാര്യ ധര്‍മേന്ദ്ര ദേവായിരുന്നു പട്ടികയില്‍ ഒന്നാമന്‍. വിശ്വഹിന്ദു പരിഷത്ത് നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, ഉത്തര്‍പ്രദേശിലെ സുരക്ഷാ വിഭാഗം ഐ ജിയായിരുന്ന എ കെ സരന്‍, വി എച്ച് പി പ്രസിഡന്റ് അശോക് സിംഘാള്‍, ഉത്തര്‍ പ്രദേശ് ടൂറിസം സെക്രട്ടറിയായിരുന്ന അശോക് സിന്‍ഹ എന്നിവരായിരുന്നു രണ്ടു മുതല്‍ ആറു വരെ സ്ഥാനത്ത്. എ ബി വാജ്പയ് ഏഴാമത്തെ പേരുകാരനും. എല്‍ കെ അഡ്വാനി ഇരുപത്തിയേഴാമതും മുരളി മനോഹര്‍ ജോഷി മുപ്പത്തിയഞ്ചാമതുമുണ്ടായിരുന്നു. ശിവസേനാ നേതാവ് ബാല്‍ താക്കറെ, ബി ജെ പി മുന്‍ പ്രസിഡന്റ് കുശഭാവു താക്കറെ, ഗോവിന്ദാചാര്യ, ആര്‍ എസ് എസ് നേതാവ് കെ എസ് സുദര്‍ശന്‍, കല്യാണ്‍ സിംഗ്, പ്രവീണ്‍ തൊഗാഡിയ, പ്രമോദ് മഹാജന്‍ തുടങ്ങിയ പേരുകളും പരാമര്‍ശിച്ചു.
ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ രാജ്യത്തെ വര്‍ഗീയമായ വിഭജനത്തിന്റെ വക്കിലെത്തിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ കപട മിതവാദികള്‍ എന്നാണ് ലിബര്‍ഹാന്‍ വിശേഷിപ്പിച്ചത്. മസ്ജിദ് തകര്‍ക്കാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചുവെന്ന കപട മിതവാദി നേതാക്കളുടെ അവകാശവാദം അപ്രസക്തമാണ്. പരാജപ്പെടുമെന്ന് ഉറപ്പാക്കിയതായിരുന്നു ഇവരുടെ ശ്രമങ്ങള്‍. അത് അത്തരത്തില്‍ രൂപകല്‍പ്പന ചെയ്തതാണെന്നും കമ്മീഷന്‍ വിലയിരുത്തുന്നു. ഇവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കുറ്റവിമുക്തരാക്കാനാവില്ല. ജനാധിപത്യത്തില്‍ ഇതിലും വലിയൊരു വഞ്ചനയോ കുറ്റകൃത്യമോ നടക്കാനില്ലെന്നാണ് കമ്മീഷന്‍ പറഞ്ഞത്.
റിപ്പോര്‍ട്ട് ഇങ്ങനെ തുടരുന്നു – മസ്ജിദ് തകര്‍ക്കപ്പെട്ടത് പൊടുന്നനെ സംഭവിച്ചതല്ല. ആസൂത്രണം കൂടാതെ നടന്നതുമല്ല. ജനങ്ങളുടെ വികാരം അപ്രതീക്ഷിതമായി അണപൊട്ടിയൊഴുകിയതുമല്ല. ഭാവനാ സമ്പന്നരായ ചിലര്‍ പറഞ്ഞതുപോലെവിദേശഗൂഢാലോചനയും ഇതിന്റെ പിന്നിലില്ല. സംഘ്പരിവാര്‍ സുസംഘടിതമായ സംഘടനാ സംവിധാനം ഉണ്ടാക്കിയിട്ടുമുണ്ട്. സംഘ് പരിവാര്‍ പൊതു സ്വാധീനം വര്‍ധിപ്പിക്കുന്നത് നിയമവിരുദ്ധമോ തടയപ്പെടേണ്ടതോ ആയി കരുതാനാവില്ല. പക്ഷേ, ഈ സ്വാധീനം രാമക്ഷേത്ര പ്രചാരണത്തിന് ഉപയോഗിച്ചത് ഇന്ത്യന്‍ നിയമങ്ങളുടെയും മൂല്യങ്ങളുടെയും സത്തക്ക് തീര്‍ത്തും എതിരാണ്. അതുകൊണ്ടുതന്നെ ആര്‍ എസ് എസ്, വി എച്ച് പി, ബി ജെ പി, ശിവസേന, ബജ്‌റംഗ്ദള്‍ എന്നിവയുടെ ഉള്‍കാമ്പിനാണ് മസ്ജിദ് തകര്‍ത്തതിന്റെ പ്രാഥമിക ഉത്തരവാദിത്തം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്ന പ്രചാരണത്തിന് പൊതു ജനങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ സ്വമേധയായുള്ള പിന്തുണ ലഭിച്ചിരുന്നില്ല. ക്ഷേത്രം നിര്‍മിക്കുക എന്നത് ജനകീയ പ്രസ്ഥാനമൊന്നുമായിരുന്നില്ല. രാമക്ഷേത്രത്തിനു വേണ്ടിയുള്ള പ്രചാരണം സ്ഥിരബുദ്ധിയുള്ളവരെ നിശ്ശബ്ദരാക്കുന്നതിലാണ് അവസാനിച്ചത്. ഇത്തരക്കാര്‍ ക്ഷേത്ര നിര്‍മാണമെന്ന ആവശ്യത്തിനൊപ്പമുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്തു.
വൈകാരികമായി ഉത്തേജിതനായ സാധാരണക്കാരനെ രാമക്ഷേത്ര പ്രചാരണത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും രഥയാത്രകള്‍ സംഘടിപ്പിച്ചത്. പള്ളിപൊളിക്കലിലേക്ക് നയിച്ച സംഭവങ്ങളെല്ലാം ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്തതായിരുന്നു. കര്‍സേവക്ക് തൊട്ടുമുമ്പ് ഫൈസാബാദിലേക്കും അയോധ്യയിലേക്കും ധാരാളം പണം കല്യാണ്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇവിടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്തു. കര്‍സേവകരുടെ സംഘാടനം, സൈന്യത്തിന്റേതുപോലെ കൃത്യതയോടെ കാര്യങ്ങള്‍ ഒരുക്കിയത് എല്ലാം പ്രതീകാത്മക കര്‍സേവ മാത്രമായിരുന്നില്ല ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്നു.
മസ്ജിദിനു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ രീതിയും ഇതിന് തെളിവാണ്. അവിടെ എത്തിയവര്‍ക്ക് ഉപകരണങ്ങളും സാമഗ്രികളും എളുപ്പത്തില്‍ ലഭ്യമായിരുന്നു. മസ്ജിദ് തകര്‍ത്തത് ഒരു ചെറു സംഘം കര്‍സേവകരാണ്. അവരുടെ മുഖം മൂടിയിരുന്നു. മസ്ജിദിനുള്ളിലുണ്ടായിരുന്ന വിഗ്രഹങ്ങളും ഭണ്ഡാരങ്ങളും ശ്രദ്ധാപൂര്‍വം മാറ്റുകയും ചെയ്തിരുന്നു. പള്ളി പൊളിച്ച സ്ഥലത്ത് താത്കാലിക ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. ഇതെല്ലാം സമഗ്രമായ ആസൂത്രണത്തിനും ദീര്‍ഘകാലത്തെ തയ്യാറെടുപ്പിനും തെളിവാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പണവും അധികാരവും ലക്ഷ്യമായതുകൊണ്ടാണ് രാമക്ഷേത്രത്തിനു വേണ്ടിയുള്ള പ്രചാരണത്തിന്റെ നേതൃത്വമേറ്റെടുക്കാന്‍ ബി ജെ പി, ആര്‍ എസ് എസ്, ബജ്‌റംഗ്ദള്‍, മറ്റ് സംഘ്പരിവാര്‍ സംഘടനകള്‍ എന്നിവയില്‍ നിന്ന് നിരവധിപേരുണ്ടായത്. വ്യക്തിപരമായ വിജയത്തിലേക്കുള്ള പാത എന്ന നിലക്കാണ് ഈ നേതാക്കള്‍ അയോധ്യയെ കണ്ടത്. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കോടിക്കണക്കിന് രൂപയാണ് ജനങ്ങളില്‍ നിന്ന് സമാഹരിച്ചത്. ഇത് നേതാക്കളുടെ ബേങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു. കര്‍സേവകര്‍ക്ക് വേണ്ട ഉപകരണങ്ങളും മറ്റും ലഭ്യമാക്കാനാണ് ഈ പണം ഉപയോഗിച്ചത്.

ഇത്ര ദീര്‍ഘമായി ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഉദ്ധരിച്ചത്, 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ നടന്നതിന് പിറകിലെ സമഗ്ര ആസൂത്രണം എത്രത്തോളം വിശദമായി അതില്‍ പരാമര്‍ശിച്ചുവെന്ന് വ്യക്തമാക്കാനാണ്. ആസൂത്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകളും നേതാക്കളും ആരൊക്കെ എന്ന് അക്കമിട്ട് ചൂണ്ടിക്കാട്ടുകയും ചെയ്തു കമ്മീഷന്‍. ചില നിയമങ്ങള്‍ ഭേദഗതി ചെയ്തു, നിലവിലുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കുമെന്ന് വാഗ്ദാനം ചെയ്തു തുടങ്ങിയവയാണ് ഇതിന്‍മേല്‍ സ്വീകരിച്ച നടപടികളായി ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ അറിയിച്ചത്. രാജ്യത്തെ വര്‍ഗീയ വിഭജനത്തിന്റെ വക്കിലെത്തിച്ച നേതാക്കള്‍, സംഘടനകള്‍ അവര്‍ക്കെതിരെ, ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനായി സമാഹരിച്ച പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കപ്പെട്ടില്ല, മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരാരൊക്കെ എന്ന് കണ്ടെത്താനോ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാനോ യാതൊരു ശ്രമവുമുണ്ടായില്ല.
ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് അന്ന് പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവു എന്ന കോണ്‍ഗ്രസ് നേതാവിന്റെ അലംഭാവം എത്രത്തോളം സംഭാവനയുണ്ടായോ അത്രയും വലിയ സംഭാവന തുടര്‍ന്നുള്ള നടപടികളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടായി. ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കുമ്പോള്‍, വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ നീതിയുടെ വഴിയില്‍ ചരിക്കുകയാണ് കോടതി. അത് രാഷ്ട്രീയത്തിലുണ്ടാക്കാന്‍ ഇടയുള്ള ആഘാതത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യത കോടതിക്കില്ല. അതുണ്ടാകേണ്ട രാഷ്ട്രീയ നേതൃത്വം കടമ നിറവേറ്റാതിരുന്നത്, വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഒരു ആയുധം കൂടി സംഘ്പരിവാരത്തിന് നല്‍കുകയാണെങ്കില്‍, വൈകി നടപ്പാക്കാന്‍ പോകുന്ന നീതി അത് രാജ്യത്തോടും സമൂഹത്തോടുമുള്ള അനീതിയായി മാറും. സ്ഥിരബുദ്ധിയുള്ളവരെ കൂടുതല്‍ നിശ്ശബ്ദരാക്കുന്ന അനീതി.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest